കെ.പി. സ്വാതിഷിന് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്സ്റ്റിൽ റിങ് ഇനത്തിൽ സ്വർണം
text_fieldsപനാജി: ഒടുവിൽ സ്വര്‍ണ പോഡിയത്തില്‍ കേരളം. പരിക്കിൽ തെന്നി ഉച്ചക്ക് സുവർണനേട്ടം അകന്നതിന്റെ നിരാശ അവസാനിപ്പിച്ച് വെള്ളിയാഴ്ച വൈകീട്ട് ജിംനാസ്റ്റിക് വേദിയിലായിരുന്നു കേരളത്തിന്റെ സുവർണസന്തോഷം. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സ് സ്റ്റിൽ റിങ് ഇനത്തിൽ കണ്ണൂർ കതിരൂർ സ്വദേശിയായ കെ.പി. സ്വാതിഷിലൂടെയാണ് കേരളത്തിന്റെ ആദ്യസ്വർണം. തലശേരി സായിയിലെ താരമായ സ്വാതിഷ്, കഴിഞ്ഞ ജിംനാസ്റ്റിക്സ് നാഷനൽസിലും സ്വർണനേട്ടം സ്വന്തമാക്കിയിരുന്നു.അഭിഷേക് ശര്‍മ്മയാണ് പരിശീലകൻ.
കേരളക്യാമ്പില് എത്തിയതോടെ സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകനായ സി.എ അരുണിന്റെ കീഴിലായിരുന്നു 20 ദിവസത്തെ പരിശീലനം. റെയിൽവേ സെക്കന്തരാബാദ് ഡിവിഷനില്‍ ടിക്കറ്റ് ചെക്കറാണ് തലശ്ശേരി മൂന്നാം മൈല്‍ സ്വദേശിയായ സ്വാതിഷ്. പരേതനായ സനീഷിന്റെയും സീഷ്മയുടെയും മകനാണ്ഒരു വെള്ളിയും രണ്ട് വെങ്കലവും കേരളം സ്വന്തമാക്കി. വനിതകളുടെ ഫെൻസിങ് സാബിർ ടീം ഇനത്തിലാണ് വെള്ളി. ജിംനസ്റ്റിക്സ് ട്രംപോളിൻ വനിത വ്യക്തിഗത ഇനത്തിലും വനിത നെറ്റ്ബാൾഫാസ്റ്റ് ഫൈവിലുമാണ് വെങ്കലനേട്ടം.
എസ്. സൗമ്യ, ജോസ്ന ക്രിസ്റ്റി ജോസ്, അൽഖ വി. ജോയി, റിഷ പുതുശ്ശേരി എന്നിവരടങ്ങിയ ടീമാണ് ഫെൻസിങ്ങിൽ വെള്ളിത്തിളക്കം സ്വന്തമാക്കിയത്. ജിംനാസ്റ്റിക്സിൽ തിരുവനന്തപുരം സ്വദേശിയായ 16കാരി അൻവിത സച്ചിനാണ് വെങ്കലം. വനിത നെറ്റ്ബാളിൽ ശില്പ, ടി.എ. കില, ഐറിൻ ആൻ ജോൺ, പി.കെ. ഐശ്വര്യ, അമൃത പി. പ്രസാദ്, എം. വൈഷ്ണവി, സോണ ജിജി, നിയ സ്കറിയ, അലീന ജോസ്, പി.എസ്. അഞ്ജന കൃഷ്ണ, ടോണി ജോസഫ് എന്നിവരടങ്ങിയ ടീമിനാണ് വെങ്കലം.
5x5 ബാസ്കറ്റ്ബാളിൽ ഫൈനലിൽ പ്രവേശിച്ച കേരളം ഒരു മെഡൽകൂടി ഉറപ്പാക്കി. ശ്രീകലയുടെ മിന്നും പ്രകടനത്തിൽ തമിഴ്നാടിനെ (83-66) തോല്പിച്ചാണ് ഫൈനൽ പ്രവേശം. ശനിയാഴ്ച കർണാടകയാണ് എതിരാളികൾ. അതിനിടെ, ഹാൻഡ്ബാൾ മത്സരം ഗെയിംസിൽ നടക്കുമെന്ന് ഔദ്യോഗികമായി അംഗീകരിച്ചു. ബീച്ച് ഹാൻഡ്ബാളിൽ മാത്രമാണ് കേരള ടീം മത്സരിക്കുന്നത്. എന്നാൽ, വോളിബാളിന്റെ കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
കേരള അത്ലറ്റിക്സ് ടീമും വെള്ളിയാഴ്ച ഗോവയിലെത്തി. ശനിയാഴ്ച ടീം പരിശീലനത്തിനിറങ്ങും. ഞായറാഴ്ചയാണ് ഗെയിംസിലെ ഗ്ലാമർ പോരാട്ടമായ അത്ലറ്റിക്സിന് തുടക്കമാകുക. 60 അംഗ സംഘമാകും കേരളത്തിനായി പോരാട്ടം നയിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.