റെക്കോഡ്... റെക്കോഡ് സർവത്രോ
text_fieldsകൊച്ചി: രാവിലെ ഒരു റെക്കോഡ് തകർത്തു, അതും താൻ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. അതിന്റെ ആവേശം മാറും മുമ്പേ വൈകീട്ട് മറ്റൊരു റെക്കോഡും പഴങ്കഥയാക്കി, ഇതും തന്റെ തന്നെ. കാസർകോട് കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ കെ.സി. സെർവനാണ് പുതു റെക്കോഡുകളിലേക്ക് ഷോട്ടും ഡിസ്കസും എറിഞ്ഞിട്ട് സർവാധിപത്യം സൃഷ്ടിച്ചത്.
സീനിയർ ബോയ്സ് വിഭാഗം ഡിസ്കസ് ത്രോയിൽ ആദ്യത്തെ ഏറിൽ കഴിഞ്ഞ വർഷത്തെ സംസ്ഥാന റെക്കോഡ് പഴങ്കഥയാക്കിയ സെർവൻ രണ്ടാമത്തെ ഏറിൽ നിലവിലെ ദേശീയ റെക്കോഡിനെ മറികടക്കുന്ന പ്രകടനം കാഴ്ചവെച്ചപ്പോൾ ചുറ്റും നിന്നവർ ആർത്തുവിളിച്ചു. ആദ്യ ഏറിൽ 58.20 മീറ്റർ ദൂരമെറിഞ്ഞാണ് കഴിഞ്ഞ വർഷത്തെ 57.71 മീറ്റർ എന്ന റെക്കോഡ് ദൂരം നിഷ്പ്രഭമാക്കിയത്.
മൂന്നാം ഏറിൽ 60.24 മീറ്റർ എറിഞ്ഞപ്പോൾ 2018ൽ നടന്ന ദേശീയ മീറ്റിൽ മധ്യപ്രദേശ് സ്വദേശി അലി ഇക്രം സൃഷ്ടിച്ച 59.39 എന്ന റെക്കോഡും മറികടന്നു. 62 മീറ്റർ എന്ന സ്വപ്ന ദൂരത്തിലേക്ക് ഡിസ്കസ് എറിഞ്ഞിടാനുള്ള ശ്രമങ്ങൾ പക്ഷേ വിജയിച്ചില്ല.
ഷോട്ട്പുട്ടിൽ കഴിഞ്ഞ വർഷം സെർവൻ സൃഷ്ടിച്ച 17.58 മീറ്റർ എന്ന ദൂരം 17.74 മീറ്ററാക്കി പുതുക്കി. സബ് ജൂനിയർ, ജൂനിയർ, സീനിയർ ഇനങ്ങളിലായി അഞ്ച് വ്യക്തിഗത റെക്കോഡുകളാണ് പ്ലസ്ടു വിദ്യാർഥിയായ സെർവന്റെ പേരിലുള്ളത്. തന്റെ അവസാനത്തെ സ്കൂൾ മേളയിൽ ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് സെർവൻ പറഞ്ഞു.
2022ൽ കുവൈത്തിൽ നടന്ന ഏഷ്യൻ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രാജ്യത്തിനായി വെള്ളിമെഡൽ നേടിയ സെർവന്റെയും കുടുംബത്തിന്റെയും ജീവിതവും ജീവനുമാണ് ത്രോ ഇനങ്ങൾ. കാസർകോട് ചെറുവത്തൂരിലെ കെ.സി ത്രോസ് അക്കാദമി സ്ഥാപകനും നിരവധി പേരുടെ പരിശീലകനുമായ കെ.സി. ഗിരീഷാണ് സെർവന്റെ പിതാവും പരിശീലകനും. 1989ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ വിദഗ്ധ പരിശീലനമൊന്നുമില്ലാതെ സ്വർണം നേടിയത് ഗിരീഷായിരുന്നു. ഇത്തവണ സെർവന്റേതുൾപ്പെടെ അഞ്ചു സ്വർണവും ഒരു വെള്ളിയും വെങ്കലവും കൈപ്പിടിയിലാക്കിയാണ് തിരിച്ചുപോകുന്നത്. ഗിരീഷിന്റെ മൂത്ത മകൻ കെ.സി. സിദ്ധാർഥായിരുന്നു സെർവനു മുമ്പ് സീനിയർ ബോയ്സ് ഡിസ്കസ് ത്രോയിലെ റെക്കോഡിനുടമ.
2018ലെ കായികമേളയിൽ 53.47 മീറ്റർ ദൂരത്തിലേക്ക് എറിഞ്ഞാണ് സിദ്ധാർഥ് റെക്കോഡെടുത്തത്. അതേ വർഷം തന്നെ ഷോട്ട്പുട്ടിൽ സ്വർണവും നേടി. രേഷ്മയാണ് അമ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.