‘കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം’; നീരജ് ചോപ്രയെ പരിശീലിപ്പിക്കാൻ ഇനിയില്ലെന്ന് കോച്ച്
text_fieldsന്യൂഡൽഹി: അഞ്ച് വർഷത്തിലേറെ ഒളിമ്പ്യൻ നീരജ് ചോപ്രക്ക് പരിശീലനം നൽകിയ ജർമൻ ബയോമെക്കാനിക്കൽ എക്സ്പേർട്ട് ക്ലോസ് ബർതോണിയറ്റ്സ് സേവനം അവസാനിപ്പിക്കുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കൂടുതൽ സമയം വേണമെന്ന് കാണിച്ചാണ് 75കാരനായ ബർതോണിയറ്റ്സ് നാട്ടിലേക്ക് മടങ്ങുന്നത്. ബർതോണിയറ്റ്സ് പരിശീലനം നൽകിയ കാലയളവിലാണ് ജാവലിൻ ത്രോ താരമായ നീരജ് രണ്ട് വീതം ഒളിമ്പിക്, ലോക ചാമ്പ്യൻഷിപ് മെഡലുകളും ഏഷ്യൻ ഗെയിംസ് മെഡലും നേടിയത്.
“കോച്ച് ക്ലോസ് ബർതോണിയറ്റ്സ് ഈ സീസൺ കഴിയുന്നതോടെ ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിന്‍റെയും നീരജ് ചോപ്രയുടെയും പരിശീലക സ്ഥാനം ഒഴിയുകയാണ്. ഒക്ടോബർ പകുതിയോടെ അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങും. 2022 മേയ് വരെ അദ്ദേഹം മറ്റ് ജാവലിൻ താരങ്ങൾക്കും പരിശീലനം നൽകിയിരുന്നു. ജാവലിൻ കോച്ചുമാർക്കുള്ള കോഴ്സും അദ്ദേഹം സംഘടിപ്പിച്ചു.
75 വയസ്സ് പിന്നിട്ട അദ്ദേഹത്തിന് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന് അറിയിച്ചിരിക്കുകയാണ്. 2021ൽ തന്നെ സേവനം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, ഞങ്ങളുടെ ആവശ്യപ്രകാരം തുടരുകയായിരുന്നു. എന്നാൽ ഇത്തവണ മടങ്ങാനുള്ള തീരുമാനത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്” -അത്‌ലറ്റിക്സ് ഫെഡറേഷൻ മുഖ്യപരിശീലകൻ രാധാകൃഷ്ണൻ നായർ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.
2019ലാണ് ക്ലോസ് ബർതോണിയറ്റ്സ് അത്‌ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യക്കൊപ്പം ചേർന്നത്. നേരത്തെ നീരജ് ചോപ്രയെ പ്രശംസിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്‍റെ വാക്കുകൾ ശ്രദ്ധേയമായിരുന്നു. നീരജ് ഏറെ വ്യത്യസ്തനായ കായിക താരമാണ്. നീരജ് കഠിനാധ്വാനം ചെയ്യാൻ മടിയില്ലാത്ത താരമാണെന്നും മാനസികമായി കരുത്തനാണെന്നും ബർതോണിയറ്റ്സ് പറഞ്ഞു. മത്സരിക്കുന്ന കായിക ഇനത്തെക്കുറിച്ചും സ്വന്തം ശരീരത്തെക്കുറിച്ചും നീരജിന് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.