ദേശീയ ഗെയിംസ്: ജിംനാസ്റ്റിക്സില്‍ കേരളത്തിന് മൂന്ന് വെള്ളിയും ഒരു വെങ്കലവും; നെറ്റ്ബാളിൽ വെള്ളി
text_fieldsദേശീയ ഗെയിംസ് ജിംനാസ്റ്റിക്സില്‍ പുരുഷ ട്രാംപോളിനില്‍ വെള്ളി നേടിയ കേരളത്തിന്റെ മനു മുരളി, വനിതാ പെയര്‍ ഇനത്തിൽ വെള്ളി നേടിയ ലക്ഷ്മി. ബി. നായര്‍, പൗര്‍ണമി ഹരിഷ്മുമാര് (ഫോട്ടോ: മുസ്തഫ അബൂബക്കർ)
റായ്പുർ: ദേശീയ ഗെയിംസ് മത്സരങ്ങൾ അവസാന നാളുകളിലേക്ക് നീങ്ങവെ ഏഴ് മെഡലുകൾ കൂടി അക്കൗണ്ടിൽ ചേർത്ത് കേരളം. ഇന്നലെ നാല് വെള്ളിയും മൂന്ന് വെങ്കലവും ലഭിച്ചു. ഇതിൽ മൂന്ന് വെള്ളിയും ഒരു വെങ്കലും ജിംനാസ്റ്റിക്സിലാണ്. പുരുഷന്മാരുടെ ഫാസ്റ്റ് ഫൈവ് നെറ്റ്ബാളിലാണ് നാലാം വെള്ളി. അത്ലറ്റിക്സില് ഒരു മെഡലും കിട്ടി. പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ മുഹമ്മദ് മുഹ്സിന് വെങ്കലം നേടി. വനിത ജൂഡോ 70 കിലോ ഗ്രാം വിഭാഗത്തില്‍ ദേവികൃഷ്ണയും വെങ്കല ജേതാവായി.
മെയ് വഴക്കം
ആക്രോബാറ്റിക് ജിംനാസ്റ്റിക്സ് മിക്സഡ് ഡബ്ള്‍സില്‍ ഫൈസല്‍ ഇംതിയാസ്-പാര്‍വതി ബി നായര്‍ സഖ്യം, മുഹമ്മദ് അജ്മല്‍, മുഹമ്മദ് സഫ്വാന്, സ്വാതിക് എം.പി, ഷിറില്‍ റുമാന്‍ ഉൾപ്പെട്ട പുരുഷ ഗ്രൂപ്പ്, പുരുഷ ട്രാംപോളിനില്‍ മനു മുരളി എന്നിവർക്കാണ് വെള്ളി. ആദ്യ റൗണ്ടില്‍ ബാലന്‍സില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മിക്സഡ് ഡബ്ള്‍സ് ടീം ഡൈനാമികിലും കംബൈനിലും മികച്ച മുന്നേറ്റം നടത്തി. ഡൈനാമികില് 18.350 പോയിന്റും കംബൈനില് 16.610 പോയിന്റുമാണ് നേടിയത്. മഹാരാഷ്ട്രക്കാണ് സ്വര്‍ണം. പുരുഷ ഗ്രൂപ്പിൽ 61.210 പോയിന്റ് നേടിയാണ് വെള്ളി. ട്രാംപോളിനില്‍ മനു 46.15 പോയന്റ് സ്വന്തമാക്കി. മഹാരാഷ്ട്രയുടെ അയുഷ സന്‍ജ് സ്വര്‍ണം നേടി. വനിതാ പെയറിൽ ലക്ഷ്മി ബി നായര്‍-പൗര്‍ണമി ഹരീക്ഷ് കുമാര്‍ സഖ്യം 43.500 പോയന്റുമായി വെങ്കലം സ്വന്തമാക്കി.
