ബോക്സിങ്ങിൽ ഫൈനലിലേക്ക് ഇടിച്ചുകയറി ലവ്‍ലിന; ഒളിമ്പിക്സ് യോഗ്യത
text_fieldsഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 75 കിലോഗ്രാം വിഭാഗം ബോക്സിങ്ങിൽ ഫൈനലിലേക്ക് ഇടിച്ചുകയറി ഇന്ത്യൻ താരം ലവ്‍ലിന ബോർഗോഹെയ്ൻ. സെമിയിൽ തയ്‍ലൻഡിന്റെ ബൈസോൺ മനീകോണിനെ 5-0ത്തിന് തോൽപിച്ച ലവ്‍ലിന അടുത്ത വർഷം പാരിസിൽ നടക്കുന്ന ഒളിമ്പിക്സിന് യോഗ്യതയും ഉറപ്പിച്ചു. ഇതോടെ ഈയിനത്തിൽ സ്വർണമോ വെള്ളിയോ ഇന്ത്യക്ക് ഉറപ്പായി.
വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ ഇന്ന് വെങ്കലം നേടിയിരുന്നു. സെമിയിൽ ചൈയുടെ യുവാൻ ചാങ്ങിനോട് 5-0ത്തിന് പരാജയപ്പെടുകയായിരുന്നു. നേരത്തെ വനിത ബോക്സിങ്ങിൽ നിഖാത് സരിനും വെങ്കലം നേടിയിരുന്നു.
കനോയിങ്ങിലൂടെയാണ് പത്താം ദിവസത്തെ മെഡൽ നേട്ടത്തിന് ഇന്ത്യ തുടക്കമിട്ടത്. പുരുഷന്മാരുടെ കനോയിങ് 1000 മീറ്ററിൽ അർജുൻ സിങ്, സുനിൽ സിങ് സലാം എന്നിവരാണ് മെഡൽ നേടിയത്. 3.53 സെക്കൻഡിലാണ് ഇരുവരും ഫിനിഷ് ചെയ്തത്. അമ്പെയ്ത്തിൽ പുരുഷന്മാരുടെ കോമ്പൗണ്ട് വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ അഭിഷേക് വർമയും ഓജസ് പർവിനും തമ്മിലാണ് വ്യക്തിഗത ഇനത്തിലെ ഫൈനൽ. ഇതോടെ ഈയിനത്തിൽ സ്വർണവും വെള്ളിയും ഉറപ്പായി.
13 സ്വർണവും 24 വെള്ളിയും 25 വെങ്കലവും അടക്കം 62 മെഡൽ നേടി ഇന്ത്യ പോയന്‍റ് ടേബിളിൽ നാലാമത് തുടരുകയാണ്. 153 സ്വർണവും 82 വെള്ളിയും 43 വെങ്കലവും നേടി ആതിഥേയരായ ചൈനയാണ് മുന്നിൽ. 33 സ്വർണവും 45 വെള്ളിയും 48 വെങ്കലവും നേടി ജപ്പാൻ രണ്ടാമതും 31 സ്വർണവും 42 വെള്ളിയും 63 വെങ്കലവും നേടി ദക്ഷിണ കൊറിയ മൂന്നാമതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.