ദേശീയ ഗെയിംസ്; ചപ്പോറയിൽ കണ്ണീർ
text_fieldsപനാജി (ഗോവ): ചപ്പോറ നദിയിൽ കേരളത്തിന്റെ കണ്ണീർ. ദേശീയ ഗെയിംസ് വനിതകളുടെ കനോയിങ്ങിൽ ഫോട്ടോഫിനിഷിൽ സ്വർണനഷ്ടം. 500 മീറ്റർ സി 2 ഇനത്തിൽ മധ്യപ്രദേശാണ് മൈക്രോസെക്കൻഡുകൾക്ക് കേരളത്തെ പിന്നിലാക്കി സ്വർണമണിഞ്ഞത്. ഒന്നാംസ്ഥാനം ലഭിച്ചെന്നു കരുതി കേരളസംഘം ആരവത്തോടെ ആഘോഷത്തിന് തുടക്കമിട്ടെങ്കിലും വെള്ളിയെന്ന ഔദ്യോഗിക സ്ഥിരീകരണം എത്തിയതോടെ സന്തോഷം കണ്ണീരിന് വഴിമാറി.
മേഘ പ്രദീപ്, അക്ഷയ സുനിൽ എന്നിവരടങ്ങിയ ടീമാണ് വെള്ളിയിലേക്ക് തോണി തുഴഞ്ഞത്. ഇതിനൊപ്പം കയാക്കിങ്ങിൽ രണ്ടു വെങ്കലവും കേരളത്തിന് ലഭിച്ചു. ഈ മൂന്നു മെഡലുകൾ മാത്രമാണ് ഞായറാഴ്ച കേരളത്തിന്റെ ശേഖരത്തിലേക്ക് എത്തിയത്. നിലവിൽ 15 സ്വര്‍ണവും 19 വെള്ളിയും 21 വെങ്കലവുമടക്കം 55 മെഡലുകളുമായി ഒമ്പതാം സ്ഥാനത്താണ്.
കയാക്കിങ് മത്സരത്തിൽ വനിതകളുടെ 500 മീറ്ററിൽ കെ 1 ഇനത്തിൽ ജി. പാർവതിയും വനിതകളുടെ 500 മീ. കെ 2ൽ ജി. പാർവതിയും ട്രീസ ജേക്കബും അടങ്ങിയ സംഘവുമാണ് വെങ്കലം സ്വന്തമാക്കിയത്. ഗെയിംസ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മഹാരാഷ്ട്ര കുതിപ്പ് തുടരുകയാണ്. 67 സ്വര്‍ണവും 61 വെള്ളിയും 65 വെങ്കലവുമടക്കം 193 മെഡലുകളാണ് അക്കൗണ്ടിൽ.
‘കടം വാങ്ങിയ’ ബോട്ടിൽ കേരളം
പനാജി: ദേശീയ ഗെയിംസിൽ മറ്റു സംസ്ഥാനങ്ങൾ താരങ്ങളെ ‘പൊന്നുപോലെ’ നോക്കുമ്പോൾ ബോട്ട് കടംവാങ്ങാൻ കേരളസംഘത്തിന്റെ മത്സരം. കനോയിങ്-കയാക്കിങ് മത്സരങ്ങളിലാണ് അനുയോജ്യമായ ബോട്ടുതേടി കേരളതാരങ്ങൾ നെട്ടോട്ടമോടിയത്. ഒടുവിൽ സർവീസസ് കനിഞ്ഞതോടെ ഇവരുടെ ബോട്ടുകളിൽ മെഡൽവേട്ട. ഞായറാഴ്ച നടന്ന കനോയിങ്-കയാക്കിങ് മത്സരങ്ങളിലായിരുന്നു കേരളത്തിന്റെ ‘കടം വാങ്ങൽ’.
കനോയിങ്-കയാക്കിങ് ബോട്ടുകളില്ലാതെയാണ് കേരളം ഗോവയിലെത്തിയത്. സംഘാടകൾ ബോട്ടുകൾ നൽകുമെങ്കിലും ഇത് പലപ്പോഴും അനുയോജ്യമാകാറില്ല. ബോട്ടിന്റെ വലുപ്പത്തിലെ വ്യത്യാസമടക്കം മത്സരാർഥികളുടെ പ്രകടനത്തെ ബാധിക്കും. ഇതോടെയാണ് മികച്ച ബോട്ടുതേടി കേരള താരങ്ങൾ സർവീസസിനെ സമീപിച്ചത്.
കേരള കയാക്കിങ്-കനോയിങ് അസോസിയേഷന് ബോട്ട് ഉണ്ടെങ്കിലും അത് ഗോവയില്‍ എത്തിക്കാന്‍ ഒന്നര ലക്ഷത്തോളം രൂപ വേണം. ഇതിനായി അസോസിയേഷൻ സ്പോര്‍ട്സ് കൗണ്‍സിലിനെ സമീപിച്ചെങ്കിലും പണം നല്‍കിയില്ല. ഇതോടെ ബോട്ടുകളില്ലാതെ ഗോവയിലേക്ക് ടീം എത്തുകയായിരുന്നു.
സർവീസസ് ബോട്ടിൽ മത്സരിച്ചതിനു പിന്നാലെ വീണ്ടും താരങ്ങൾ മുൾമുനയിലായി. സർവീസസ് താരങ്ങളുടെ പേരെഴുതിയ ബോട്ടുകളിലായിരുന്നു കേരളം മത്സരിച്ചത്. ഇത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എതിരാളികളായ മധ്യപ്രദേശ് അപ്പീൽ നൽകി. ഇത് ഏറെനേരം കേരള ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചെങ്കിലും ഒടുവിൽ അപ്പീല്‍ തള്ളി കേരളത്തിന്റെ മെഡലുകൾ അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.