അങ്ങനെ പവനായി ശവമായി!; ‘ഓപറേഷൻ ഒളിമ്പ്യ’ക്ക് ഒടുവിൽ സർക്കാർ റീത്ത്
text_fieldsതിരുവനന്തപുരം: എന്തൊക്കെ ബഹളമായിരുന്നു. ഒടുവിൽ പവനായി ശവമായി. കായികമേഖലയിൽ പിണറായി സർക്കാർ അഭിമാന പദ്ധതിയായി ഉയർത്തിക്കാണിച്ച ‘ഓപറേഷൻ ഒളിമ്പ്യ’ ലക്ഷ്യംകാണാതെ അന്ത്യശ്വാസം വലിച്ചു.
കേരളത്തിൽനിന്ന് ഒളിമ്പ്യന്മാരെ സൃഷ്ടിക്കാൻ കോടികൾ ചെലവഴിച്ചിട്ടും പദ്ധതിയിലൂടെ ഒരൊറ്റ ഒളിമ്പ്യനെപ്പോലും സൃഷ്ടിക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിലിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, പദ്ധതിയിൽ വ്യാപക ക്രമക്കേടും തട്ടിപ്പും നടന്നതായി ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സ്വപ്നപദ്ധതി പൂട്ടിക്കെട്ടാൻ കായികവകുപ്പ് തീരുമാനിച്ചത്. നിലവിൽ പദ്ധതിയുടെ ഭാഗമായി ഒരു പരിശീലനവും കേരളത്തിൽ നടക്കുന്നില്ല.
2020, 2024ലെ ഒളിമ്പിക്സുകളിൽ കേരളത്തിലെ കായികതാരങ്ങൾക്ക് മെഡൽ എന്ന പ്രഖ്യാപനവുമായാണ് 2017ൽ ഒന്നാം പിണറായി സർക്കാർ ‘ഓപറേഷൻ ഒളിമ്പ്യ’ പ്രഖ്യാപിച്ചത്. 2018ൽ അന്നത്തെ കായികമന്ത്രിയായിരുന്ന എ.സി. മൊയ്തീൻ പദ്ധതി തൃശൂരിൽ ഉദ്ഘാടനം ചെയ്തു.
ആദ്യഘട്ടത്തിൽ അത്ലറ്റിക്സ്, ബോക്സിങ്, സൈക്ലിങ്, സ്വിമ്മിങ്, ഷൂട്ടിങ്, റെസ്ലിങ്, ബാഡ് മിന്റൺ, കാനോയിങ് ആൻഡ് കയാക്കിങ്, ഫെൻസിങ്, റോവിങ്, ആർച്ചറി എന്നീ ഇനങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 225 കായിക താരങ്ങൾക്ക് അന്തർദേശീയ നിലവാരത്തോടുകൂടിയ പരിശീലന സൗകര്യമൊരുക്കുമെന്നും ഇന്ത്യയിലെയും വിദേശത്തെയും പരിശീലകരുടെയും സേവനം ഉപയോഗപ്പെടുത്തുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
സംസ്ഥാന സ്പോർട്സ് കൗൺസിലിനെ നിർവഹണ ഏജൻസിയാക്കി ആരംഭിച്ച പദ്ധതി 2017 -18 മുതൽ 2024 -25 സാമ്പത്തികവർഷം വരെയുള്ള എട്ട് വർഷകാലയളവിൽ 440 കോടിയാണ് വകയിരുത്തിയത്. പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 150 കോടിയായി വെട്ടിച്ചുരുക്കി. പക്ഷേ, സ്പോർട്സ് കൗൺസിലിന്റെ കെടുകാര്യസ്ഥതയും അഴിമതിയും വില്ലനായതോടെ ഓപറേഷൻ ഒളിമ്പ്യക്ക് റീത്ത് വെക്കാൻ കായിക വകുപ്പ് തീരുമാനിക്കുകയായിരുന്നു.
ഓപറേഷൻ ഒളിമ്പ്യയുടെ പേരിൽ കോടികൾ ചെലവഴിച്ചിട്ടും ഇതുസംബന്ധിച്ച് ഒരു കണക്കും രേഖകയും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ പക്കൽ ഇല്ലെന്ന് 2019 -20 സാമ്പത്തിക വർഷത്തെ ഓഡിറ്റിൽ കുറ്റപ്പെടുത്തുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിൽ പോലും ഗുരുതര വീഴ്ചയാണ് കണ്ടെത്തിയത്.
