കാർ അപകടത്തിൽ അരക്കുതാഴെ തളർന്നു; ഇന്ന് പാരാലിമ്പിക്സിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരി
text_fieldsടോക്യോ: പതിനൊന്ന് വയസ്സുള്ളപ്പോഴായിരുന്നു അവനി ലേഖരയുടെ ജീവിതത്തിൽ ആ അപകടമുണ്ടാകുന്നത്. ഒരു വലിയ കാർ ആക്സിഡൻറ്. ആശുപത്രി വാസത്തിനു ശേഷം തിരികെ വന്നപ്പോൾ അരക്കു താഴെ ചലനം നിലച്ചുപോയിരുന്നു. ജീവിതം തന്നെ അവസാനിച്ചു എന്ന് കരുതിയിരുന്ന അവനിയിൽ ഉന്നം തെറ്റാത്ത ലക്ഷ്യം നിറച്ചത് പിതാവ് പ്രവീണായിരുന്നു.
ജയ്പൂർ സ്വദേശിയായ അവനിയെ പിതാവ് ജഗത്പുരയിലെ ജെ.ഡി.എ ഷൂട്ടിങ് ക്ലബ്ബിൽ കൂട്ടിക്കൊണ്ടുപോയി. വീൽചെയറിലിരുന്ന് ലക്ഷ്യത്തിലേക്ക് നിറയൊഴിക്കാൻ അവനി പഠിച്ചത് അവിടെനിന്നായിരുന്നു. പടിപടിയായി അവനി കായികലോകത്തെ പ്രണയിച്ചുതുടങ്ങി. അഭിനവ് ബിന്ദ്രയെന്ന ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവ് പ്രചോദനമായി. മുംബൈയിലെ പനവേലിലെ ലക്ഷ്യ ഷൂട്ടിങ് ക്ലബ്ബിലെ പരിശീലനം അവനിക്ക് മുതൽക്കൂട്ടുമായി.
പാരലിമ്പിക്സ് ഫൈനലിൽ 10 മീറ്റർ എയർ റൈഫിൾസ് വിഭാഗത്തിൽ 249.6 സ്കോർ നേടിയ അവനി ലോക റെക്കോഡിന് ഒപ്പമെത്തുന്ന പ്രകടനത്തോടെയാണു സ്വർണം നേടിയത്. ചൈനയുടെ കുയിപിങ് ഷാങ്കിനാണു (248.9) വെള്ളി. യുക്രെയിെൻറ ഇരിന ഷെറ്റ്നിക് (227.5) വെങ്കലം നേടി. 2018ൽ 249.6 സ്കോറോടെ ലോക റെക്കോഡ് സ്ഥാപിച്ച ഇരിനയെ ടോക്യോയിൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയാണ് അവനി പാരലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായത്.
'ലോകത്തിനു മുകളിൽ എത്തിയപോലെ തോന്നുന്നു...' മെഡൽ നേട്ടത്തിനു ശേഷം അവനി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. മിക്സഡ് 10 മീറ്റർ എയർ റൈഫിൾസിലും അവനി മത്സരിക്കുന്നുണ്ട്. പാരലിമ്പിക്സിൽ സ്വർണം നേടുന്ന നാലാമത്തെ താരമാണ് അവനി.നീന്തൽ താരം മുരളികാന്ത് പെറ്റ്കർ (1972), ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജജാരിയ (2004, 2006), ഹൈജംപിൽ മാരിയപ്പൻ തങ്കവേലു എന്നിവരാണ് അവനിക്കു മുമ്പ് സ്വർണമണിഞ്ഞവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.