ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ലോങ് ജമ്പ് താരം ശ്രീശങ്കറിന്
text_fieldsകേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് മലയാളി ലോങ് ജമ്പ് താരം എം. ശ്രീശങ്കറിന്. ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
ഇന്ത്യൻ വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989ലാണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത്. 2020ലെ ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത ശ്രീശങ്കർ 2022ലെ കോമൺവെൽത്ത് ഗെയിമ്സിൽ വെള്ളിമെഡൽ നേടിയതോടെയാണ് അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടുന്നത്. 2023ലെ ഏഷ്യൻ ഗെയിംസിലും ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും വെള്ളിയും പാരിസ് ഡയമണ്ട് ലീഗിൽ വെങ്കലവും 2022ലും 2023ലും ഏതൻസിൽ നടന്ന ഇന്റർനാഷനൽ ജമ്പ്സ് മീറ്റിൽ സ്വർണവും നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വർഷം ലോങ് ജമ്പിൽ ദേശീയ ചാമ്പ്യനായ ശ്രീശങ്കറിന്റെ മികച്ച ദൂരം 8.41 മീറ്ററാണ്. 2023ൽ ജി.വി രാജ അവാർഡ് കരസ്ഥമാക്കിയിരുന്നു.
പാലക്കാട് സ്വദേശിയായ ശ്രീശങ്കർ റിസർവ് ബാങ്കിന്റെ തിരുവനന്തപുരം ശാഖയിൽ ഉദ്യോഗസ്ഥനാണ്. പിതാവ് എസ്. മുരളിയാണ് പരിശീലകൻ. മാതാവ് ബിജിമോൾ. ഇരുവരും മുൻ രാജ്യാന്തര അത്ലറ്റുകളാണ്. ഡിസംബർ 22ന് ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ ശ്രീശങ്കറിന് അവാർഡ് സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.