2019 -20 സാമ്പത്തിക വർഷം ഒളിമ്പ്യക്കായി 1.50 കോടി രൂപ നൽകിയെങ്കിലും ഇതിൽ 62.28 ലക്ഷം ചെലവഴിച്ചതിൽ ഒരു കണക്കും ബന്ധപ്പെട്ട സ്പോർട്സ് കൗൺസിലോ അധികാരികളോ കൈമാറിയില്ലെന്ന് ഓഡിറ്റിൽ കുറ്റപ്പെടുത്തുന്നു.
2019-20 ഓഡിറ്റിലെ കണ്ടെത്തലുകൾ
- കോടികൾ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതിക്ക് വ്യക്തമായ നിരീക്ഷണ സംവിധാനം ഉണ്ടായിരുന്നില്ല.
- ഒളിമ്പ്യ പദ്ധതിക്കായി നടത്തിയ ചെലവുകളുടെ രേഖകൾ പരിശോധനക്ക് ഹാജരാക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിലിനോട് ആവശ്യപ്പെട്ടെങ്കിലും രേഖകൾ നൽകിയില്ല.
- സ്പീഡ് ബോട്ട് വാങ്ങുന്നതിന് 20 ലക്ഷം അനുവദിച്ചു. എന്നാൽ, സ്പീഡ് ബോട്ട് വാങ്ങിയതിന്റെ രേഖകളോ തുകയുടെ വിനിയോഗ സാക്ഷ്യപത്രമോ ഹാജരാക്കിയിട്ടില്ല.
- എറണാകുളത്ത് ബാഡ്മിന്റൺ ട്രെയ്നിങ് സെന്ററിന്റെ പ്രാരംഭഘട്ട ചെലവുകൾക്കായി രണ്ട് ലക്ഷം നൽകിയെങ്കിലും 1,36,296 രൂപയുടെ പണികളാണ് നടത്തിയത്. ബാക്കി 63,704 രൂപ കാണാനില്ല.
- പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ല സെക്രട്ടറിക്ക് ആറുലക്ഷം നൽകിയെങ്കിലും ഈ തുക എങ്ങനെ വിനിയോഗിച്ചുവെന്നതിനെ സംബന്ധിച്ച് ഒരു വിവരവുമില്ല.
- കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിന് അനുവദിച്ച 10 ലക്ഷത്തിന്റെ ചെലവ് രേഖകൾ കാണാനില്ല.
- കായിക ഉപകരണങ്ങൾ വാങ്ങുന്നതിന് 13.87 ലക്ഷം ചെലവായെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്തിയതല്ലാതെ ഇതിന്റെ രേഖകൾ ഇല്ല.
- തിരുവനന്തപുരം ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറിക്ക് 4.38 ലക്ഷം അനുവദിച്ചെങ്കിലും ഈ തുക എങ്ങനെ ചെലവാക്കി എന്നതു സംബന്ധിച്ച് ഒരു രേഖയും നൽകിയില്ല.
- റോവിങ് കായികതാരങ്ങൾക്ക് താമസസൗകര്യം, ഭക്ഷണം എന്നിവക്കായി നടത്തിയ ക്വട്ടേഷനിൽ കുറഞ്ഞ നിരക്ക് ക്വോട്ട് ചെയ്ത സ്ഥാപനത്തിന് അംഗീകരിച്ച നിരക്കിൽനിന്നും കൂടുതൽ തുക നൽകി. ആലപ്പുഴയിലെ സ്വകാര്യ ഹോട്ടലിന് 15 ലക്ഷം രൂപ മുൻകൂറായി നൽകി. ഇത് എന്തിനെന്ന് രേഖകളിൽ ഇല്ല.
- ടെൻഡർ നിരക്കിനെക്കാളും കൂടുതൽ തുക സ്വകാര്യ ഹോട്ടലിന് നൽകിയ വകയിൽ 2.70 രൂപയുടെ നഷ്ടം ഖജനാവിനുണ്ടായി. ഈ തുക ഉത്തരവാദിയായ ഉദ്യോഗസ്ഥനിൽനിന്ന് ഈടാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.