ട്രാക്കിൽ പിടിക്കാൻ കേരളം അത് ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്നു മുതൽ
text_fieldsമഹാറാണ പ്രതാപ് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്ന കേരള അത്ലറ്റിക് താരങ്ങൾ
ഡെറാഡൂൺ: ദേശീയ ഗെയിംസ് അത്ലറ്റിക്സ് മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമാവും. റായ്പുരിലെ ഗംഗ അത്ലറ്റിക് ഗ്രൗണ്ടിൽ അഞ്ച് ദിവസം നീളുന്ന മത്സരങ്ങളിൽ പ്രതീക്ഷയോടെയാണ് കേരളം ഇറങ്ങുന്നത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവരിൽ മിക്കവരും പട്ടികയിലില്ലെങ്കിലും മെഡലുകൾ നേടാനുള്ള തയാറെടുപ്പിലാണ് കേരളം. ടീം കഴിഞ്ഞ ദിവസം രണ്ട് സംഘങ്ങളായി ഡെറാഡൂണിലെത്തി. ആദ്യത്തെതില്‍ 34ഉം രണ്ടാമത്തെതിൽ 31ഉം പേരാണ് ഉണ്ടായിരുന്നത്. 51 പേരാണ് താരങ്ങൾ. മാനേജറും പരിശീലകരും ഉള്‍പ്പെടെ 65 പേരാണ് സംഘത്തിലുള്ളത്. ഇന്നലെ പകൽ താരങ്ങൾ പരിശീലനം നടത്തി.
ഒന്നാംദിനം പത്ത് ഫൈനലുകളുണ്ട്. രാവിലെ എട്ടിന് 10,000 മീറ്റർ ഓട്ടത്തോടെ തുടക്കമാവും. ഈ ഇനത്തിൽ കേരളത്തിൽ നിന്ന് പുരുഷന്മാരാരുമില്ല. വനിതാ വിഭാഗത്തില്‍ റീജ അന്ന ജോര്‍ജ് മത്സരിക്കും. 9.25 ന് ഡെക്കാത്ലണ്‍ മത്സരങ്ങള്‍ ആരംഭിക്കും. കഴിഞ്ഞ ഗെയിംസിൽ കേരളത്തിനായി വെങ്കലം നേടിയ തൗഫീഖ് ഇതിൽ ഇറങ്ങും. പോൾവോൾട്ട് ഫൈനൽ ഇന്നാണ്. വനിതകളിൽ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായ മരിയ ജയ്സനും കൃഷ്ണ റച്ചനും മത്സരിക്കും. പുരുഷ ലോങ് ജംപിൽ സി.വി അനുരാഗ്, ഡിസ്കസ് ത്രോയിൽ അലക്സ് തങ്കച്ചൻ എന്നിവരും ഇറങ്ങും. വേഗതാരങ്ങളെ തീരുമാനിക്കുന്ന 100 മീറ്റർ ഫൈനലുകൾ ഇന്നാണെങ്കിലും കേരളത്തിന് പ്രാതിനിധ്യമില്ല. 400 മീറ്റർ ഹീറ്റ്സ് മത്സരങ്ങൾക്ക് പുരുഷന്മാരിൽ ടി.എസ് മനുവും വനിതകളിൽ കെ. സ്നേഹയുമുണ്ട്. ഒളിമ്പ്യൻ ജിസ്ന മാത്യു യോഗ്യത നേടിയിരുന്നെങ്കിലും പിന്മാറി.
മൂന്ന് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമായിരുന്നു ഗോവ ഗെയിംസിൽ കേരളത്തിന്റെ നേട്ടം. വനിത ട്രിപ്പ്ൾ ജംപിൽ എൻ.വി ഷീന, ലോങ് ജംപിൽ ആൻസി സോജൻ, ഈ ഇനത്തിലെ പുരുഷ വിഭാഗത്തിൽ മുഹമ്മദ് അനീസ് എന്നിവരാണ് കഴിഞ്ഞ തവണ സ്വർണം സ്വന്തമാക്കിയത്. ഇവരിൽ അനീസും ആൻസിയും ഇക്കുറിയില്ല. ഒളിമ്പ്യന്മാരായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (ഇരുവരും 400 മീ., 4x400 മീ. റിലേ), എം. ശ്രീശങ്കർ (ലോങ് ജംപ്) തുടങ്ങിയവരും പട്ടികയിലില്ല. ലോങ് ജംപിലെ ലോങ് ജംപിലെയും ട്രിപ്പ്ൾ ജംപിലെയും പ്രതീക്ഷയായിരുന്ന നയന ജെയിംസിന്റെ അഭാവവും കേരളത്തിന് തിരിച്ചടിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.