ഒറ്റച്ചാട്ടത്തിൽ കേരളം; ഇന്ത്യ, ഏഷ്യ, ലോകം
text_fieldsഭുവനേശ്വർ: ദേശീയ ഇന്റർ സ്റ്റേറ്റ് അത്ലറ്റിക് മീറ്റിന്റെ നാലാം നാൾ കേരളത്തിനും ഇന്ത്യക്കാകെയും സന്തോഷമേകി എം. ശ്രീശങ്കർ. ലോങ് ജംപ് യോഗ്യത റൗണ്ടിൽ 8.41 മീറ്റർ ചാടിയ പാലക്കാട്ടുകാരൻ മീറ്റ് റെക്കോഡും ഏഷ്യൻ ഗെയിംസ് മാർക്കും മറികടന്ന് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് ടിക്കറ്റെടുത്തു. ശ്രീയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. 7.95 മീറ്ററാണ് ഏഷ്യൻ ഗെയിംസ് യോഗ്യത മാർക്ക്, ലോക ചാമ്പ്യൻഷിപ്പിലേത് 8.25ഉം. കഴിഞ്ഞ വർഷം ശ്രീശങ്കർ സ്വന്തം പേരിൽ കുറിച്ച മീറ്റ് റെക്കോഡായ 8.23 മീറ്ററും ഇതോടെ തിരുത്തി. ജെസ്വിൻ ആൽഡ്രിനാണ് നിലവിൽ ദേശീയ റെക്കോഡുകാരൻ, 8.42 മീറ്റർ. അതിന് തൊട്ടടുത്തെത്താനും ശ്രീശങ്കറിനായി. തമിഴ്നാട്ടുകാരനായ ജെസ്വിൻ 7.83ഉം കേരള താരങ്ങളായ വൈ. മുഹമ്മദ് അനീസ് 7.71ഉം നിർമൽ സാബു 7.40ഉം ചാടി ഫൈനലിലേക്ക് കടന്നു. ഇന്റർ സ്റ്റേറ്റ് മീറ്റിന്റെ സമാപന നാളായ തിങ്കളാഴ്ച മെഡൽ പോരാട്ടം നടക്കും.
വനിത ലോങ്ജംപ് യോഗ്യത റൗണ്ടിൽ കേരളത്തിന്റെ ആൻസി സോജൻ 6.49 മീറ്റർ കുറിച്ച് ഏഷ്യൻ ഗെയിംസിന് യോഗ്യത നേടി. 6.45 ആയിരുന്നു യോഗ്യത മാർക്ക്. അന്തർദേശീയ താരങ്ങളായ മലയാളി നയന ജെയിംസ് (6.31), ഉത്തർപ്രദേശ് സ്വദേശിനി (6.27) തുടങ്ങിയവരും ഫൈനലിലുണ്ട്. പുരുഷന്മാരുടെ 1500 മീറ്റർ യോഗ്യത റൗണ്ടിലൂടെ അജയ്കുമാർ സരോജ്, യൂനുസ് ഷാ, സചിലാൽ പട്ടേൽ എന്നിവരും ഏഷ്യാഡ് ടിക്കറ്റ് കൈക്കലാക്കി. കേരളത്തിന്റെ ഒളിമ്പ്യനും ദേശീയ റെക്കോഡ് ജേതാവുമായ ജിൻസൺ ജോൺസണും മെഡൽ പോരാട്ടത്തിലേക്ക് മുന്നേറി.
400 മീറ്റർ ഹർഡ്ൽസ് പുരുഷന്മാരിൽ എം.പി. ജാബിർ, വനിതകളിൽ ആർ. അനു, റജി ഓസ്റ്റിൻ, 200 മീറ്ററിൽ പി.ഡി. അഞ്ജലി തുടങ്ങിയവരും ഫൈനലിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.