ദേശീയ ഓപൺ മീറ്റ്; റെയിൽവേസിന് ഓവറോൾ
text_fieldsബംഗളൂരു: അറുപത്തിരണ്ടാമത് ദേശീയ ഓപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 220 പോയന്റുമായി റെയിൽവേസിന് ഓവറോൾ കിരീടം. പുരുഷ വിഭാഗത്തിൽ 175 പോയന്റുമായി സർവിസസും വനിത വിഭാഗത്തിൽ 156 പോയന്റുമായി റെയിൽവേസും ചാമ്പ്യന്മാരായി. കേരളത്തിന്റെ മെഡൽനേട്ടം ഒരു സ്വർണത്തിലും വെങ്കലത്തിലും ഒതുങ്ങി. സർവിസസിന്റെ ഡി.പി. മനുവാണ് മികച്ച പുരുഷ താരം.
മഹാരാഷ്ട്രയുടെ യമുന ലദ്കത് മികച്ച വനിതാതാരമായി. പുരുഷന്മാരുടെ 20 കി.മീ. നടത്തത്തിൽ കേരളത്തിനായി ബിലിൻ ജോർജ് ആന്റോ സ്വർണം നേടി. മീറ്റിൽ കേരളത്തിന്റെ ആദ്യ സ്വർണ നേട്ടമാണിത്. നേരത്തേ വനിത പോൾവാൾട്ടിൽ മരിയ ജയ്സൺ കേരളത്തിനായി വെങ്കലം നേടിയിരുന്നു.
കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ബിലിൻ ജോർജ് കോതമംഗലം എം.എ കോളജ് വിദ്യാർഥിയാണ്. 20 കി.മീ. വിഭാഗത്തിൽ ദേശീയതലത്തിൽ ആദ്യ ശ്രമത്തിൽതന്നെ സ്വർണം നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് 18കാരനായ ബിലിൻ പറഞ്ഞു. 4x100 മീറ്റർ റിലേ പുരുഷ-വനിത വിഭാഗങ്ങളിലും പുരുഷന്മാരുടെ ജാവലിൻത്രോയിലും മീറ്റ് റെക്കോഡ് തിരുത്തിയ പ്രകടനം അരങ്ങേറി.
4x100 മീറ്റർ റിലേ പുരുഷ വിഭാഗത്തിൽ തമിഴ്നാട് ടീം സ്വർണവും ഒഡിഷ ടീം വെള്ളിയും നേടി. കഴിഞ്ഞവർഷം ബംഗളൂരുവിൽ നടന്ന ചാമ്പ്യൻഷിപ്പിൽ റെയിൽവേസ് ടീം സ്ഥാപിച്ച 39.75 സെക്കൻഡ് എന്ന റെക്കോഡാണ് തകർന്നത്. എസ്. തമിളരശു, സായ്സിദ്ധാർഥ്, രഘുൽ കുമാർ, കതിരവൻ എന്നിവരടങ്ങിയ ടീം 39.42 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ഒഡിഷ ടീം 39.74 സെക്കൻഡിലും ടച്ച് ലൈൻ തൊട്ടു.
100 മീറ്ററിലെ റെക്കോഡുകാരൻ മണികണ്ഠ, രണ്ടാം സ്ഥാനക്കാരൻ നിഖിൽ പാട്ടീൽ എന്നിവർ അണിനിരന്ന സർവിസസ് വെങ്കലത്തിലൊതുങ്ങി. അർജുൻ, പി.കെ. ജിഷ്ണുപ്രസാദ്, ബി. ബിബിൻ, സി.വി. അനുരാഗ് എന്നിവരടങ്ങുന്ന കേരള ടീം അഞ്ചാമതായി.
വനിത വിഭാഗത്തിൽ മലയാളി താരം അഞ്ജലി പി.ഡി അടങ്ങുന്ന റെയിൽവേസ് ടീമാണ് 44.87 സെക്കൻഡുമായി മീറ്റ് റെക്കോഡ് തിരുത്തിയത്. നിത്യ, അവന്തിക, ദാനേശ്വരി എന്നിവരാണ് ടീം അംഗങ്ങൾ. കഴിഞ്ഞ വർഷം റെയിൽവേസ് ടീംതന്നെ കുറിച്ച 44.98 സെക്കൻഡിന്റെ റെക്കാഡാണ് വീണത്. തമിഴ്നാട്, പഞ്ചാബ് ടീമുകൾ വെള്ളിയും വെങ്കലവും നേടി.
പുരുഷ ജാവലിൻത്രോയിൽ 82.06 മീറ്റർ താണ്ടി സർവിസസിന്റെ ഡി.പി. മനുവാണ് മറ്റൊരു റെക്കോഡ് നേട്ടക്കാരൻ. കഴിഞ്ഞവർഷം ബംഗളൂരുവിൽ കുറിച്ച തന്റെതന്നെ റെക്കോഡാണ് മനു തിരുത്തിയത്. രാജസ്ഥാന്റെ യശ്വീർ സിങ് വെള്ളിയും ഒഡിഷയുടെ വിക്രാന്ത് മാലിക് വെങ്കലവും നേടി. മത്സരഫലങ്ങൾ (സ്വർണം, വെള്ളി, വെങ്കലം എന്നീ ക്രമത്തിൽ): പുരുഷ വിഭാഗം 400 മീ. - കെ. അവിനാഷ് (ഒ.എൻ.ജി.സി), തീർഥേഷ് ഷെട്ടി (കർണാടക), അക്ഷയ് നൈൻ (സർവിസസ്).
വനിത വിഭാഗം 400 മീ. - ദണ്ഡി ശ്രീ (ആന്ധ്ര), സിമർജീത് കൗർ (പഞ്ചാബ്), കവിത (പൊലീസ്). വനിത വിഭാഗം 1500 മീ.- പൂജ, ലിലി ദാസ് (ഇരുവരും റെയിൽവേ), സ്നേഹ മാലിക് (ഹരിയാന). പുരുഷ വിഭാഗം 1500 മീ. -അഭിഷേക ഠാകുർ (സർവിസസ്), സാക്ഷി സിങ് (ബിഹാർ), അർജുൻ വസ്കലെ (ഒ.എൻ.ജി.സി). വനിത വിഭാഗം 20 കി.മീ. നടത്തം- മുനിത പ്രജാപതി (റെയിൽവേസ്), വന്ദന (കർണാടക), പൂജ കുമാവത് (രാജസ്ഥാൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.