ചരിത്രത്തിലേക്കൊരു സ്മാഷ്
text_fieldsബംഗളൂരു: ലോകത്തെ മുൻനിര ക്ലബുകൾ മാറ്റുരക്കുന്ന വോളിബാൾ ക്ലബ് ലോക ചാമ്പ്യൻഷിപ് ചരിത്രത്തിലാദ്യമായി ഇന്ത്യയിലേക്ക് വിരുന്നെത്തുന്നു. ഈ വർഷവും അടുത്ത വർഷവുമായി പുരുഷ വോളി ക്ലബ് ലോക ചാമ്പ്യൻഷിപ്പിന് ഇന്ത്യ ആതിഥ്യമരുളും. 1989 മുതലുള്ള ക്ലബ് ലോക ചാമ്പ്യൻഷിപ് ചരിത്രത്തിൽ മുമ്പ് ഏഷ്യയിൽ ഖത്തറിൽ മാത്രമാണ് മത്സരങ്ങൾ അരങ്ങേറിയത്. 2009 മുതൽ 2012 വരെ തുടർച്ചയായി നാലു തവണയാണ് ഖത്തറിൽ നടന്നത്.
ഇറ്റലി, ബ്രസീൽ, പോളണ്ട് എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങളിലായായിരുന്നു മറ്റു വർഷങ്ങളിൽ ചാമ്പ്യൻഷിപ് നടന്നത്. ഐ.പി.എൽ, ഐ.എസ്.എൽ, പ്രോ കബഡി ലീഗ് മാതൃകയിൽ കഴിഞ്ഞ വർഷം ആരംഭിച്ച പ്രൈം വോളി ലീഗിനെ ആരാധകർ നെഞ്ചേറ്റിയതാണ് ഇത്തവണ വോളി ക്ലബ് ലോക ചാമ്പ്യൻഷിപ്പിന് ഇന്ത്യക്ക് നറുക്കു വീഴാൻ വഴിയൊരുക്കിയത്. പ്രൈം വോളി ലീഗിന്റെ ഒന്നാം സീസണ് ഇന്ത്യയില്‍ മാത്രം 133 ദശലക്ഷം പേര് ടി.വിയില്‍ കണ്ടതായാണ് കണക്ക്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ 84 ദശലക്ഷത്തിലധികം ആരാധകരിലേക്കുമെത്തി.
പ്രൈം വോളിബാള്‍ ലീഗുമായുള്ള പങ്കാളിത്തത്തോടെ രണ്ടു വര്‍ഷത്തേക്കുള്ള ആതിഥേയരായാണ് അന്താരാഷ്ട്ര വോളിബാൾ ഫെഡറേഷനും (എഫ്.ഐ.വി.ബി) വോളിബാള്‍ വേള്‍ഡും ഇന്ത്യയെ തിരഞ്ഞെടുത്തത്. ആതിഥേയ രാജ്യമെന്ന പരിഗണനയിൽ 2023, 2024 വര്‍ഷങ്ങളിലെ പ്രൈം വോളി ലീഗിലെ ജേതാക്കള്‍ ലോക ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. ലോകത്തെ മുൻനിര വോളി ക്ലബുകളുമായുള്ള പോരാട്ടത്തിന് പ്രൈം വോളി ലീഗ് ജേതാക്കൾക്ക് ഇതോടെ അവസരമൊരുങ്ങും. പിന്നീടുള്ള വർഷങ്ങളിൽ പ്രൈം വോളി ലീഗ് ജേതാക്കൾക്ക് യോഗ്യത റൗണ്ടിൽ മത്സരിച്ച് ചാമ്പ്യൻഷിപ്പിലെത്താം. റുപേ പ്രൈം വോളിബാള്‍ ലീഗിന്റെ സ്ഥാപക പങ്കാളികള്‍ കൂടിയായ ബേസ്ലൈന് വെഞ്ച്വേഴ്സാണ് വോളി ലോക ക്ലബ് ചാമ്പ്യന്‍ഷിപ് ഇന്ത്യയിലെത്തിക്കുന്നത്. ഈ വർഷത്തെ ചാമ്പ്യൻഷിപ് ഡിസംബര്‍ ആറു മുതൽ 10 വരെ നടക്കും. ആതിഥേയ നഗരത്തെ പിന്നീട് പ്രഖ്യാപിക്കും.
വോളിബാള്‍ ലോക ചാമ്പ്യന്‍ പട്ടത്തിന് പുറമെ 3,50,000 ഡോളര്‍ (ഏകദേശം 2.86 കോടി രൂപ) സമ്മാനത്തുകയും ജേതാക്കള്‍ക്ക് ലഭിക്കും. ക്ലബ് ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യത ടീമുകളെയും അവസാന മത്സരക്രമവും ഈ വര്‍ഷം അവസാനം പ്രഖ്യാപിക്കും. മത്സരങ്ങള്‍ വോളിബാള്‍ വേള്‍ഡ് ടി.വിയിലൂടെ കാണാനാകുമെന്ന് ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.
പുരുഷന്മാരുടെ ഏറ്റവും മികച്ച വോളിബാള്‍ ചാമ്പ്യന്‍ഷിപ് ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ അന്താരാഷ്ട്ര വോളിബാൾ ഫെഡറേഷൻ ഏറെ സന്തോഷത്തിലാണെന്ന് പ്രസിഡന്റ് ഡോ. ആരി ഡ സിൽവ ഗ്രാസ ഫിലോ പറഞ്ഞു. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് വോളിബാളിന്റെ ചടുലവും സുന്ദരവുമായ ആവേശ മുഹൂർത്തങ്ങൾ സമ്മാനിക്കാൻ ചാമ്പ്യൻഷിപ്പിനു കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത് ഇന്ത്യന്‍ കായികരംഗത്തെ ചരിത്ര നിമിഷമാണെന്ന് ബേസ്ലൈന് വെഞ്ച്വേഴ്സ് എം.ഡിയും സഹസ്ഥാപകനും പ്രൈം വോളിബാള്‍ ലീഗിന്റെ സഹ പ്രമോട്ടറുമായ തുഹിന്‍ മിശ്ര പറഞ്ഞു. 2028 ഒളിമ്പിക്സിന് യോഗ്യത നേടുന്നതിന് ഇന്ത്യന്‍ വോളിബാള്‍ ടീമിന്റെ പ്രയാണത്തിന് പ്രൈം വോളി ലീഗും ലോക ക്ലബ് ചാമ്പ്യന്‍ഷിപ്പും കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.