ദേശീയ ഗെയിംസ്; വോളിബാൾ പുറത്തായേക്കും
text_fieldsകോട്ടയം: കേരളത്തിന്റെ സുവർണ പ്രതീക്ഷക്ക് തിരിച്ചടിയായി ദേശീയ ഗെയിംസിൽനിന്ന് വോളിബാൾ പുറത്തായേക്കും. ദേശീയതലത്തിൽ വോളിബാൾ സംഘടനകൾ തമ്മിലെ തർക്കങ്ങളാണ് മത്സരത്തിന് വിലങ്ങുതടിയാകുന്നത്. നിലവിൽ അഡ്ഹോക് കമ്മിറ്റിക്കാണ് വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (വി.എഫ്.ഐ) ഭരണച്ചുമതല.
ഇവർ ദേശീയ ഗെയിംസിലേക്ക് ടീമുകളെ ശിപാർശ ചെയ്യാത്തതാണ് തിരിച്ചടിയാകുന്നത്. ദേശീയ ഗെയിംസിലേക്ക് എട്ട് ടീമിനെയാണ് ശിപാർശ ചെയ്യേണ്ടത്. ടീമുകളില്ലാത്ത സാഹചര്യത്തിൽ മത്സരം ഉപേക്ഷിക്കുമെന്നാണ് സൂചന.
ദേശീയ ചാമ്പ്യൻഷിപ് നടക്കാത്തതിനാൽ മികച്ച എട്ടു ടീമുകളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് അഡ്ഹോക് കമ്മിറ്റി നിലപാട്. അഡ്ഹോക് കമ്മിറ്റി തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ദേശീയ ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരം താരങ്ങൾക്ക് നിഷേധിക്കുന്നത് നീതികേടാണെന്ന നിലപാടുമായി മുൻ താരങ്ങളും രംഗത്തെത്തി. എഷ്യൻ ഗെയിംസിൽ ഇന്ത്യൻ വോളി ടീമുകൾ മികച്ച പ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദേശീയ ഗെയിംസിൽനിന്ന് പുറത്താകുന്ന സ്ഥിതി.
അതേസമയം, വോളിബാൾ ഒഴിവാക്കിയതായി ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഒളിമ്പിക് അസോസിയേഷന്റെ ടെക്നിക്കൽ കമ്മിറ്റിയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഇവരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. 37 വർഷത്തിനുശേഷം കഴിഞ്ഞ ദേശീയ ഗെയിംസിൽ പുരുഷ-വനിത വിഭാഗങ്ങളിൽ കേരളം സ്വർണം നേടിയിരുന്നു. ഇത്തവണ ഗോവയിൽ നടക്കുന്ന ഗെയിംസിനായി കേരള ടീമുകൾ പരിശീലനവും ആരംഭിച്ചിരുന്നു.
തീരുമാനം നിരാശജനകമാണെന്ന് കേരള വോളി പരിശീലകൻ കിഷോർ കുമാർ പറഞ്ഞു. ഗെയിംസിൽ പങ്കെടുക്കാൻ അനുമതി തേടി ഹൈകോടതിയെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.