ബിഹാറിനെ വലച്ച് കേരളം തുടങ്ങി; ആദ്യ ജയം പുരുഷ നെറ്റ്ബാളിൽ
text_fieldsദേശീയ ഗെയിംസിൽ കേരളത്തിന് വിജയത്തോടെ തുടക്കം. പുരുഷ നെറ്റ്ബാളിലാണ് സംസ്ഥാനം 36ാമത് ദേശീയ ഗെയിംസിൽ ആദ്യമായി ഇറങ്ങിയത്. 83-41ന് ബിഹാറിനെ തോൽപിച്ചു. രണ്ട് മത്സരങ്ങൾ ശേഷിക്കേ പൂൾ ബിയിൽ ഒന്നാം സ്ഥാനത്തുള്ള കേരളം സെമി ഫൈനൽ പ്രതീക്ഷ സജീവമാക്കി. ഗോൾ ഷൂട്ടർ അരുൺ 27ഉം ഗോൾ അറ്റാക്കർ ഹരികൃഷ്ണൻ 22ഉം ഗോൾ അറ്റാക്കർ അനിരുദ്ധൻ 15ഉം പോയന്റ് നേടിക്കൊടുത്ത് വിജയമുറപ്പാക്കി. ആദ്യ ക്വാർട്ടർ 26-9, രണ്ടാമത്തേതിൽ 45-18, മൂന്നാമത്തേതിൽ 66-31, അവസാനത്തേതിൽ 83-41 എന്നിങ്ങനെയായിരുന്നു സ്കോർ. ചൊവ്വാഴ്ച തെലങ്കാനയെയും ബുധനാഴ്ച ഡൽഹിയെയും കേരളം നേരിടും.
പുരുഷ വിഭാഗത്തിലെ മറ്റു മത്സരങ്ങളിൽ കരുത്തരായ ഹരിയാന 60-47ന് ഗുജറാത്തിനെയും മധ്യപ്രദേശ് 53-39ന് പഞ്ചാബിനെയും തോൽപിച്ചപ്പോൾ തെലങ്കാനയും ഡൽഹിയും 46-46ന് സമനിലയിൽപിരിഞ്ഞു. തെലങ്കാന, ഡൽഹി, ബിഹാർ ടീമുകൾ ഉൾപ്പെടുന്ന പൂൾ ബിയിലാണ് കേരളം. പൂൾ എയിൽ ഹരിയാനയും ഗുജറാത്തും പഞ്ചാബും മധ്യപ്രദേശുമാണുള്ളത്. പൂൾ ജേതാക്കളായി സെമി ഫൈനലിൽ കടക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. വനിത വിഭാഗത്തിൽ ഹരിയാന 55-39ന് ബിഹാറിനെയും കർണാടക 48-44ന് ഡൽഹിയെയും വീഴ്ത്തി. കബഡി മത്സരങ്ങൾ ഇന്നലെ അഹമ്മദാബാദിൽ തുടങ്ങി. ഇതിൽ കേരളം പങ്കെടുക്കുന്നില്ല.
വോളി: സ്പോർട്സ് കൗൺസിൽ പ്രഖ്യാപിച്ച ടീം ഇറങ്ങും
അഹമ്മദാബാദ്: ദേശീയ ഗെയിംസ് വോളിബാളിൽ കേരളത്തെ പ്രതിനിധീകരിച്ച് സംസ്ഥാന സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുത്ത ടീം തന്നെ പങ്കെടുക്കും. ഇവർക്ക് നേരത്തെ കേരള ഹൈകോടതി അനുമതി നൽകിയിരുന്നെങ്കിലും സംസ്ഥാന വോളിബാൾ അസോസിയേഷൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹരജി പക്ഷേ, ഫയലിൽ സ്വീകരിക്കാതെ തിങ്കളാഴ്ച സുപ്രീംകോടതി തള്ളി. പ്രൈം വോളി ലീഗിൽ പങ്കെടുത്ത താരങ്ങളെ ഒഴിവാക്കി വോളിബാൾ അസോസിയേഷൻ ദേശീയ ഗെയിംസിനെന്ന പേരിൽ ടീമിനെ തെരഞ്ഞെടുത്തിരുന്നു. ഇതിനെതിരെ താരങ്ങൾ കോടതിയെ സമീപിച്ചതോടെയാണ് നിയമപോരാട്ടം തുടങ്ങിയത്. വോളിബാൾ അസോസിയേഷനെ സംസ്ഥാന സ്പോർട്സ് കൗൺസിൽ സസ്പെൻഡ് ചെയ്തതിനാൽ കൗൺസിൽ ഓപൺ ട്രയൽസ് നടത്തി ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നു. ഇവരാണ് ഗെയിംസിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.