ട്രിപ്പിൾ ജമ്പിൽ എൽദോസ് പോളിന് സ്വർണം; അബ്ദുല്ലക്ക് വെള്ളി; ചരിത്രനേട്ടവുമായി മലയാളി താരങ്ങൾ
text_fieldsബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരങ്ങൾ. ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും നേടിയാണ് മലയാളി താരങ്ങൾ ചരിത്രം കുറിച്ചത്. എൽദോസ് പോൾ സ്വർണം സ്വന്തമാക്കി. ഗെയിംസിൽ ഇന്ത്യയുടെ 16ാം സ്വർണമാണിത്.മലയാളി താരമായ അബ്ദുല്ല അബൂബക്കറിനാണ് വെള്ളി.
ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ട്രിപ്പിൾ ജമ്പിൽ മലയാളി താരം സ്വർണം നേടുന്നത്. 17. 03 മീറ്റർ ദൂരം താണ്ടിയാണ് എൽദോസ് സ്വർണക്കുതിപ്പ് നടത്തിയത്. അബ്ദുല്ല 17.02 മീറ്റർ ചാടി വെള്ളി സ്വന്തമാക്കി. പ്രവീൺ ചിത്രവേൽ നാലാംസ്ഥാനത്തെത്തി.
മൂന്നാം ചാട്ടത്തിലാണ് എൽദോസ് ലീഡ് നേടിയത്. ആറാമത്തെ ശ്രമത്തിലാണ് എൽദോസിന് 17 മീറ്റർ താണ്ടാനായത്. മത്സരത്തിലുടനീളം സ്ഥിരതയാർന്ന പ്രകടനമാണ് അബ്ദുല്ല കാഴ്ച വെച്ചത്. അഞ്ചാമത്തെ ശ്രമത്തിലാണ് അബ്ദുല്ല മെഡൽ പൊസിഷ്യനിലെത്തിയത്.വിജയികളെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിനന്ദിച്ചു. ഇന്ത്യക്ക് എക്കാലവും അഭിമാനിക്കാവുന്ന നേട്ടമാണിതെന്നാണ് അവർ പറഞ്ഞത്.
ഇതോടെ ഗെയിംസിൽ ഇന്ത്യ 16 സ്വർണം നേടി. ഇന്ന് വനിത-പുരുഷ ബോക്സിങ്ങിൽ ഇന്ത്യ രണ്ട് സ്വർണം നേടിയിരുന്നു. പുരുഷൻമാരുടെ ബോക്സിങ്ങിൽ ഇന്ത്യയുടെ അമിത് പംഗൽ ആണ് സ്വർണം നേടിയത്. 51 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ കിയാരൻ മക്ഡൊണാൾഡിനെയാണ് 5-0ത്തിന് അമിത് വീഴ്ത്തിയത്.
വനിതകളുടെ 48 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 5-0 ത്തിനാണ് നീതു തോൽപിച്ചത്. വനിത ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. വെങ്കലത്തിനായുള്ള പോരാട്ടത്തിൽ ന്യൂസിലാൻഡിനെയാണ് ഇന്ത്യ തോൽപിച്ചത്. ഷൂട്ടൂട്ടിലായിരുന്നു ഇന്ത്യൻ വനിതകൾ വിജയം നേടിയത്.
ബാഡ്മിന്റൺ വനിത സിംഗിൾസിൽ പി.വി സിന്ധു മെഡലുറപ്പിച്ചു. സെമിയിൽ സിംഗപ്പൂരിന്റെ ജിയ മിന്നിനെ തോൽപിച്ചാണ് സിന്ധു ഫൈനലിലെത്തിയത്. സ്കോർ: 21-19, 21-17.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.