കൊയ്ത്തിനൊരുങ്ങി ബോക്സർമാർ, ഇതുവരെ ഉറപ്പായത് 6 മെഡൽ
text_fieldsപുരുഷന്മാരുടെ ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ അമിത് പൻഗാലും 92 കിലോഗ്രാം സൂപ്പർ ഹെവിവെയ്റ്റിൽ സാഗർ അഹ്‍ലാവത്തും വനിത ലൈറ്റ് വെയ്റ്റിൽ ജാസ്മിൻ ലംബോറിയയും സെമി ഫൈനലിൽ പ്രവേശിച്ചതോടെ ബോക്സിങ്ങിൽ ഇന്ത്യ ആറ് മെഡലുകൾ ഉറപ്പിച്ചു. സ്കോട്ട്ലൻഡിന്റെ ലെനൻ മുള്ളിഗനെയാണ് ക്വാർട്ടർ ഫൈനലിൽ തോൽപിച്ചത്.
കഴിഞ്ഞ ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്നു അമിത്. ന്യൂസിലൻഡിന്റെ ട്രോയ് ഗാർട്ടനെ ജാസ്മിനും വീഴ്ത്തി. സെയ്ഷെലസിന്റെ കെഡ്ഡി ഇവാൻസിനെതിരെയായിരുന്നു സാഗറിന്റെ ജയം. പുരുഷ 75 കിലോഗ്രാമിൽ മുഹമ്മദ് ഹുസാമുദ്ദീനും വനിതകളിൽ ലോക ചാമ്പ്യൻ നിഖാത് സരീനും (50 കി.), നീതു ഗാൻഘസും (48) നേരേത്ത സെമി ഫൈനലിലെത്തിയിരുന്നു.
ബോക്സിങ്ങിൽ ഇതുവരെ ഉറപ്പായത് 6 മെഡൽ
ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കൊയ്ത്ത് ഉറപ്പാക്കി ബോക്സർമാരും. ആറുപേരാണ് ബോക്സിങ് റിങ്ങിൽ സെമി ഫൈനൽ പോരാട്ടങ്ങൾക്കൊരുങ്ങുന്നത്.
തോറ്റാലും ഇവർക്ക് വെങ്കല മെഡൽ ലഭിക്കും. വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി വൈകി വനിതാ ജൂഡോ 78 കിലോയിൽ തൂലിക മൻ വെള്ളിയും പുരുഷ ഭാരോദ്വഹനം 109 കിലോക്കുമുകളിൽ ഗുർദീപ് സിങ്ങും സ്ക്വാഷിൽ സൗരവ് ഘോഷാലും വെങ്കലവും നേടിയിരുന്നു. അത്‍ലറ്റിക്സിലെ ആദ്യ മെഡലായി തേജശ്വിൻ ശങ്കറിന് വെങ്കലവും ആറാം നാൾ ലഭിച്ചു.
ഏഴാംദിന മത്സരങ്ങൾ പുരോഗമിക്കവെ അഞ്ച് സ്വർണവും ആറ് വെള്ളിയും ഏഴ് വെങ്കലവമാണ് ഇന്ത്യൻ നേട്ടം.
സിന്ധു, ശ്രീകാന്ത് മുന്നോട്ട്
ഇന്ത്യയുടെ പി.വി. സിന്ധു വനിതകളുടെയും കിഡംബി ശ്രീകാന്ത് പുരുഷന്മാരുടെയും സിംഗ്ൾസ് മത്സരങ്ങൾ ജയിച്ച് പ്രീ ക്വാർട്ടർ ഫൈനലിൽ കടന്നു. മാലദ്വീപിന്റെ ഫാത്തിമത്ത് നബാഹയെ 21-4, 21-11ന് സിന്ധുവും യുഗാണ്ടയുടെ ഡാനിയൽ വനാഗാലിയയെ 21-9, 21-9 ന് ശ്രീകാന്തും ഒന്നാം റൗണ്ടിൽ തോൽപിച്ചു.
എൽദോസ്, അബ്ദുല്ല, ആൻസി പ്രതീക്ഷയോടെ വീണ്ടും മലയാളം
പുരുഷ ട്രിപ്ൾ ജമ്പിലും വനിത ലോങ് ജമ്പിലും വെള്ളിയാഴ്ച യോഗ്യത മത്സരങ്ങൾ നടക്കും. മലയാളികളായ എൽദോസ് പോളും അബ്ദുല്ല അബൂബക്കറും ട്രിപ്ൾ ജമ്പിലും ആൻസി സോജൻ ലോങ് ജമ്പിലും ഫൈനലിൽ ഇടംതേടിയിറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.