‘കണ്ടുമുട്ടുന്നത് കായിക മേളകളിൽ മാത്രം’; നീരജ് ചോപ്രയുമായി അടുപ്പമെന്ന അഭ്യൂഹം തള്ളി മനു ഭാക്കർ
text_fieldsന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിന്‍റെ സമാപന ചടങ്ങിന് മുമ്പ് ജാവലിൻ താരം നീരജ് ചോപ്രയുമായി സംസാരിക്കുന്ന വിഡിയോ പുറത്തുവന്നതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി ഷൂട്ടിങ് താരം മനു ഭാക്കർ. ഒളിമ്പിക്സ് പോലുള്ള വലിയ ഇവന്‍റുകളിൽ മാത്രമേ തങ്ങൾക്ക് കാണാനുള്ള അവസരങ്ങൾ ലഭിക്കുന്നുള്ളൂവെന്നും അടുപ്പമാണെന്ന രീതിയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ കഴമ്പില്ലെന്നും മനു പറഞ്ഞു. പാരിസിലെ ഒളിമ്പിക്സ് സമാപന പരിപാടിക്കിടെ നീരജ് മനുവിനോടും അമ്മയോടും സംസാരിക്കുന്ന വിഡിയോ ആണ് പുറത്തുവന്നത്.
“അമ്മയോട് സംസാരിച്ചതിനെ കുറിച്ച് എനിക്കറിയില്ല. ഇത് സംഭവിക്കുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നില്ല. 2018 മുതൽ വിവിധ കായികമേളകളുടെ ഭാഗമായി ഞങ്ങൾ കണ്ടുമുട്ടാറുണ്ട്. അല്ലാത്ത സമയങ്ങളിൽ ഞങ്ങൾ തമ്മിൽ സംഭാഷണങ്ങൾ ഉണ്ടാകാറില്ല. ഇത്തരം മേളകൾക്കിടയിൽ ഞങ്ങൾ അൽപനേരം സംസാരിക്കാറുണ്ട്. പക്ഷെ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ യാതൊരു കഴമ്പുമില്ല” -മനു ഭാക്കർ പറഞ്ഞു.
നേരത്തെ മനു ഭാക്കറിന്‍റെ പിതാവ് കിഷൻ ഭാക്കറും അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞിരുന്നു. തന്‍റെ മകൾക്ക് 22 വയസ്സ് മാത്രമാണുള്ളതെന്നും വിവാഹ പ്രായമായിട്ടില്ലെന്നുമായിന്നു പിതാവിന്‍റെ പ്രതികരണം. മനു ഇപ്പോൾ വളരെ ചെറുപ്പമാണ്. ഇപ്പോൾ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല. മനുവിന്‍റെ അമ്മ നീരജിനെ മകനെപ്പോലെയാണ് കരുതുന്നതെന്നും കിഷൻ ഭാക്കർ പറഞ്ഞു.
വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ വെങ്കലം നേടിയാണ് മനു ഭാക്കർ പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത്. ഷൂട്ടിങ്ങിൽ ഒളിമ്പിക് മെഡലിനായുള്ള ഇന്ത്യയുടെ 12 വർഷത്തെ കാത്തിരിപ്പിനും അവർ വിരാമമിട്ടു. മിക്സഡ് 10 മീറ്റർ എയർ പിസ്റ്റൾ ഇനത്തിൽ സരബ്ജോത് സിങ്ങിനൊപ്പം മറ്റൊരു വെങ്കലം കൂടി നേടിയതോടെ മനുവിന് ഇരട്ടനേട്ടമായി.
പാരിസിൽ പുരുഷന്മാരുടെ ജാവലിൻ വെള്ളി മെഡൽ നേടിയതോടെ നീരജ് ചോപ്ര രാജ്യത്തെ ഏറ്റവും മികച്ച ഒളിമ്പ്യന്മാരിൽ ഒരാളായി. മെഡൽ നേടിയ ശേഷം നീരജ് നാട്ടിൽ തിരിച്ചെത്തിയിട്ടില്ല. പരിക്കേറ്റതിന് പിന്നാലെ വൈദ്യപരിശോധനക്കായി ജർമനിയിലേക്ക് പറന്നിരിക്കുകയാണ് താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.