അത്ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsബാംബൊലിം(ഗോവ): കായിക ഇന്ത്യ ഇനി ട്രാക്കിലേക്ക്. ദേശീയ ഗെയിംസ് അത്ലറ്റിക് മത്സരങ്ങൾക്ക് ബാംബൊലിം അത്ലറ്റിക്സ് സ്റ്റേഡിയത്തിൽ ഞായറാഴ്ച തുടക്കം. അതിവേഗക്കാരെ കണ്ടെത്താനുള്ള 100 മീറ്റർ അടക്കം ആറ് ഫൈനലുകളാണ് ആദ്യദിനം. വൈകീട്ട് 5.30ന് പുരുഷന്മാരുടെ ഹൈജംപോടെയാണ് മത്സരങ്ങൾക്ക് കൊടിയേറ്റം. പുരുഷന്മാരുടെ 5000 മീ., വനിതകളുടെ ഡിസ്ക്കസ് ത്രോ, പുരുഷ-വനിത 100 മീ., പുരുഷന്മാരുടെ 5,000 മീ., വനിതകളുടെ 10,000 മീ. എന്നിവയിലാണ് മെഡൽപോര്.
100 മീറ്ററിൽ കേരളത്തിനായി പുരുഷവിഭാഗത്തിൽ ടി. മിഥുനും വനിത വിഭാഗത്തിൽ പി.ഡി. അഞ്ജലിയും ട്രാക്കിലിറങ്ങും. 5000 മീറ്ററിൽ കെ. അനന്തകൃഷ്ണനാണ് മത്സരിക്കുക. 400 മീ. ഹീറ്റ്സിൽ വനിത വിഭാഗത്തിൽ ഗൗരി നന്ദനയും ജിസ്ന മാത്യുവും പുരുഷവിഭാഗത്തിൽ റിൻസ് മാത്യുവും മത്സരിക്കും. ഞായറാഴ്ച നടക്കുന്ന മറ്റ് ഫൈനലുകളിൽ കേരള താരങ്ങളില്ല.
ചാടി നേടാൻ കേരളം
ജംപ് ഇനങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് കേരളം ബാംബൊലിമിലെത്തിയിരിക്കുന്നത്. ലോങ്ജംപ്, ട്രിപ്ൾ ജംപ്, ഹൈജംപ് എന്നിവയിലാണ് കേരളത്തിന്റെ മെഡൽ പ്രതീക്ഷകൾ. രാജ്യാന്തരതാരം ആൻസി സോജനാണ് കേരളത്തിന്റെ ഉറച്ച മെഡൽ പ്രതീക്ഷ. എഷ്യൻ ഗെയിംസിലെ മിന്നുംപ്രകടനത്തിന് പിന്നാലെയാണ് ദേശീയ ഗെയിംസ് ലോങ്ജംപ് പിറ്റിലേക്ക് ആൻസിയെത്തുന്നത്.
ട്രിപ്ൾ ജമ്പിൽ വി. ഷീന, ലോങ്ജംപിലും ട്രിപ്ൾ ജംപിലും നയന ജെയിംസ്, ഹൈജംപിൽ എയ്ഞ്ചൽ ദേവസ്യ, ലോങ്ജംപിൽ മുഹമ്മദ് അനീസ്, പോൾവാൾട്ടിൽ മരിയ ജെയ്സൻ, ഹൈജംപിൽ എയ്ഞ്ചൽ ദേവസ്യ എന്നിവരാണ് മെഡൽ പ്രതീക്ഷകൾ. 400 മീ. ഹർഡിൽസിൽ അനു രാഘവനും ട്രാക്കിലിറങ്ങും. റിലേകളിലും ടീം സുവർണ പ്രതീക്ഷകളിലാണ്.
വിട്ടുനിന്ന് പ്രധാനതാരങ്ങൾ
അത്ലറ്റിക്സിൽ ഗുജറാത്തിലേറ്റ തിരിച്ചടിയിൽനിന്ന് തിരിച്ചുവരാനാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. കഴിഞ്ഞതവണ ഗുജറാത്തിൽ കേരളത്തിന് തിരിച്ചടിയായിരുന്നു. മൂന്ന് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവുമടക്കം 11 മെഡൽ മാത്രമായിരുന്നു സമ്പാദ്യം. 2015ൽ കേരളം ആതിഥേയത്വം വഹിച്ച ഗെയിംസിൽ 13 സ്വർണവും 14 വെള്ളിയും ഏഴ് വെങ്കലവുമടക്കം 34 മെഡലുകൾ സ്വന്തമാക്കിയിരുന്നു. എന്നാൽ, പ്രധാനതാരങ്ങൾ വിട്ടുനിൽക്കുന്നത് കേരളത്തിന് തിരിച്ചടിയാണ്.
രാജ്യാന്തര താരങ്ങളായ എൽദോസ് പോൾ, എം.പി. ജാബിർ, ജിൻസൺ ജോൺസൺ, പി. മുഹമ്മദ് അഫ്സൽ, വി. മുഹമ്മദ് അജ്മൽ, മെയ്മോൻ പൗലോസ് എന്നിവരുൾപ്പെടെ 11 പേർ കേരളത്തിനായി എത്തുന്നില്ല. എഷ്യൻ ഗെയിംസിന് പിന്നാലെയാണ് മത്സരമെന്നതും ഒളിമ്പിക്സിനുള്ള ഇന്ത്യൻ ക്യാമ്പ് രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കുന്നതും കണക്കിലെടുത്താണ് വിട്ടുനിൽക്കൽ. പരിക്കുമൂലം ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ശ്രീശങ്കർ നേരത്തെ പിന്മാറിയിരുന്നു.
ഇർഫാനും അനുവും നയിക്കും
കേരള അത്ലറ്റിക്സ് പുരുഷസംഘത്തെ ഒളിമ്പ്യൻ കെ.ടി. ഇർഫാനും വനിത സംഘത്തെ അനു രാഘവനും നയിക്കും. 60 അംഗ സംഘമാകും കേരളത്തിനായി ട്രാക്കിലും ഫീൽഡിലുമായി പോരാട്ടം നയിക്കുക. വെള്ളിയാഴ്ച ഗോവയിലെത്തിയ കേരള ടീം ശനിയാഴ്ച വൈകീട്ട് ബാംബൊലിം അത്ലറ്റിക്സ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. ആൻസി സോജൻ അടുത്ത ദിവസമാകും ടീമിനൊപ്പം ചേരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.