ദേശീയ ഗെയിംസ്: കേരളത്തിന് 625 അംഗ സംഘം
text_fieldsകോട്ടയം: ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസിന് കേരളത്തിൽനിന്ന് 625 അംഗ സംഘം. 496 കായികതാരങ്ങളും 129 ഒഫീഷ്യലുകളും അടങ്ങുന്നതാണ് സംഘം. 33 ഇനങ്ങളിലാകും കേരളതാരങ്ങൾ പങ്കെടുക്കുക. കഴിഞ്ഞ തവണ ആറാം സ്ഥാനത്തായിരുന്നു കേരളം ഇത്തവണ നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ്. 23 സ്വർണം, 18 വെള്ളി, 19 വെങ്കലം എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തവണത്തെ മെഡൽ നേട്ടം. വ്യാഴാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നീന്തൽ താരം ഒളിമ്പ്യൻ സാജൻ പ്രകാശ് കേരളത്തിന്റെ പതാക വഹിക്കും.
സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിൽ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ടീമുകളുടെ പരിശീലനം നടന്നു വരുകയാണ്. അതേസമയം, വോളിബാൾ, ഹാൻഡ്ബാൾ മത്സരങ്ങൾ ഒഴിവാക്കുമെന്ന സൂചന കേരള ക്യാമ്പിൽ നിരാശ പടർത്തി. കഴിഞ്ഞ തവണ വോളിബാളിൽ കേരളം ഇരട്ടസ്വർണം സ്വന്തമാക്കിയിരുന്നു. വോളിബാൾ, ഹാൻഡ്ബാൾ മത്സരങ്ങളുടെ കാര്യത്തിൽ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി തീരുമാനമൊന്നും അറിയിച്ചിട്ടില്ലെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഈ രണ്ട് ഇനങ്ങളിലും മത്സരം നടന്നാൽ കേരള ടീമുകൾ പങ്കെടുക്കുമെന്നും ഇവർ അറിയിച്ചു.
ദേശീയതലത്തിൽ കായിക സംഘടനകൾ തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളാണ് മത്സരത്തിന് വിലങ്ങുതടിയാകുന്നത്. മുൻ അന്താരാഷ്ട്ര വോളിബാൾ താരം വി.എ. മൊയ്ദീൻ നൈനയാണ് കേരള സംഘത്തലവൻ. കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ ടെക്നിക്കൽ ഓഫിസറും ദേശീയ വാട്ടർ പോളോ പരിശീലകനുമായ ജി. ശ്രീകുമാർ, കേരള ഒളിമ്പിക് അസോസിയേഷൻ ജോയന്റ് സെക്രട്ടറി യു.ആർ. ജയകൃഷ്ണൻ എന്നിവരാണ് ഡെപ്യൂട്ടി ചീഫ് ഡി മിഷൻമാർ.
ഇതിനിടെ കേരളത്തിൽനിന്നുള്ള ആദ്യ സംഘം കഴിഞ്ഞദിവസം ഗോവയിൽ എത്തിയിരുന്നു. ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ചയാണെങ്കിലും ഷട്ടിൽ ബാഡ്മിന്റൺ, നെറ്റ്ബാൾ, ബാസ്കറ്റ്ബാൾ, ജിംനാസ്റ്റിക് എന്നിവയുടെ പ്രാഥമിക മത്സരങ്ങൾ തുടങ്ങി. ഞായറാഴ്ച നടന്ന നെറ്റ്ബാൾ പ്രാഥമിക റൗണ്ടിലെ ആദ്യമത്സരത്തിൽ കേരളത്തിന്റെ പുരുഷ ടീം ഡൽഹിയെ പരാജയപ്പെടുത്തി (58-45).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.