പരീക്ഷ ചൂടിലും ഓടി നേടി മയൂഖ
text_fieldsതിരുവനന്തപുരം: കാര്യവട്ടത്തെ ചുട്ടുപഴുത്ത സിന്തറ്റിക് ട്രാക്കിലേക്ക് മത്സരത്തിനായി എത്തുമ്പോഴും പ്ലസ് ടുകാരിയായ മയൂഖ വിനോദിന്‍റെ മനസ്സ് നിറയെ ചൊവ്വാഴ്ച നടക്കുന്ന കമ്പ്യൂട്ടർ പരീക്ഷയിലായിരുന്നു. ശനിയാഴ്ച അക്കൗണ്ടൻസി പരീക്ഷ കഴിഞ്ഞ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് പരിശീലകനൊപ്പം തിരുവനന്തപുരത്തേക്ക് ട്രെയിൻ കയറുമ്പോഴും ഒറ്റ പ്രാർഥനമാത്രമായിരുന്നു മടങ്ങി വരുന്നത് വെറും കൈയോടയാകല്ലേയെന്ന്.
ഒടുവിൽ മയൂഖയുടെ പ്രാർഥന ഈശ്വരൻ കേട്ടു, ദേശീയ ഓപണ്‍ 400 മീറ്റര്‍ ചാമ്പ്യന്‍ഷിപ 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ 58.83 സെക്കൻഡിലാണ് എതിരാളികളെ ഏറെ പിന്നിലാക്കി ഉഷ സ്കൂളിലെ ഈ മിടുക്കി ഓടിക്കയറിയത്. വിജയത്തിന് ശേഷം നേരെ കോഴിക്കോട്ടേക്ക് വണ്ടികയറി, ചൊവ്വാഴ്ച രാവിലെ നടക്കുന്ന കമ്പ്യൂട്ടർ സയൻസ് പരീക്ഷ എഴുതാൻ. കോഴിക്കോട് നടുവണ്ണൂർ വിനോദ്- ശൈലജ ദമ്പതികളുടെ മകളായ മയൂഖയുടെ ആദ്യ ദേശീയ മെഡലാണ്.
കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികമേളയിൽ 800 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയിരുന്നു. ആറാംക്ലാസിലാണ് മയൂഖ ഉഷ സ്കൂളിലെത്തുന്നത്. 800, 400 മീറ്ററുകളാണ് പ്രധാന ഇനം. പരിശീലക പി.ടി. ഉഷയെപ്പോലെ ലോകത്ത് അറിയപ്പെടുന്ന കായികതാരമാകണമെന്നും ഇന്ത്യക്കായി പാരിസ് ഒളിമ്പിക്സിൽ സ്വർണം നേടണമെന്നുമാണ് ഈ മിടുക്കിയുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.