സുവർണാഭ്യാസത്തിൽ കുതിച്ചുചാടി കേരളം
text_fieldsകംപാൽ(ഗോവ): ദേശീയ ഗെയിംസ് കളരിത്തറയിൽ രണ്ടാംദിനവും കേരളത്തിന്റെ കനകപ്പയറ്റ്. എട്ട് സ്വര്‍ണമടക്കം 11 മെഡലുകളാണ് കേരളം അങ്കത്തട്ടിൽനിന്ന് വെട്ടിപ്പിടിച്ചത്. വ്യക്തിഗത ഇനത്തിൽ അഞ്ചും ഗ്രൂപ് ഇനത്തിൽ മൂന്ന് സ്വർണവുമാണ് മെയ്അഭ്യാസികൾ സ്വന്തമാക്കിയത്.
ഒപ്പം രണ്ട് വെള്ളിയും ഒരു വെങ്കലവും കളരിപ്പയറ്റിൽനിന്ന് മെഡൽശേഖരത്തിലേക്കെത്തി. ഖോഖോയില്നിന്ന് രണ്ടും ഫുട്ബാളിൽനിന്ന് ഒരു വെങ്കലവും ഇതിനൊപ്പം ബുധനാഴ്ച ലഭിച്ചു. ആകെ എട്ടു സ്വർണം, രണ്ടുവെള്ളി, നാലു വെങ്കലം എന്നിങ്ങനെയാണ് ഇന്നലത്തെ മെഡൽനേട്ടം. ഇതോടെ, ഗെയിംസ് അവസാനിക്കാൻ ഒരുദിനം മാത്രം ബാക്കിനിൽക്കെ, കേരളം മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തേക്കുയർന്നു.
കളരിയില്‍നിന്ന് ലഭിച്ച 19 സ്വര്‍ണത്തോടെ ആകെ സ്വര്‍ണനേട്ടം 36 ആയി. 23 വെള്ളിയും 27 വെങ്കലവുമുള്‍പ്പെടെ 86 മെഡലുകളുമായാണ് കേരളം നാലാമതായത്. 73 സ്വര്‍ണവുമായി മഹാരാഷ്ട്രയാണ് ഒന്നാമത്. 64 സ്വര്‍ണത്തോടെ സര്‍വിസസ് രണ്ടാമതും ഹരിയാന (53 സ്വര്‍ണം) മൂന്നാം സ്ഥാനത്തുമാണ്.
ആദ്യദിവസം കളരിപ്പയറ്റിലെ മുഴുവൻ സ്വർണവും തൂത്തുവാരിയ കേരളത്തിന് രണ്ടാംദിനം മൂന്നിനങ്ങളിൽ കാലിടറി. അഞ്ചരയടിക്ക് മുകളിലുള്ളവരുടെ പൊങ്ങിച്ചാട്ടത്തിലും പുരുഷന്മാരുടെ വാളും പരിചയിലും നേട്ടം വെള്ളിയിലൊതുങ്ങിയപ്പോൾ വനിതകളുടെ 45-60 കിലോ കൈപ്പോരിൽ വെങ്കലം നേടാനേ കഴിഞ്ഞുള്ളൂ.
വ്യക്തിഗതയിനങ്ങളില്‍ വനിത വിഭാഗം 60-75 കിലോ വിഭാഗം കൈപ്പോരില്‍ സി.എച്ച്. ഷെഫ്ലി ഷഫാത്ത്, അഞ്ചരയടിയില്‍ താഴെയുള്ള വനിതകളുടെ പൊങ്ങിച്ചാട്ടത്തില് വി. സൂര്യശങ്കര്‍, അഞ്ചരയടിക്കു മുകളിലുള്ളവരുടെ വിഭാഗത്തില്‍ വിസ്മയ വിജയന്, പുരുഷന്മാരുടെ അഞ്ചരയടിക്ക് താഴെയുള്ളവരുടെ പൊങ്ങിച്ചാട്ടത്തില് സി.എം. മുഹമ്മദ് അനസ്, പുരുഷന്മാരുടെ 65-80 കിലോ കൈപ്പോരില്‍ ആര്. ആനൂപ് എന്നിവരാണ് സ്വർണം സ്വന്തമാക്കിയത്.
പുരുഷന്മാരുടെ ഉറുമിയും പരിചയിലും ജി.ആര്. ഭരത്-ബി. ജിഷ്ണു, വനിതകളുടെ വിഭാഗത്തില്‍ കെ.പി. പാര്‍വതി-എസ്.എസ്. ദിവ്യ, വനിതകളുടെ വാളും പരിചയിലും അനശ്വര മുരളീധരന്- കീര്‍ത്തന കൃഷ്ണ എന്നിവരാണ് ഗ്രൂപ്പിനങ്ങളിൽ കേരളത്തിന്റെ മെഡൽശേഖരത്തിലേക്ക് സ്വർണമെത്തിച്ചത്.
അഞ്ചരയടിക്ക് മുകളിലുള്ളവരുടെ പൊങ്ങിച്ചാട്ട വിഭാഗത്തില്‍ കെ.എച്ച്. അഭയ് വെള്ളി നേടി. പുരുഷന്മാരുടെ വാളും പരിചയും വിഭാഗത്തില്‍ കെ. സിറാജുദ്ദീന്, ടി. ഷഹീര്‍ എന്നിവരടങ്ങിയ ടീമും വെള്ളി നേടി. വനിതകളുടെ 45-60 കിലോ വിഭാഗം കൈപ്പോരിൽ ഫിദ ഫാത്തിമക്കാണ് വെങ്കലം. ബുധനാഴ്ച കളരിപ്പയറ്റ് മത്സരങ്ങൾ അവസാനിച്ചപ്പോൾ മൊത്തമുള്ള 22 ഇനങ്ങളിൽ 19 സ്വർണവും കേരളത്തിനാണ്. ഓരോ സ്വർണംവീതം കർണാടകയും ഛത്തിഡ്ഗഢും മധ്യപ്രദേശും സ്വന്തമാക്കി.
വനിത ബീച്ച് ഹാൻഡ്ബാളിൽ കേരളം ഫൈനലിലുമെത്തി. അതിനിടെ മിരാമർ ബീച്ചിൽ നടന്ന ട്രയാത്തലൺ മത്സരങ്ങൾക്കിടെ രണ്ട് അത്ലറ്റുകൾക്ക് ജെല്ലിഫിഷിന്റെ കുത്തേറ്റു. ഇവർക്ക് നിസ്സാരപരിക്ക് മാത്രമാണുള്ളതെന്ന് സംഘാടകൾ അറിയിച്ചു. ദേശീയ ഗെയിംസിന്റെ 37ാമത് എഡിഷന് വ്യാഴാഴ്ച സമാപനമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.