നെറ്റ്ബാൾ ഫൈനലിൽ വീണു
പുരുഷ വിഭാഗം ഫാസ്റ്റ് ഫൈവ് നെറ്റ്ബാൾ ഫൈനലില്‍ ഹരിയാനയോട് 29-32 എന്ന സ്കോറിന് കേരളം പൊരുതി വീണു. സെമിയില്‍ ജമ്മു കാശ്മീരിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലിലെത്തിയത്.
മലയാളി സ്വർണം; മുഹ്സിന് വെങ്കലം
ട്രിപ്പിള്‍ ജംപിൽ മുഹമ്മദ് മുഹ്സിന് 15.57 മീറ്റര്‍ ചാടിയാണ് വെങ്കലH നേടിയത്. തമിഴ്നാടിന്റെ പ്രവീണ്‍ ചിത്രവേല്‍ (16.50 മീറ്റര്‍) സ്വര്‍ണം സ്വന്തമാക്കി. കേരളത്തിന്റെ സെബാസ്റ്റ്യന്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
പുരുഷ 800 മീറ്ററില്‍ സര്‍വിസസിന് വേണ്ടി ഇറങ്ങിയ മലയാളി താരം മുഹമ്മദ് അഫ്സല് സ്വര്‍ണം നേടി. കേരളത്തിന്റെ ബിജോയ്, റിജോയ് സഹോദരങ്ങള്‍ അഞ്ചും ആറും സ്ഥാനത്ത് ഫിനിഷ് ചെയ്തു. അതേസമയം, വനിതാ ജൂഡോ 70 കിലോ വിഭാഗം ക്വാര്‍ട്ടറില്‍ മണിപൂര്‍ താരത്തോട് തോറ്റ് കേരളത്തിന്റെ ദേവികൃഷ്ണ റെപ്പാഷെയില്‍ മത്സരിച്ച് വെങ്കലം നേടുകയായിരുന്നു. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഡല്‍ഹിയുടെ പ്രീണയെ എകപക്ഷീയമായ ഒരു പോയന്റിന് തോല്‍പ്പിച്ചു.
നടന്നതെല്ലാം റെക്കോഡ്
റായ്പുർ: പുരുഷന്മാരുടെ 20 കിലോ മീറ്റർ നടത്തത്തിൽ തകർന്നത് 14 വർഷം പഴക്കമുള്ള ദേശീയ ഗെയിംസ് റെക്കോഡ്. 2011ൽ ഝാർഖണ്ഡിന്റെ ഗുർമീത് സിങ് സ്ഥാപിച്ച ഒരു മണിക്കൂർ 23 മിനിറ്റ് 26 സെക്കൻഡ് ഇന്നലെ ആദ്യ ആറ് സ്ഥാനക്കാരും മറികടന്നു. സ്വർണം നേടിയ സർവിസസിന്റെ തമിഴ്നാട്ടുകാരനായ സെർവിൻ സെബാസ്റ്റ്യൻ ഒരു മണിക്കൂർ 21 മിനിറ്റ് 23 സെക്കൻഡിൽ ഫിനിഷ് ചെയ്തു. രണ്ട് മുതൽ ആറ് വരെ സ്ഥാനക്കാരായ സൂരജ് പൻവാർ (ഉത്തരാഖണ്ഡ് – 1:21:34), അമൻജോത് സിങ് (പഞ്ചാബ് - 1:21:42), പരംജിത് സിങ് (സർവിസസ് - 1:22:02), രാം ബാബു (ഉത്തർപ്രദേശ്- 1:22:26), മുകേഷ് നിതർവാൾ (രാജസ്ഥാൻ - 1:22:52) എന്നിവരും നിലവിലെ റെക്കോഡ് തിരുത്തി.
