ഒളിമ്പിക്സ് വിലക്ക് റഷ്യക്കു മാത്രമാകരുത്; താരങ്ങളെയും അടുപ്പിക്കരുത്- സമ്മർദവുമായി യു.എസടക്കം 35 രാജ്യങ്ങൾ
text_fieldsറഷ്യൻ പതാകക്കുകീഴിൽ രാജ്യാന്തര കായിക വേദികളിൽ താരങ്ങൾ പങ്കെടുക്കാതിരിക്കുന്നത് പുതുമയുള്ള വാർത്തയൊന്നുമല്ല. എന്നും കാര്യമായ എതിരാളികളായിരുന്ന റഷ്യ ചിത്രത്തിൽനിന്നു മറഞ്ഞതോടെ ചൈനയാണിപ്പോൾ ഒന്നാം സ്ഥാനത്ത് അമേരിക്കയോട് പ്രധാനമായി കൊമ്പുകോർക്കാനുള്ളത്. ഏറ്റവുമൊടുവിൽ യുക്രെയ്ൻ അധിനിവേശമാണ് റഷ്യക്ക് വീഴ്ത്തിയിരിക്കുന്നത്. എന്നാൽ, റഷ്യൻ താരങ്ങൾ ലോക വേദികളിൽ മത്സരിച്ചുവരുന്നുണ്ട്. രാജ്യത്തിന്റെ വിലാസമില്ലാതെ സ്വതന്ത്രമായാണ് അവർ എത്തുന്നത്.
എന്നാൽ, അധിനിവേശകരായ റഷ്യയെയും കൂട്ടാളികളായ ബെലറൂസിനെയും മാത്രമല്ല, അവിടങ്ങളിൽനിന്നുള്ള താരങ്ങളെയും സമ്പൂർണമായി വിലക്കണമെന്ന ആവശ്യമാണിപ്പോൾ ലോകത്ത് ട്രെൻഡിങ്.
2024ലെ പാരിസ് ഒളിമ്പിക്സിൽ റഷ്യൻ, ബെലറൂസിയൻ താരങ്ങൾക്ക് പങ്കെടുക്കാൻ അവസരമൊരുക്കുമെന്ന് അടുത്തിടെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരുന്നു. യൂറോപിൽനിന്ന് സാധ്യമല്ലെങ്കിൽ ഏഷ്യൻ രാജ്യങ്ങൾക്കു കീഴിൽ അണിനിരത്താനാണ് ശ്രമങ്ങളെന്നും റിപ്പോർട്ടുകൾ വന്നു.
ഇതിനിടെയാണ് വിലക്ക് സമ്പൂർണമാക്കണമെന്നും ഒളിമ്പിക്സിൽ റഷ്യൻ പ്രാതിനിധ്യം ഒരു കാരണവശാലും അനുവദിക്കരുതെന്നും മുറവിളിയുമായി അമേരിക്കയുടെ നേതൃത്വത്തിൽ രാജ്യങ്ങൾ എത്തിയത്. അമേരിക്ക, ജർമനി, ആസ്ട്രേലിയ എന്നിവയുടെ നേതൃത്വത്തിൽ 35 രാജ്യങ്ങളാണ് നിലവിൽ ഈ ആവശ്യവുമായി രംഗത്തുള്ളത്.
റഷ്യൻ താരങ്ങൾ എത്തിയാൽ ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് യുക്രെയ്ൻ ഉൾപ്പെടെ രാജ്യങ്ങളുടെ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇതോടെ, സമ്മർദങ്ങൾക്കു വഴങ്ങി രാജ്യാന്തര ഫെഡറേഷനുകളുടെ അഭിപ്രായം തേടാനാണ് ഒളിമ്പിക് കൗൺസിൽ തീരുമാനം.
റഷ്യക്ക് വിലക്ക് നിലനിന്ന ടോകിയോ ഒളിമ്പിക്സിൽ 10 റഷ്യൻ താരങ്ങൾ പങ്കെടുത്തിരുന്നു.
ഉത്തേജക വിവാദവുമായി ബന്ധപ്പെട്ട് റഷ്യൻ അറ്റ്ലറ്റിക്സ് ഫെഡറേഷന് 2015 മുതൽ രാജ്യാന്തര വിലക്ക് നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.