ദേശീയ ഗെയിംസ്: സ്വർണമകന്ന് കേരളം
text_fieldsബംബൊലിം (ഗോവ): ദേശീയ ഗെയിംസിൽ കേരളത്തിന് നിരാശദിനം. സ്വർണനേട്ടം അകന്നുനിന്ന വ്യാഴാഴ്ച ഒരു വെള്ളിയിലും രണ്ടു വെങ്കലത്തിലുമൊതുങ്ങി കേരളം. നീന്തലിൽ സജന്റെ ഇരട്ട മെഡൽ, തായ്ക്വോണ്ടോയിൽ എൽ. അചൽ ദേവിയുടെ വെങ്കലം എന്നിവ മാത്രമാണ് അഭിമാനനേട്ടങ്ങളായത്. അത്ലറ്റിക്സ് മത്സരങ്ങൾ വെള്ളിയാഴ്ച സമാപിക്കാനിരിക്കെ, ട്രാക്കിലും ഫീൽഡിലും സമ്പൂർണ നിരാശയായി. ഇന്നലെ അത്ലറ്റിക്സിൽ ഒരു മെഡലുപോലും കേരളത്തിന് സ്വന്തമാക്കാനായില്ല.
അതേസമയം, പുരുഷ വിഭാഗം ട്രിപ്ൾ ജംപിൽ സര്‍വിസിന്റെ മലയാളിതാരം എ.ബി. അരുണ്‍ (16.79 മീ) റെക്കോഡോടെ സ്വർണം നേടി. കൊച്ചി നേവല്‍ ബേസിലെ ഉദ്യോഗസ്ഥനായ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ അരുണ്‍, 2022ല്‍ പ്രവീണ്‍ ചിത്രവേല്‍ സ്ഥാപിച്ച റെക്കോഡാണ് (16.68) സ്വന്തം പേരിലാക്കിയത്. വെള്ളി നേടിയ സർവീസസിന്റെതന്നെ കാർത്തിക് ഉണ്ണികൃഷ്ണനും(16.57) മലയാളിയാണ്. ഗെയിംസ് എട്ടുദിനം പിന്നിട്ടപ്പോള്‍ 11 സ്വര്‍ണം, 15 വെള്ളി, 15 വെങ്കലം എന്നിവയുള്‍പ്പെടെ 41 മെഡലുകളുമായി കേരളം ഏട്ടാം സ്ഥാനത്താണ്.
നീന്തൽകുളത്തിൽ മെഡൽവേട്ട തുടരുന്ന സജനിലൂടെ രണ്ടുമെഡലുകളാണ് വ്യാഴാഴ്ച കേരള ക്യാമ്പിലേക്കെത്തിയത്. 800 മീ. ഫ്രീസ്റ്റെലിൽ വെള്ളിയും (8.15.64) 50 മീറ്റർ ബട്ടർഫ്ലൈയിൽ വെങ്കലവുമാണ് (24.78) സജന്റെ നേട്ടം. ഇതോടെ രണ്ട് സ്വർണമടക്കം മൊത്തം ഏഴ് മെഡലുകളായി സജന്റെ അക്കൗണ്ടിൽ. ഇനി മൂന്ന് ഇനങ്ങളിൽകൂടി മലയാളതാരം നീന്തൽകുളത്തിലിറങ്ങും.
തായ്ക്വോണ്ടോയിൽ 49 കിലോയിൽ താഴെയുള്ളവരുടെ ക്യോറൂഗി വിഭാഗത്തിലാണ് കേരളത്തിനായി മത്സരിച്ച മണിപ്പൂർ സ്വദേശി എൽ. അചൽ ദേവിയുടെ വെങ്കലനേട്ടം.
അതിനിടെ, വനിതകളുടെ വൂഷുവിലും പുരുഷന്മാരുടെ സെപക് താക്രോയിലും കേരളം മെഡലുറപ്പിച്ചു. വൂഷു 70 കിലോ ഫൈറ്റിങ്ങിൽ മലപ്പുറം സ്വദേശി പി.സി. സ്നേഹയാണ് സെമിയിൽ പ്രവേശിച്ചത്. സെപക് താക്രോയിൽ നിതിൻ വി. നായർ, ബേസിൽ കെ. ബാബു, ജി.എ. അക്ഷയ് എന്നിവരടങ്ങിയ ടീമാണ് ഫൈനലിൽ പ്രവേശിച്ചത്.
മണിപ്പൂരിനെ തോൽപിച്ച് പുരുഷ ഫുട്ബാളിൽ കേരളം സെമി സാധ്യതകൾ നിലനിർത്തിയെങ്കിൽ വാട്ടര്‍ പോളോയില്‍ സെമിപ്രവേശം തുലാസിലായി. മഹാരാഷ്ട്രയോട് (5-3) പരാജയപ്പെട്ടതാണ് കേരളത്തിന് തിരിച്ചടിയായത്.
200 മീറ്ററിൽ ട്രാക്കിലിറങ്ങിയ പി.ഡി. അഞ്ജലി ഏഴാമതായി. 800 മീ. ജെ. റിജോയിയും ഏഴാമനായി. 400 മീ. ഹർഡിൽസിൽ അനു രാഘവൻ ഹീറ്റ്സിൽ പുറത്തായപ്പോൾ രാജി ഓസ്റ്റിൻ ഫൈനലിൽ കടന്നു. ട്രിപ്ൾ ജംപിൽ ആകാശ് എം. വർഗീസ് ആറാംസ്ഥാനത്തായി (15.46 മീ.).
അടുത്ത ഗെയിംസ് ഉത്തരാഖണ്ഡിൽ
ദേശീയ ഗെയിംസിന്റെ അടുത്ത പതിപ്പ് ഉത്തരാഖണ്ഡിൽ നടക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വേദി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഛത്തിസ്ഗഢും രംഗത്തുണ്ടായിരുന്നെങ്കിലും ഉത്തരാഖണ്ഡിന് നറുക്ക് വീഴുകയായിരുന്നു. അടിസ്ഥാനസൗകര്യങ്ങൾ വിലയിരുത്തിയാണ് തീരുമാനമെന്ന് ഒളിമ്പിക് അസോ. അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.