അന്തർ സർവകലാശാല അത്ലറ്റിക്സിന് ഇന്ന് തുടക്കം
text_fieldsമൂഢബിദ്രി: അഖിലേന്ത്യ അന്തർ സര്‍വകലാശാല പുരുഷ വിഭാഗം അത്ലറ്റിക് മീറ്റിന് ചൊവ്വാഴ്ച മൂഢബിദ്രി സ്വരാജ് മൈതാനത്ത് തുടക്കം. കോവിഡ് മഹാമാരി അപഹരിച്ച ഒരുവർഷത്തെ ഇടവേളക്കുശേഷമാണ് അന്തർ സർവകലാശാല മീറ്റിനായി ട്രാകും ഫീൽഡും വീണ്ടുമുണരുന്നത്. ഒമിക്രോൺ ഭീതി കണക്കിലെടുത്ത് ഇത്തവണ പുരുഷ, വനിത മത്സരങ്ങൾ വെവ്വേറെയാണ് നടത്തുന്നത്. പുരുഷ വിഭാഗം മത്സരങ്ങൾക്ക് മാത്രമാണ് മൂഢബിദ്രി വേദിയാവുന്നത്. വനിത വിഭാഗം ചാമ്പ്യൻഷിപ്പ് ജനുവരി 12 മുതൽ 15 വരെ ഭുവനേശ്വറിൽ നടക്കും.
ആദ്യദിവസമായ ചൊവ്വാഴ്ച രാവിലെ 10,000 മീറ്റര്‍ ഫൈനലോടെയാണ് ട്രാക്കുണരുക. ഇന്ത്യയിലെ 400 സര്‍വകലാശാലകളില്‍നിന്നുള്ള 2000 കായികതാരങ്ങള്‍ മാറ്റുരക്കും. 23 ഇനങ്ങളിലാണ് മത്സരം.
കേരളത്തിൽനിന്നുള്ള താരങ്ങൾ തിങ്കളാഴ്ച രാവിലെതന്നെ മേള നഗരിയിലെത്തി. കേരളത്തില്‍നിന്ന് കാലിക്കറ്റ് സർവകലാശാലയാണ് കൂടുതല്‍ കായികതാരങ്ങളെ പങ്കെടുപ്പിക്കുന്നത്, 36 പേര്. എം.ജി 31, കണ്ണൂര്‍ 15, കേരള 11 എന്നിങ്ങനെയാണ് മറ്റു സർവകലാശാലകളുടെ പ്രാതിനിധ്യം. കാസർകോട് കേന്ദ്ര സര്‍വകലാശാല, ആരോഗ്യ സർവകലാശാല, സാങ്കേതിക സർവകലാശാല എന്നിവിടങ്ങളിൽനിന്നും പ്രതിനിധികളുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് നാലിന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകുര്‍ മേള ഉദ്ഘാടനം ചെയ്യും. ചാമ്പ്യന്മാരാകുന്ന സർവകലാശാല ടീമിന് 50,000 രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാർക്ക് 30,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 20,000 രൂപയും ലഭിക്കും. ദേശീയ റെക്കോഡിടുന്ന താരങ്ങള്‍ക്ക് 25,000 രൂപ വീതമാണ് നല്‍കുക.
അഖിലേന്ത്യ സർവകലാശാല അസോസിയേഷന്, മംഗളൂരു യൂനിവേഴ്സിറ്റി, ആല്‍വാസ് എജുക്കേഷന്‍ ഫൗണ്ടേഷന് എന്നിവരാണ് മേളക്ക് ആതിഥ്യമരുളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.