വിദ്യ, നിത്യ തങ്കച്ചിറകേറിയ ഇരട്ട സ്വപ്നങ്ങൾ
text_fieldsബംഗളൂരു: ബംഗളൂരുവിൽ സമാപിച്ച ദേശീയ ഓപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ സമാപന ചടങ്ങിൽ എല്ലാവരുടെയും കണ്ണ് തമിഴ്നാട്ടുകാരി വിദ്യ രാംരാജിലായിരുന്നു. മലയാളത്തിന്റെ അഭിമാനം ലോക അത്ലറ്റിക്സ് ഭൂപടത്തിലേക്ക് എഴുതിച്ചേർത്ത പി.ടി. ഉഷ 400 മീറ്റർ ഹർഡ്ൽസിൽ 39 വർഷം കാത്തുസൂക്ഷിച്ച റെക്കോഡ് തകർന്നത് വിദ്യയുടെ ശരവേഗത്തിന് മുന്നിലായിരുന്നു. 1985ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ ഉഷ കുറിച്ച 56.80 സെക്കൻഡാണ് വിദ്യ 56.23 സെക്കൻഡായി തിരുത്തിയത്. വിദ്യയുടെ നേട്ടം ഒട്ടും ആകസ്മികമല്ല. ഈയിനത്തിൽ വിദ്യയുടെ മികച്ച സമയം ദേശീയ റെക്കോഡ് പങ്കിട്ട 55.42 സെക്കൻഡാണ്. കഴിഞ്ഞവർഷം ചൈനയിലെ ഹാങ്ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ ഹീറ്റ്സിലായിരുന്നു ഇത്. എന്നാൽ, ഫൈനലിൽ 55.68 സെക്കൻഡിൽ വെങ്കലത്തിലേക്ക് പ്രകടനം ചുരുങ്ങി. അതേസമയം, 1984ൽ ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ ഉഷ കുറിച്ച 55.42 എന്ന ചരിത്ര സമയത്തിലേക്കാണ് ഹാങ്ഷൗവിൽ വിദ്യ ഓടിയെത്തിയതെന്നതാണ് ശ്രദ്ധേയം. അതിനും ഒരു മാസം മുമ്പ്, ചണ്ഡിഗഢിൽ നടന്ന ദേശീയ മീറ്റിൽ 0.01 സെക്കൻഡിന് വിദ്യക്ക് ദേശീയ റെക്കോഡ് നഷ്ടമായിരുന്നു. ബംഗളൂരു മീറ്റിൽ വിദ്യ 4x400 മീ. റിലേയിലും സ്വർണം നേടിയിരുന്നു.
100 മീ, 100 മീ. ഹർഡ്ൽസ്, 400 മീ, 400 മീ. ഹർഡ്ൽസ്, റിലേ ഇനങ്ങളിൽ പതിവായി മത്സരിക്കുന്ന വിദ്യയിൽനിന്ന് ഇനിയും മികച്ച പ്രകടനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. 25കാരിയായ താരം റെയിൽവേക്കുവേണ്ടിയാണ് ബംഗളൂരുവിൽ സ്പൈക്കണിഞ്ഞത്. വിദ്യയുടെ ഇരട്ട സഹോദരി നിത്യ രാംരാജ് തമിഴ്നാടിനായി 100 മീറ്റർ ഹർഡ്ൽസിൽ തങ്കം കൊയ്തു. ഈയിനത്തിലെ ദേശീയ റെക്കോഡുകാരി ജ്യോതിയാരാജിക്കൊപ്പം ഇഞ്ചോടിഞ്ച് പോരാടുന്ന നിത്യ കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മത്സരിച്ചിരുന്നു. ബംഗളൂരുവിൽ ജ്യോതിയാരാജി വിട്ടുനിന്നു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ആദ്യ ഇരട്ട സഹോദരങ്ങളെന്ന റെക്കോഡും ഇവർക്കു സ്വന്തം. തമിഴ്നാട് കോയമ്പത്തൂർ സ്വദേശികളായ വിദ്യയും നിത്യയും സാധാരണ കുടുംബത്തിൽനിന്ന് പൊരുതി വളർന്ന താരങ്ങളാണ്. ഇരട്ടത്തങ്കങ്ങൾ ട്രാക്കിൽ നേട്ടങ്ങൾ തീർക്കുമ്പോൾ ട്രക്ക് ഡ്രൈവറായ രാംരാജിനും വീട്ടമ്മയായ മീനക്കും അഭിമാനത്തിളക്കം. ചെന്നൈയിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥയാണ് നിത്യ. റെയിൽവേ പാലക്കാട് ഡിവിഷനിൽ സീനിയർ ക്ലർക്കാണ് വിദ്യ.
വിദ്യ രാംരാജിന്റെ ചരിത്രനേട്ടത്തിന് പുറമെ, ബംഗളൂരുവിൽ നടന്ന മീറ്റിൽ മറ്റു രണ്ട് മീറ്റ് റെക്കോഡുകൾകൂടി പിറന്നിരുന്നു. പുരുഷന്മാരുടെ 5000 മീറ്റർ വിഭാഗത്തിൽ സർവിസസിന്റെ ഗുൽവീർ സിങ് 1994ൽ ബഹാദൂർ സിങ് കുറിച്ച 13 മിനിറ്റും 54.72 സെക്കൻഡും എന്ന റെക്കോഡ് മറികടന്നു. പുരുഷന്മാരുടെ 200 മീറ്ററിൽ കഴിഞ്ഞവർഷം അനിമേഷ് കുറിച്ച 20.74 സെക്കൻഡ് എന്ന സമയം തമിഴ്നാടിന്റെ നിധിൻ 20.66 സെക്കൻഡായി തിരുത്തി. രണ്ടാമതെത്തിയ റെയിൽവേസിന്റെ എൻ. ശ്രീനിവാസും അനിമേഷിന്റെ സമയം മറികടന്നു; 20.67 സെക്കൻഡ്. ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവായ മലയാളി താരം പി. മുഹമ്മദ് അഫ്സൽ സർവിസസിനായി 800 മീറ്ററിൽ സ്വർണവും നേടി. പാലക്കാട് ഒറ്റപ്പാലം പാലപ്പുറം സ്വദേശിയായ മുഹമ്മദ് അഫ്സൽ എയർഫോഴ്സിൽ ഉദ്യോഗസ്ഥനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.