മിഷൻ 90 മീറ്റർ: ഒളിമ്പിക്സ് തയാറെടുപ്പുമായി നീരജ് ചോപ്ര ഇന്ന് ദോഹ ഡയമണ്ട് ലീഗിൽ
text_fieldsദോഹ: കഴിഞ്ഞ വർഷം നിർത്തിയ അതേ വേദിയിൽനിന്നും സുവർണ സ്വപ്നങ്ങളിലേക്ക് വീണ്ടും എറിഞ്ഞുതുടങ്ങാൻ ഒരുങ്ങുകയാണ് ഇന്ത്യയുടെ നീരജ് ചോപ്ര. ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്, ഏഷ്യൻ ഗെയിംസുകളിൽ പൊന്നണിഞ്ഞ് ലോക നമ്പറുകാരനായി മാറിയ നീരജിന്റെ പാരിസ് ഒളിമ്പിക്സിലേക്കുള്ള ജൈത്രയാത്രക്ക് വെള്ളിയാഴ്ച ദോഹ ഡയമണ്ട് ലീഗ് വേദിയിൽ തുടക്കമാവുന്നു. വിശ്വമേളക്ക് കൊടിയുയരാൻ 77 ദിവസം മാത്രം ബാക്കിനിൽക്കെ സീസണിലെ ആദ്യ മത്സരത്തിനാണ് നീരജ് തന്റെ ഭാഗ്യ വേദിയിൽ ജാവലിൻ എടുക്കുന്നത്.
ഒളിമ്പിക്സിന് മുന്നോടിയായുള്ള ഡയമണ്ട് ലീഗ് എന്നനിലയിൽ ലോകോത്തര താരങ്ങൾ മാറ്റുരക്കുന്ന ദോഹ പതിപ്പിലെ പോസ്റ്റർ ബോയ് കൂടിയാണ് ഇന്ത്യയുടെ പൊൻ താരം. മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ച നടന്ന പ്രീമാച്ച് വാർത്തസമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് ചോദിക്കാനുണ്ടായിരുന്നതും ഒന്നു മാത്രമായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 88-89 മീറ്ററുകൾ എന്ന ദൂരം താണ്ടി കാത്തിരിക്കുന്ന നീരജ്, 90 മീറ്റർ എന്ന സ്വപ്നദൂരം ദോഹയിൽ കണ്ടെത്തുമോയെന്ന്.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള നീരജിന്റെ മറുപടി ഇങ്ങനെ; ‘2018ൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടിയതു മുതൽ ഒരുപാട് പേർ ചോദിക്കുന്നു. അന്ന് 88.06 മീറ്ററായിരുന്നു എറിഞ്ഞത്. പിന്നീട് പരിക്ക് ഉൾപ്പെടെ ഒരുപാട് സംഭവവികാസങ്ങളുണ്ടായി. 88-90 മീറ്ററിനിടയിൽ കുറെക്കാലമായി ഞാൻ കുടുങ്ങിക്കിടക്കുന്നു. എന്നാൽ, 90 എന്ന കടമ്പ കടക്കണമെന്ന ആഗ്രഹമുണ്ട്. കഴിഞ്ഞ വർഷവും നിങ്ങൾ ഇതേ ചോദ്യം ചോദിച്ചു. അന്ന്, ശക്തമായ കാറ്റ് തിരിച്ചടിയായി. എന്നാൽ, റെക്കോഡ് നേട്ടങ്ങൾക്ക് പേരുകേട്ട ദോഹയിൽ ഇത്തവണ 90 മീറ്റർ എന്ന ലക്ഷ്യം മറികടക്കാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. അതേസമയം, പ്രകടനത്തിലെ സ്ഥിരതക്കാണ് പ്രാധാന്യം നൽകുന്നത്’- നീരജ് വിശദീകരിച്ചു.
2023 ദോഹ ഡയമണ്ട് ലീഗിൽ പൊന്നണിഞ്ഞ് കഴിഞ്ഞ വർഷത്തെ സീസണിന് തുടക്കം കുറിച്ച നീരജ്, ലോകചാമ്പ്യൻഷിപ്, ഏഷ്യൻ ഗെയിംസിലും സ്വർണ മെഡൽ നേടിയിരുന്നു. ഒക്ടോബറിലെ ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടത്തിനുശേഷം ഒളിമ്പിക്സ് മുന്നിൽക്കണ്ട് അമേരിക്ക ഉൾപ്പെടെ വിദേശ രാജ്യങ്ങളിലെ പരിശീലനത്തിലൂടെ തയാറെടുത്താണ് സീസണിലെ ആദ്യ അങ്കത്തിന് ദോഹയിൽ ഇറങ്ങുന്നത്.
ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 10.20 മുതലാണ് ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോ പോരാട്ടം. നീരജിനു പുറമെ, ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് കിഷോർ ജെനയും മത്സരിക്കുന്നുണ്ട്. ലോകോത്തര താരങ്ങളായ ജാകുബ് വാഡ്ലെ, ആൻഡേഴ്സൺ പീറ്റേഴ്സ് എന്നിവരും ഇവർക്കൊപ്പം മാറ്റുരക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.