ദോഹ ഡയമണ്ട് ലീഗിൽ വെള്ളിയോടെ തുടങ്ങി നീരജ്
text_fieldsദോഹ: ഒളിമ്പിക്സ് സുവർണ സ്വപ്നങ്ങളിലേക്ക് പുതിയ വർഷത്തിൽ ജാവലിനുമായിറങ്ങിയ ഇന്ത്യയുടെ സൂപ്പർ താരം നീരജ് ചോപ്രക്ക് ദോഹ ഡയമണ്ട് ലീഗിൽ വെള്ളിയോടെ തുടക്കം. 90മീറ്റർ എന്ന സ്വപ്ന ദൂരം ലക്ഷ്യംവെച്ച് സീസണിലെ ആദ്യ അങ്കത്തിനിറങ്ങിയ നീരജിന് 88.36 മീറ്റർമാത്രമേ ഖത്തറിൽ എറിയാൻ കഴിഞ്ഞുള്ളൂ.
നിത്യവൈരി ചെക്ക് റിപ്പബ്ലിക്കിന്റെ യാകുബ് വാഡ്ലെയുമായി രണ്ട് സെൻറീമീറ്ററിന് പിന്തള്ളപ്പെട്ട ഇന്ത്യൻ താരത്തിന് സീസൺ മികവോടെ തുടങ്ങിയെന്ന് ആശ്വസിക്കാം. തന്റെ മൂന്നാം ശ്രമത്തിൽ 88.38 മീറ്റർ എറിഞ്ഞാണ് വാഡ്ലെ ഡയമണ്ട് ലീഗിലെ സ്വർണ ദൂരം സ്വന്തമാക്കിയത്. എന്നാൽ, ആദ്യശ്രമം ഫൗളിൽ തുടങ്ങിയ നീരജ് ഓരോ ഏറും മെച്ചപ്പെടുത്തി കുതിച്ചു. രണ്ടാം ശ്രമത്തിൽ 84.93 മീറ്ററിലായിരുന്നു തുടക്കം, ഏറ്റവും ഒടുവിൽ ആറാമത്തെ ശ്രമത്തിൽ 88.36 മീറ്റർ എറിഞ്ഞ് സീസണിലെ മികച്ച ദൂരത്തേക്ക് ജാവലിൻ പായിച്ച് പാരീസ് ഒളിമ്പിക്സിലെ മെഡൽ യാത്രയിലേക്ക് സ്റ്റാർട്ട് ചെയ്തു.
അതേസമയം, ജാവലിനിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം കിഷോർകുമാർ ജെനക്ക് 76.31 മീറ്ററിൽ ഒമ്പതാം സ്ഥാനം മാത്രമേ നേടാനായുള്ളൂ. ടോക്യോ ഒളിമ്പിക്സിലും കഴിഞ്ഞ ലോകചാമ്പ്യൻഷിപ്പിലും സ്വർണം നേടിയ നീരജിന്, 2023 ദോഹ ഡയമണ്ട് ലീഗിലെ പ്രകടനം (88.67മീറ്റർ) ഇത്തവണ എത്താൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.