പരിക്ക്, സർവിസസ് പേടിയിൽ കേരളം യാത്ര തിരിച്ചു
text_fieldsതിരുവനന്തപുരം: താരങ്ങളുടെ പരിക്കിലും പ്രധാന കായിക താരങ്ങൾ സർവിസസിന് വേണ്ടി മത്സരിക്കുന്നതിലുമുള്ള ആശങ്കയുമായി കേരള ടീം ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ യാത്രതിരിച്ചു. കൊച്ചുവേളിയിൽനിന്നാണ് ടീം തിങ്കളാഴ്ച യാത്ര തിരിച്ചത്. 21 വനിതകളും 11 പുരുഷന്മാരും ഉൾപ്പെട്ടതാണ് സംഘം. ഒമ്പത് താരങ്ങൾ അഹ്മദാബാദിൽ നേരിട്ട് റിപ്പോർട്ട് ചെയ്യും. കോച്ചുമാരും മാനേജർമാരുമായി 14 പേരും അനുഗമിക്കുന്നു. 49 പേരടങ്ങുന്ന ടീമാണ് കേരളത്തെ പ്രതിനിധാനംചെയ്യുന്നത്.
ചില കായികതാരങ്ങൾക്ക് പരിക്കുമൂലം മത്സരിക്കാനാകുമോയെന്ന ആശങ്കയുണ്ട്. കേരളത്തിന്‍റെ മെഡൽ പ്രതീക്ഷയുള്ള താരങ്ങളിൽ പലരും ഇക്കുറി സർവിസസിനും മറ്റ് സംസ്ഥാനങ്ങൾക്കു വേണ്ടി ഇറങ്ങുന്നതും കേരളത്തിന്‍റെ മെഡൽ പ്രതീക്ഷക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നു. അത് ലറ്റിക്സിൽ കാര്യമായ മെഡൽ പ്രതീക്ഷ കേരളത്തിന് ഇല്ലെന്നതാണ് സത്യം. റിലേയിലാണ് പ്രധാന പ്രതീക്ഷ. ലോങ്ജംപ് പോലുള്ള ഇനങ്ങളിൽ നേട്ടം കൈവരിക്കാനായാൽ കേരളത്തിന് ആശ്വസിക്കാം.
മതിയായ പരിശീലനമില്ലാതെ പല താരങ്ങളും മത്സരത്തിനിറങ്ങുന്നതിലെ ആശങ്കയും കേരളത്തിനുണ്ട്. ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത താരങ്ങളുൾപ്പെടെ ദേശീയ ഗെയിംസിനെക്കുറിച്ച് ചിന്തിച്ചില്ലെന്നതാണ് മറ്റൊരു കാരണം. കേരളത്തിന്‍റെ മെഡൽ പ്രതീക്ഷയായിരുന്ന പല പ്രമുഖ താരങ്ങളും കേരളത്തിന് വേണ്ടി ഇക്കുറി മത്സരരംഗത്തിറങ്ങില്ലെന്നും വ്യക്തമായിട്ടുണ്ട്. മികച്ച താരങ്ങളെല്ലാം സർവിസസിലേക്ക് എത്തിയത് കേരളത്തെ പോലെ മറ്റ് സംസ്ഥാനങ്ങൾക്കും കടുത്ത വെല്ലുവിളി ഉയർത്തുന്നു. ഈ ആശങ്കകൾക്കിടയിലും പ്രതീക്ഷ കൈവിടാതെയാണ് തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്നു കേരള ടീം യാത്ര തിരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.