കളിമൺ കോർട്ടിൽ നദാൽ-ദ്യോകോവിച് ക്ലാസിക് ക്വാർട്ടർ
text_fieldsപാരിസ്: ഇടവേളക്കുശേഷം റോളണ്ട് ഗാരോസിലെ ഫിലിപ് ചട്രിയേർ കളിമൺ കോർട്ടിൽ ലോക ടെന്നിസിലെ അതികായർ ചൊവ്വാഴ്ച നേർക്കുനേർ എത്തുന്നു. ഫ്രഞ്ച് ഓപൺ ടെന്നിസിലെ റഫേൽ നദാൽ-നൊവോക് ദ്യോകോവിച് ക്ലാസിക് പോരാട്ടം ഇക്കുറി ക്വാർട്ടർ ഫൈനലിൽതന്നെ യാഥാർഥ്യമായി.
പ്രീ ക്വാർട്ടർ ഫൈനലിൽ ആധികാരിക ജയങ്ങളുമായി മുന്നേറി അവസാന എട്ടിലെത്തിയ ഇരുവരും തമ്മിലെ അങ്കം കലാശക്കളിയേക്കാൾ പ്രാധാന്യമർഹിക്കുന്നൊരു ഫൈനലാണ്. നാലര മണിക്കൂറോളം നീണ്ട മത്സരത്തിൽ കാനഡയുടെ ഫെലിക്സ് ഓഗർ ഏലിയാസിമിനെ 3-6, 6-3, 6-2, 3-6, 6-3ന് നദാൽ പരാജയപ്പെടുത്തി. അർജന്റീനയുടെ ഡീഗോ ഷ്വാർട്സ്മാനെതിരെ 6-1, 6-3, 6-3 സ്കോറിനായിരുന്നു ദ്യോകോവിചിന്റെ വിജയം.
13 തവണ ഫ്രഞ്ച് ഓപൺ ചാമ്പ്യനായിട്ടുണ്ട് സ്പാനിഷ് സൂപ്പർ താരവും ഇപ്പോൾ ലോക അഞ്ചാം നമ്പറുമായ നദാൽ. റോളണ്ട് ഗാരോസിൽ ആകെ 112 മത്സരങ്ങൾ കളിച്ചപ്പോൾ 109ലും ജയിച്ചു. തോറ്റ മൂന്നെണ്ണത്തിൽ രണ്ടും ദ്യോകോവിചിനോടായിരുന്നുവെന്നത് ശ്രദ്ധേയം. രണ്ടുതവണയാണ് സെർബിയയുടെ ലോക ഒന്നാം നമ്പർ താരമായ ദ്യോകോവിച് ഫ്രഞ്ച് ഓപൺ ജേതാവായത്. ഇരുവരും ആകെ 58 വട്ടം ഏറ്റുമുട്ടിയപ്പോൾ 30 ജയവുമായി ദ്യോകോവിച് മുന്നിലാണ്. ഫ്രഞ്ച് ഓപണിൽ പക്ഷേ ഒമ്പതിൽ ഏഴ് പ്രാവശ്യവും വിജയം നദാലിനൊപ്പംനിന്നു.
21 ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് ഇപ്പോൾ നദാലിന്റെ ഷെൽഫിലുള്ളത്. ദ്യോകോവിചിനും വിഖ്യാത സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർക്കും 20 എണ്ണം വീതവും ലഭിച്ചു. അതേസമയം, കാലാവസ്ഥ കണക്കിലെടുത്ത് ക്വാർട്ടർ മത്സരം പകൽ നടത്തണമെന്ന നദാലിന്റെ ആവശ്യം അധികൃതർ നിരസിച്ചു. സംപ്രേഷണ സൗകര്യംകൂടി നോക്കിയാണ് രാത്രി തീരുമാനിച്ചത്. നദാലിനോട് വൈകി ഏറ്റുമുട്ടാനാണ് താൽപര്യമെന്ന് ദ്യോകോവിച് സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.