ചെസിൽ ഇന്ത്യയുടെ ഭാവി ശോഭനം -ആനന്ദ്
text_fieldsകൊച്ചി: ചെസിൽ ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന് ചെസ് ഇതിഹാസവും മുൻ ലോകചാമ്പ്യനുമായ വിശ്വനാഥൻ ആനന്ദ്. ചെന്നൈയിൽ ജൂലൈ 28 മുതൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിന്‍റെ പ്രചാരണാർഥം കൊച്ചിയിൽ സംഘടിപ്പിച്ച പ്രദർശന മത്സരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മികച്ച ടീമാണ് ഇന്ത്യക്കുള്ളത്. സന്തുലിത ടീമാണെങ്കിലും ഒളിമ്പ്യാഡിൽ മുൻതൂക്കമുണ്ടെന്ന് പറയാനാകില്ല. ഏറ്റുമുട്ടുന്ന നിരവധിപേർ മിടുക്കരാണെന്നതാണ് കാരണം.
30 വർഷത്തിനുശേഷമാണ് ചെസ് ഒളിമ്പ്യാഡിന് ഏഷ്യ വേദിയാകുന്നത്. 186 രാജ്യങ്ങൾ ഏറ്റുമുട്ടുമ്പോൾ ഇന്ത്യയുടേത് മികച്ച താരങ്ങളാണെന്നത് പ്രതീക്ഷ നൽകുന്നു. നമുക്ക് ഒരുപിടി മികച്ച താരങ്ങളുണ്ട്. കേരളം ചെസിൽ പ്രതീക്ഷക്കൊത്ത് ഉയരേണ്ടതുണ്ട്. ചെസിന് തമിഴ്നാട് കൂടുതൽ പ്രാധാന്യം നൽകുന്നതുപോലെ കേരളവും മാറണം.
പ്രതീക്ഷയുള്ള താരമായ നിഹാൽ സരിൻ രാജ്യത്തിന്‍റെ അഭിമാനമായി ഉയർന്നുവരുകയാണ്. രാജ്യത്തുടനീളം ചെസ് സ്കൂൾ തുടങ്ങാനുള്ള ചെസ് അസോസിയേഷൻ പദ്ധതി മികച്ച തീരുമാനമാണ്. ഒളിമ്പ്യാഡിനുശേഷം രാജ്യവ്യാപകമായി ചെസ് സ്കൂൾ ആരംഭിക്കും.
ഗുജറാത്തിലും തമിഴ്നാട്ടിലും ചെസ് സ്കൂളുകളും അക്കാദമികളുമുണ്ട്. ചെസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. യുവതലമുറക്ക് കമ്പ്യൂട്ടർ വലിയ ഗുണമാണ്. ഓരോ ചുവടുവെപ്പിനും അവർക്ക് കരുതലോടെ സമീപിക്കാനാകും. കമ്പ്യൂട്ടർ വ്യാപകമല്ലാത്ത സമയത്താണ് താൻ മത്സരരംഗത്തേക്ക് വരുന്നത്. പിന്നീട് ചെസിൽ കമ്പ്യൂട്ടർ യുഗമുണ്ടായി. രണ്ട് രീതികളും അനുഭവിച്ചറിഞ്ഞു. ഏറെക്കാലത്തിനുശേഷം കേരളത്തിലെത്തിയപ്പോൾ വലിയ സന്തോഷമുണ്ട്. പാലക്കാടാണ് അമ്മവീട്. അച്ഛൻ ദക്ഷിണ റെയിൽവേയിലായിരുന്നു. കേരളത്തെ ചെറുപ്പം മുതൽ അടുത്തറിയാമെന്നും ആനന്ദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.