ദേശീയ ഗെയിംസ്: ട്രാക്കിൽനിന്ന് മടങ്ങുന്നത് സ്വർണമില്ലാതെ
text_fieldsബാംബൊലിം (ഗോവ): ദേശീയ ഗെയിംസ് അത്‍ലറ്റിക്സിന് സമാപനമായപ്പോൾ കുതിപ്പില്ലാതെ കേരളം. കുത്തകയായിരുന്ന ട്രാക്കിനങ്ങളിൽ ഒരു സ്വർണംപോലും സ്വന്തമാക്കാതെയാണ് മലയാളി സംഘത്തിന്റെ മടക്കം. മൂന്ന് സ്വർണം, അഞ്ച് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് ട്രാക്കിലും ഫീൽഡിലുമായി കേരളത്തിന്റെ മെഡൽപെരുമ. ജംപിങ് പിറ്റുകളിലായിരുന്നു ആശ്വാസനേട്ടങ്ങൾ. അത്‍ലറ്റിക്സിന്റെ സമാപനദിനമായ വെള്ളിയാഴ്ച മിക്സഡ് റിലേയിൽ വെള്ളിയും ഹൈജംപിൽ എയ്ഞ്ചൽ പി. ദേവസ്യയുടെ വെങ്കലവും മാത്രമാണ് മലയാള ക്യാമ്പിലേക്ക് എത്തിയത്.
കായികപാരമ്പര്യം ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത തമിഴ്നാടും അന്ധ്രയുമടക്കമുള്ള സംസ്ഥാനങ്ങളും കേരളം കടന്നോടി. ഒമ്പത് സ്വർണം തമിഴ്നാട് നേടിയപ്പോൾ നാല് സ്വര്‍ണമാണ് ആന്ധ്രയുടെ അക്കൗണ്ടിൽ. കേരളത്തിനൊപ്പം മൂന്ന് സ്വര്‍ണം ഉത്തര്‍പ്രദേശും സ്വന്തമാക്കിയിട്ടുണ്ട്. പോയന്റ് അടിസ്ഥാനത്തിൽ അത്‍ലറ്റിക്സിൽ സർവിസസാണ് ഒന്നാമത് (117). 114.5 പോയന്റുമായി തമിഴ്നാട് രണ്ടാമതും 104 പോയന്റുമായി ഹരിയാന മൂന്നാമതുമാണ്. 77 പോയന്റുള്ള കേരളം അഞ്ചാമതാണ്.
കഴിഞ്ഞ ഗുജറാത്ത് ദേശീയ ഗെയിംസിൽ നേടിയ മൂന്ന് സ്വർണം നിലനിർത്താനായെന്ന് കേരളത്തിന് ആശ്വസിക്കാമെങ്കിലും വെള്ളിക്കണക്കിൽ പിന്നിലായി. ഗുജറാത്തിൽ ആറ് വെള്ളിയായിരുന്നു സമ്പാദ്യം. ഇത് അഞ്ചായി കുറഞ്ഞു. അതേസമയം, വെങ്കലങ്ങളുടെ എണ്ണം വർധിച്ചു. ഗുജറാത്തിൽ രണ്ട് വെങ്കലങ്ങളായിരുന്നുവെങ്കിൽ ഗോവയിലേക്കെത്തിയപ്പോൾ ഇത് ആറായി.
2015ൽ തിരുവനന്തപുരത്ത് 13 സ്വർണവും 14 വെള്ളിയും ഏഴ് വെങ്കലവുമായിരുന്നു മലയാളി താരങ്ങൾ ട്രാക്കിൽനിന്നും ഫീൽഡിൽനിന്നുമായി വാരിയത്.
കഴിഞ്ഞതവണ വനിതകളുടെ 4X100 റിലേയിൽ സ്വർണം നേടാനായെങ്കിൽ ഇത്തവണ ട്രാക്കിനങ്ങളിൽ ഒന്നിൽപോലും സുവർണം തൊടാൻ മലയാളി താരങ്ങൾക്കായില്ല. ഏറെ പ്രതീക്ഷിച്ചിരുന്ന റിലേ പോരാട്ടങ്ങളിലും കായികപാരമ്പ്യം ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത തമിഴ്നാടിനും അന്ധ്രക്കും പിന്നിലായി.
പുരുഷ ലോങ് ജംപിൽ വൈ. മുഹമ്മദ് അനീസ്, വനിത ലോങ് ജംപിൽ ആൻസി സോജൻ, ട്രിപ്ൾ ജംപിൽ എൻ.വി. ഷീന എന്നിവരാണ് ഒന്നാംസ്ഥാനവുമായി കേരളത്തിന്റെ മാനം കാത്തത്. ലോങ് ജംപിലും ട്രിപ്ൾ ജംപിലുമായി നയന ജെയിംസ് ഇരട്ട വെള്ളിയും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.