‘നോട്ടം വസ്ത്രത്തിലേക്കും മുടിയിലേക്കും, വനിത താരങ്ങളോട് വിവേചനം’; ആരോപണവുമായി ചെസ് താരം ദിവ്യ ദേശ്മുഖ്
text_fieldsനാഗ്പൂർ: വനിത കായിക താരങ്ങൾ കടുത്ത വിവേചനം അനുഭവിക്കുന്നുണ്ടെന്നും ആളുകളുടെ നോട്ടം കളിയിലേക്കല്ലെന്നും വസ്ത്രത്തിലേക്കും മുടിയിലേക്കുമൊക്കെയാണെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി ഇന്ത്യയുടെ വനിത ചെസ് താരം ദിവ്യ ദേശ്മുഖ്. നെതർലാൻഡ്സിൽ നടന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിന് ശേഷം ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് 18കാരിയുടെ ആരോപണം.
‘ഇക്കഴിഞ്ഞ ടൂർണമെന്റിലും ദുരനുഭവമുണ്ടായി. കുറച്ചുകാലമായി ഞാൻ ഇക്കാര്യം അറിയിക്കാൻ ആഗ്രഹിക്കുന്നു, ടൂർണമെന്റ് അവസാനിക്കാൻ കാത്തിരിക്കുകയായിരുന്നു. ചെസിലെ സ്ത്രീകളെ പലപ്പോഴും കാണികൾ നിസ്സാരക്കാരായി കാണുന്നത് ശ്രദ്ധിക്കാറുണ്ട്. വ്യക്തിപരമായി പറയുകയാണെങ്കിൽ, ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം ഈ ടൂർണമെന്റിലായിരുന്നു. ഞാൻ കുറച്ച് മത്സരങ്ങൾ കളിച്ചു, അത് എനിക്ക് മികച്ചതായി തോന്നി, ഞാനതിൽ അഭിമാനിക്കുന്നു. എന്നാൽ, ആളുകൾ മത്സരത്തിൽ ശ്രദ്ധിക്കുന്നതിന് പകരം എന്റെ വസ്ത്രങ്ങൾ, മുടി, ഉച്ചാരണം പോലെ മറ്റ് അപ്രസക്തമായ കാര്യങ്ങളിൽ ശ്രദ്ധിക്കുകയാണ്’ -ദിവ്യ ദേശ്മുഖ് പറഞ്ഞു.
‘പുരുഷ താരങ്ങൾക്ക് അവരുടെ കഴിവിന്റെ അടിസ്ഥാനത്തിൽ ശ്രദ്ധ ലഭിക്കുമ്പോൾ, ചെസ് ബോർഡിലെ കഴിവുമായി യാതൊരു ബന്ധവുമില്ലാത്ത വശങ്ങളിലാണ് വനിത താരങ്ങൾ വിലയിരുത്തപ്പെടുന്നത്. എന്റെ അഭിമുഖങ്ങളിൽ മത്സരം ഒഴികെയുള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുമ്പോൾ ഏറെ നിരാശയുണ്ടാവുന്നു. ഇത് വളരെ സങ്കടകരമായ കാര്യമാണ്. സ്ത്രീകൾ എല്ലാ ദിവസവും ഇത്തരം വിവേചനം അനുഭവിക്കുന്നതായി കരുതുന്നു. അനാവശ്യ കാര്യങ്ങൾക്ക് വർഷങ്ങളായി എനിക്ക് വെറുപ്പ് ഉൾപ്പെടെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്ത്രീകൾക്ക് തുല്യ ബഹുമാനം ലഭിക്കണമെന്ന് ഞാൻ കരുതുന്നു’ -ദിവ്യ കൂട്ടിച്ചേർത്തു.
ടൂർണമെന്റിൽ 12ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ദിവ്യ കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ വിമൻസ് ചെസ് ചാമ്പ്യൻഷിപ്പിൽ വിജയിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.