ചെസിൽ പുതുചരിത്രം; പ്രഗ്നാനന്ദക്ക് പിന്നാലെ സഹോദരി വൈശാലിയും ഗ്രാന്‍ഡ്‌മാസ്റ്റര്‍
text_fieldsചെന്നൈ: ഇന്ത്യന്‍ ചെസിലെ യുവപ്രതിഭ ആര്‍. പ്രഗ്നാനന്ദക്ക് പിന്നാലെ മൂത്ത സഹോദരി ആര്‍. വൈശാലിക്കും ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവി. ചെസ് ചരിത്രത്തില്‍ ആദ്യമായാണ് സഹോദരി സഹോദരന്മാര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്നത്. കൊനേരു ഹംപിക്കും ഡി. ഹരികക്കും ശേഷം ഗ്രാന്‍ഡ്‌മാസ്റ്റര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വനിത താരമെന്ന നേട്ടവും വൈശാലി സ്വന്തമാക്കി.
സ്പെയിനില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ തുർക്കിയ താരം ടാമെര്‍ താരിഖ് സെല്‍ബെസിനെ രണ്ടാം റൗണ്ടിൽ പരാജയപ്പെടുത്തി 2500 ഫിഡെ റേറ്റിങ് പോയന്‍റ് മറികടന്നതോടെയാണ് വൈശാലി ഗ്രാന്‍ഡ് മാസ്റ്ററായത്. ഇന്ത്യയുടെ 83ാമത്തെ ഗ്രാന്‍ഡ് മാസ്റ്ററാണ് 22കാരി.
ഏപ്രിലില്‍ ടൊറാന്‍റോയിൽ നടക്കാനിരിക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കും പ്രഗ്നാനന്ദയും വൈശാലിയും യോഗ്യത നേടിയിട്ടുണ്ട്. 2015ൽ ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 വിഭാഗത്തിൽ ജേതാവായാണ് വൈശാലി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നത്.
10 വയസ്സുള്ളപ്പോൾ ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷനൽ മാസ്റ്റർ, 12 വയസ്സുള്ളപ്പോൾ ഗ്രാന്‍ഡ് മാസ്റ്റർ പദവികളിലെത്തിയയാളാണ് പ്രഗ്നാനന്ദ. 2002ല്‍ പതിനഞ്ചാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്ററായ കൊനേരു ഹംപിയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാന്‍ഡ് മാസ്റ്റർ. ഗ്രാന്‍ഡ് മാസ്റ്റര്‍ നേട്ടത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് ഉൾപ്പെടെയുള്ളവർ വൈശാലിയെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.