അതേസമയം, വനിത 10 കിലോ മീറ്റർ നടത്തത്തിൽ ഫിനിഷ് ചെയ്ത ഒമ്പതുപേരും ഗെയിംസ് റെക്കോഡ് മറികടന്നു. 45.52 മിനിറ്റിൽ ഹരിയാനയുടെ രവീണ സ്വർണം നേടി. 2023ൽ മണിപ്പൂരിന്റെ ബാല ദേവി (51.56 മിനിറ്റ്) സ്ഥാപിച്ചതായിരുന്നു റെക്കോഡ്.
അത്ലറ്റിക്സിന് ഇന്ന് സമാപനം; കേരളത്തിന് അഞ്ച് ഫൈനല്‍
ദേശീയ ഗെയിംസില്‍ അത്ലറ്റിക്സ് മത്സരങ്ങൾ ബുധനാഴ്ച സമാപിക്കും. അഞ്ചാംനാാൾ മെഡല്‍ നേടാന്‍ കേരളം അഞ്ച് ഫൈനലുകളിൽ ഇറങ്ങും. വനിത ഹൈജംപില്‍ എയ്ഞ്ചല്‍ പി. ദേവസ്യയും ആതിരാ സോമരാജും മത്സരിക്കും. കഴിഞ്ഞ ഗെയിംസില്‍ വെങ്കലം നേടിയിരുന്നു എയ്ഞ്ചൽ. പുരുഷന്മാരുടെയും വനിതകളുടെയും 400 മീറ്റര്‍ ഹര്‍ഡ്ൽസ് ഫൈനലിലും കേരളമുണ്ട്. പുരുഷ വിഭാഗത്തില്‍ മനൂപും വനിതാ വിഭാഗത്തില്‍ അനു രാഘവനും ദില്‍ന ഫിലിപ്പും ഇറങ്ങും. 4x400 മീറ്റര്‍ മിക്സഡ് റിലേ ടീമും പുരുഷ ജാവലിന്‍ ത്രോയില്‍ ബിബിന്‍ ആന്റണിയും മത്സരിക്കുന്നുണ്ട്.
ഇന്നും മെഡൽ പ്രതീക്ഷ
ജിംനാസ്റ്റിക്സിൽ ഇന്ന് കേരളത്തിന് മത്സരമുണ്ട്. അപ്പാരിറ്റിസ് ഫൈനലില്‍ ഇറങ്ങും. ആദ്യ മെഡല്‍ ലക്ഷ്യമിടുന്ന കനോയിംങ് കയാക്കിങ്ങിൽ സി2 വനിത, പുരുഷ വിഭാഗങ്ങളിൽ മത്സരിക്കും. ടേബിള്‍ ടെന്നിസില്‍ സെമി ഫൈനൽ ലക്ഷ്യമിട്ട് വനിതാ ഡബ്ള്‍സ് ടീം ഇറങ്ങും. തമിഴ്നാടിനെതിരെയാണ് മത്സരം. ജൂഡോയില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായ അശ്വിനും അശ്വതിയും മത്സരിക്കും. കഴിഞ്ഞ രണ്ട് ദേശീയ ഗെയിംസിലും മെഡല്‍ നേടിയ താരങ്ങളാണിവർ. ഫെന്‍സിങില്‍ വനിതാ വിഭാഗം ഗ്രൂപ്പ് സാബ്രയില്‍ കേരളം മത്സരിക്കും.
അടുത്ത ഗെയിംസ് മേഘാലയയിൽ
ഡെറാഡൂൺ: 39ാമത് ദേശീയ ഗെയിംസ് വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ നടക്കും. സംസ്ഥാന മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മക്ക് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അയച്ച കത്തിലാണ് അടുത്ത വർഷം ഫെബ്രുവരിയിലോ മാർച്ചിലോ നടക്കുന്ന ഗെയിംസ് മേഘാലയക്ക് അനുവദിച്ചതായി അറിയിപ്പ്. വെള്ളിയാഴ്ച ഹൽദ്വാനിയിലെ 38ാം ഗെയിംസ് സമാപന ചടങ്ങിൽ പതാക മേഘാലയക്ക് ഔദ്യോഗികമായി കൈമാറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.