ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് മെഡൽ മഴയുടെ ഞായറാഴ്ച; നേടിയത് 14 മെഡലുകൾ
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ മെഡൽ മഴ പെയ്യിച്ച് ഇന്ത്യയുടെ അഭിമാനതാരങ്ങൾ. മൂന്ന് സ്വർണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 14 മെഡലുകൾ ഇന്നലെ വാരിയ ഇന്ത്യയുടെ മെഡൽനേട്ടം ‘അർധശതകം’ പിന്നിട്ടു. വർഷങ്ങൾക്ക് ശേഷമാണ് ഒറ്റ ദിവസം പത്തിലധികം മെഡലുകൾ നേടുന്നത്. എട്ടാം ദിനം അവസാനിക്കുമ്പോൾ 13 സ്വർണവും 20 വെള്ളിയും 19 വെങ്കലവുമടക്കം 52 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.
പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്ൾചേസിൽ അവിനാഷ് സാബ്ലെയും ഷോട്ട്പുട്ടിൽ തജിന്ദർ പാൽ സിങ് ടൂറും സ്വർണം നേടി ചരിത്രമെഴുതി. ഞായറാഴ്ച രാവിലെ പുരുഷന്മാരുടെ ട്രാപ് ഷൂട്ടിങ്ങിൽ ക്യാനൻ ചെനയ്, സൊരാവർ സിങ്, പൃഥ്വിരാജ് തൊണ്ടെയ്മാൻ ത്രയം സ്വന്തമാക്കിയ സ്വർണത്തോടെയാണ് ഇന്ത്യ കുതിപ്പ് തുടങ്ങിയത്. പുരുഷന്മാരുടെ ലോങ്ജംപിൽ എം. ശ്രീശങ്കർ വെള്ളിയും 1500മീറ്ററിൽ ജിൻസൺ ജോൺസൺ വെങ്കലവുമണിഞ്ഞ് മലയാളക്കരക്കും അഭിമാനമായി. ബാഡ്മിന്റൺ പുരുഷന്മാരുടെ ടീമിനത്തിൽ ഫൈനലിൽ ചൈനയോട് തോറ്റ ഇന്ത്യക്ക് വെള്ളി ലഭിച്ചു. എച്ച്.എസ് പ്രണോയ്, എം.ആർ അർജുൻ എന്നിവരടങ്ങിയതാണ് ബാഡ്മിന്റൺ ടീം. ഇരുവരും ഫൈനലിൽ കളിച്ചിരുന്നില്ല.
എട്ട് മിനിറ്റ് 19.50 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അവിനാഷ് സാബ്ലെ പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്ൾചേസിൽ ചരിത്രത്തിലാദ്യമായി ഒന്നാമനായത്. ഇറാന്റെ ഹുസെൻ കെയ്ഹാനിയുടെ പേരിലുള്ള എട്ട് മിനിറ്റ് 19.50 സെക്കൻഡ് എന്ന ഗെയിംസ് റെക്കോഡാണ് ഈ മഹാരാഷ്ട്രക്കാരന്റെ മികവിൽ ഇല്ലാതായത്. ഷോട്ട്പുട്ടിൽ നിലവിലെ ജേതാവായ തജീന്ദർ പാൽ 20.36 മീറ്ററിലേക്ക് ഷോട്ട് പായിച്ചാണ് അത്‍ലറ്റിക്സിൽ പ്രതീക്ഷിത സ്വർണം സ്വന്തം പേരിലാക്കിയത്.
പാലക്കാട്ടുകാരനായ ശ്രീശങ്കറിന് മൂന്ന് സെന്റിമീറ്റർ വ്യത്യാസത്തിലാണ് സ്വർണം ലോങ്ജംപിൽ സ്വർണം നഷ്ടമായത്. 8.19 മീറ്ററാണ് ശ്രീ താണ്ടിയത്. സ്വർണം നേടിയ ചൈനയുടെ വാങ് ജിയാനനൻ 8.22 മീറ്റർ ചാടി. ഈ സീസണിൽ 8.41 മീറ്ററായിരുന്നു ശ്രീശങ്കറിന്റെ മികച്ച ദൂരം. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണം നേടിയ കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിൻസൺ ജോൺസൺ മൂന്ന് മിനിറ്റ് 39.74 സെക്കൻഡിലാണ് വെങ്കലത്തിലേക്ക് ഫിനിഷ് ചെയ്തത്. സഹതാരം അജയ് കുമാർ സരോജ് മൂന്ന് മിനിറ്റ് 38.94 സെക്കൻഡിൽ ഓടിയെത്തി ഈയിനത്തിൽ വെള്ളിക്ക് അർഹനായി.
വനിതകളുടെ 1500 മീറ്ററിൽ ഹർമിലൻ ബെയ്ൻസിനും വെള്ളിമെഡൽ നേടാനായി. ഹെപ്റ്റാത്തലണിൽ നന്ദിനി അഗാസാരയും വനിത ഡിസ്കസ് ത്രോയിൽ വെറ്ററൻ താരം സീമ പുനിയയും വെങ്കലത്തിലെത്തി. 100 മീറ്റർ ഹർഡ്ൽസിൽ ജ്യോതി യാരാജിയുടെ വെള്ളിമെഡലോടെയാണ് എട്ടാം ദിനം ഇന്ത്യൻ പോരാട്ടം അവസാനിച്ചത്. ചൈനീസ് താരം ഫൗൾ സ്റ്റാർട്ടായതിനാൽ അയോഗ്യത നേരിട്ടതിനാലാണ് ജ്യോതിക്ക് രണ്ടാം സ്ഥാനത്തേക്ക് ഉയരാനായത്. പുരുഷന്മാരുടെ ട്രാപ് ഷൂട്ടിങ്ങിൽ 361 പോയന്റോടെയാണ് ഇന്ത്യ സ്വർണം വെടിവെച്ചിട്ടത്. വനിതകളുടെ ഇതേയിനത്തിൽ വെള്ളിയുമുണ്ട്. വ്യക്തിഗത ട്രാപിൽ ക്യാനൻ ചെനയ് വെങ്കലവും നേടി. ഷൂട്ടിങ് മത്സരങ്ങൾ അവസാനിച്ചപ്പോൾ 22 മെഡലുകളുമായി ഇന്ത്യ ചരിത്രമെഴുതി.
വനിതകളുടെ ഗോൾഫിൽ അദിതി അശോകും വെള്ളി നേടി. വനിത ബോക്സിങ്ങിൽ സെമിയിൽ തോറ്റ നിഖാത് സരീൻ വെങ്കലവുമായി മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.