പ്രൈം വോളിബോൾ ലീഗ്: ബംഗളൂരു ടോർപ്പിഡോസിനെ തകർത്ത് കൊൽക്കത്ത തണ്ടർബോൾട്ട്
text_fieldsഹൈദരാബാദ്: ബംഗളൂരു ടോർപ്പിഡോസിനെ തകർത്ത് കൊൽക്കത്ത തണ്ടർബോൾട്ട് പ്രൈം വോളിബോൾ ലീഗിൽ തകർപ്പൻ പ്രകടനം തുടരുന്നു. അഞ്ചുസെറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ 15-13, 15-8, 9-15, 15-12, 15-10 എന്ന സ്കോറിനായിരുന്നു കൊൽക്കത്തയുടെ ജയം. കൊൽക്കത്തയുടെ വിനിത് കുമാർ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ലീഗിൽ കൊൽക്കത്തയുടെ മൂന്നാം വിജയമാണിത്.
ആദ്യ സെറ്റിന്റെ തുടക്കത്തിൽ കൊൽക്കത്ത തണ്ടർബോൾട്ട് 6–3ന് മുന്നിെലത്തി. എന്നാൽ ശക്തമായി തിരിച്ചുവന്ന ടോർപ്പിഡോ സ്കോർ 6–6 ന് സമനിലയിലാക്കി. പിന്നാലെ ഉശിരൻ ബ്ലോക്കുകളിലൂടെ 11–9 എന്ന നിലയിൽ കൊൽക്കത്ത രണ്ട് പോയിന്റ് ലീഡ് നേടി. ആദ്യ സെറ്റ് 15–13ന് കൊൽക്കത്തയ്ക്ക്.
രണ്ടാം സെറ്റിലും അവർ ആധിപത്യം തുടർന്നു. 7–4ന് ലീഡ്. മാത്യു അഗസ്റ്റ് മനോഹരമായ സ്പെെക്കിലൂടെ കൊൽക്കത്തയുടെ ലീഡുയർത്തി. തുടർന്ന് സൂപ്പർ പോയിന്റിലൂടെ 15–8ന് സെറ്റും സ്വന്തമാക്കി.
മൂന്നാം സെറ്റിൽ ക്യാപ്റ്റൻ അശ്വൽ റായിയും അരവിന്ദന്റെയും തകർപ്പൻ പ്രകടനത്തോടെ മൂന്നാം സെറ്റിൽ 4–2ന് കൊൽക്കത്ത മുന്നിലെത്തി. എന്നാൽ ഗണേശയുടെ മിന്നുന്ന സ്പെെക്കിലൂടെ ടോർപിഡോ തിരിച്ചടിച്ചു. പങ്കജ് ശർമയുടെ അതിമനോഹരമായ സ്പെെക്കിൽ നിർണായക സൂപ്പർ പോയിന്റ് കുറിച്ച് ലീഡും നേടി. ഒടുവിൽ 15–9ന് മൂന്നാം സെറ്റ് ബംഗളൂരു ടോർപ്പിഡോയുടെ പേരിലായി.
നാലാം സെറ്റിൽ ക്യാപ്റ്റൻ അശ്വൽ റായിയുടെ തകർപ്പൻ സ്പൈക്കിലൂടെ 6-–4ന് ലീഡ് നേടി കൊൽക്കത്ത തണ്ടർബോൾട്ട് തിരിച്ചുവന്നു. വിനിത് കുമാറും മിന്നിയതോടെ അവർ ലീഡുയർത്തി. നിർണായക സൂപ്പർ പോയിന്റ് നേടി 13–10ന് മുന്നിലെത്തി. അശ്വൽ മറ്റൊരു മികച്ച സ്‌പൈക്കിലൂടെ ആധിപത്യം ഉറപ്പിച്ചു. സെറ്റ് 15–12ന് കൊൽക്കത്തയ്ക്ക്.
അവസാന സെറ്റിൽ 6–6 എന്ന നിലയിൽ പിരിഞ്ഞ ഇരുടീമുകളും വീണ്ടും വാശിയേറിയ പോരാട്ടം നടത്തി. എന്നാൽ അശ്വിന്റെ മികവിലൂടെ 12–9ന് കൊൽക്കത്ത ലീഡ് നേടി. തരുൺ ഗൗഡയുടെ മിന്നും സെർവ് അവസാന സെറ്റ് 15–10ന് കൊൽക്കത്തയുടെ പേരിലാക്കി.
ഞായറാഴ്ച ഏഴ് മണിക്ക് ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സും ചെന്നൈ ബ്ലിറ്റ്‌സും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.