വിടവാങ്ങലിന് ദുബൈയേക്കാൾ മികച്ച ഇടമില്ല -സാനിയ മിർസ
text_fieldsദുബൈ: കരിയറിൽനിന്ന് വിടപറയാൻ ദുബൈയേക്കാൾ മികച്ച ഇടമില്ലെന്ന് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. അന്താരാഷ്ട്ര ടെന്നിസിലെ അവസാന ടൂർണമെന്റിനിറങ്ങുന്നതിനു മുമ്പ് മാധ്യമങ്ങളുമായി സംവദിക്കുകയായിരുന്നു സാനിയ. കളി ഉടൻ നിർത്തേണ്ടിവരുമെന്ന് കഴിഞ്ഞ വർഷംതന്നെ അറിയാമായിരുന്നു. അവസാന മത്സരം ദുബൈയിൽ കളിക്കുന്നതിൽ ആകാംക്ഷാഭരിതയാണ്. 18 വർഷം മുമ്പ് എന്റെ കരിയറിന്റെയും ജീവിതത്തിന്റെയും പലതും തുടങ്ങിയത് ദുബൈയിൽനിന്നാണ്.
വർഷങ്ങളായി ദുബൈ എന്റെ താൽക്കാലിക വീടായിരുന്നു. എന്നാൽ, ഇപ്പോൾ ദുബൈ എന്റെ സ്വന്തം വീടായി. ടെന്നിസിൽനിന്ന് വിടപറയുന്നത് വലിയ ശൂന്യതയായിരിക്കും സൃഷ്ടിക്കുക. കോർട്ടുകളിലേക്കും വിജയങ്ങളിലേക്കും ഇനിയില്ല എന്നത് വേദനിപ്പിക്കുന്നതാണ്. ഇതിനു പകരംവെക്കാൻ മറ്റൊന്നില്ല. ഇന്ത്യക്കു പുറത്ത് ആദ്യമായി ഏറ്റവും വലിയ സ്റ്റേഡിയത്തിൽ കളിച്ചത് ദുബൈയിലാണ്. അന്ന് സിംഗ്ൾസിൽ നന്നായി കളിക്കാൻ കഴിഞ്ഞു. അതിനുശേഷവും ദുബൈയിൽ മികച്ച കളികൾ കെട്ടഴിച്ചു.
കുറെക്കാലമായി ഇന്ത്യയിൽ പ്രധാന ടൂർണമെന്റുകൾ നടക്കുന്നില്ല. അതിനാൽ, ഹോം മത്സരങ്ങൾ എന്ന രീതിയിൽ കളിച്ചതത്രയും ദുബൈയിലായിരുന്നു. അവസാന മത്സരത്തിനിറങ്ങുക എന്നത് വേദനജനകമാണ്. ദുബൈയിലുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം കളി കാണാനെത്തും. ജയമോ തോൽവിയോ എന്നത് വിഷയമല്ല. കളിക്കളത്തിലെ അവസാന നിമിഷങ്ങൾ ആസ്വദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ നിമിഷങ്ങൾ ഇനിയൊരിക്കലും കിട്ടില്ലല്ലോ. ജീവിതം ഇനിയും ഒരുപാട് ബാക്കിയുണ്ട്. ഇനിയും നേടാൻ ഒരുപാടുണ്ട്. എന്നാൽ, നമ്മുടെ മുൻഗണനകൾ മാറിക്കൊണ്ടിരിക്കും. യു.എ.ഇയിലും ഇന്ത്യയിലും ടെന്നിസ് അക്കാദമികളുണ്ട്.
ഇത് വിപുലപ്പെടുത്തുക, കുടുംബത്തോടൊപ്പം ചെലവഴിക്കുക എന്നതിനായിരിക്കും മുഖ്യ പരിഗണന. ലോക ഒന്നാം നമ്പറായതാണ് കരിയറിലെ ഏറ്റവും അഭിമാനനിമിഷമെന്നും സാനിയ മിർസ ഓർത്തെടുത്തു. 2005ൽ ദുബൈ ടെന്നിസ് സ്റ്റേഡിയത്തിലാണ് സാനിയയുടെ പ്രഫഷനൽ കരിയർ തുടങ്ങുന്നത്. സിംഗ്ൾസിൽ സ്വെറ്റ്ലാന കുസ്നറ്റോവയായിരുന്നു എതിരാളി. രണ്ടു ഗ്രാൻഡ്സ്ലാം കിരീടം നേടിയ കുസ്നറ്റോവയെ നിറഞ്ഞുകവിഞ്ഞ ദുബൈ സ്റ്റേഡിയത്തിൽ തോൽപിച്ചാണ് സാനിയ കരിയറിലേക്ക് കാലെടുത്തുവെച്ചത്. ഇപ്പോൾ, കരിയർ അവസാനിപ്പിക്കാൻ തിരഞ്ഞെടുത്തതും അതേ ദുബൈ സ്റ്റേഡിയത്തെയാണ്. കഴിഞ്ഞ ആസ്ട്രേലിയൻ ഓപണായിരുന്നു സാനിയയുടെ അവസാന ഗ്രാൻഡ്സ്ലാം പോരാട്ടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.