പ്രതീക്ഷയുടെ ബാറ്റണേന്തി അജ്മൽ
text_fieldsപാലക്കാട്: പുരുഷ റിലേയിൽ ഒളിമ്പിക്സ് മെഡൽ സ്വപ്നം കാണുമ്പോൾ, പ്രതീക്ഷയുടെ ബാറ്റൺ വി. മുഹമ്മദ് അജ്മൽ ഉൾപ്പെടുന്ന നാൽവർ സംഘത്തിലാണ്. കന്നി ഒളിമ്പിക്സിൽ 4 x 400 മീറ്റർ റിലേയിലാണ് പാലക്കാട് ചെർപ്പുളശ്ശേരി മാരായമംഗലം വാരിയത്തൊടി വീട്ടിൽ വി. മുഹമ്മദ് അജ്മൽ ട്രാക്കിലിറങ്ങുക. ഇന്ത്യൻ അത്ലറ്റിക്സിൽ പ്രതിഭകളുടെ തേരോട്ടത്തിന്റെ ചൂടറിയുന്ന മത്സരയിനമാണ് പുരുഷൻമാരുടെ 4 x 400 മീ. റിലേ. തീയുണ്ടകണക്കേ ബാറ്റണുമായി പായുന്ന ഈ ടീമിലെ കഴിഞ്ഞ രണ്ടുവർഷത്തിലേറെക്കാലമായുള്ള വിജയസാന്നിധ്യമാണ് അജ്മൽ.
ഹംഗറിയിലെ ബുഡാപെസ്റ്റിൽ കഴിഞ്ഞവർഷം നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഹീറ്റ്സിൽ ഏഷ്യൻ റെക്കോഡ് തകർത്ത ഇന്ത്യൻ ടീം (2:59.05 മിനിറ്റ്) ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയപ്പോൾ ഏറ്റവും മികച്ച കുതിപ്പ് മൂന്നാം ലാപ്പിൽ ബാറ്റൺ പിടിച്ച അജ്മലിന്റേതായിരുന്നു. തുടർന്ന് നടന്ന ഫൈനലിലും മൂന്ന് മിനിറ്റിൽ താഴെ സമയത്ത് ഫിനിഷ് ചെയ്ത് ടീം കരുത്തുകാട്ടി. സെപ്റ്റംബറിൽ ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ റിലേ സ്വർണം നേടിയപ്പോഴും ടീമിലെ സൂപ്പർ ഫാസ്റ്റ് അജ്മലായിരുന്നു. ഫ്രഞ്ച് മണ്ണിൽ പാലക്കാടൻ വീര്യം പുറത്തെടുക്കാൻ പാരിസിലേക്ക് പോകാനിരിക്കുന്ന അജ്മൽ ‘മാധ്യമ’ത്തോട് ഒളിമ്പിക്സ് ഒരുക്കം പങ്കുവെച്ചപ്പോൾ.
കന്നി ഒളിമ്പിക്സിലേക്ക് ഇനി അധികം നാളില്ലല്ലോ. പരിശീലനം ഏതുവരെയായി
പട്യാല എൻ.ഐ.എഫിലാണ് പരിശീലനം നടക്കുന്നത്. പരിശീലനം നല്ല രീതിയിൽ പോകുന്നു. ജമൈക്കൻ സ്വദേശി ജെയ്സൻ ഡോവ്സൻ ആണ് കോച്ച്.
മലയാളി കൂട്ടുകാർ കൂടെയുണ്ടല്ലോ, ടീമിനെക്കുറിച്ച്
4 x 400 മീറ്റർ റിലേ ടീമിലെ മുഹമ്മദ് അനസ്, അമോജ് ജേക്കബ്, മിജോ ചാക്കോ കുര്യൻ എന്നിവരും ട്രിപ്പ്ൾ ജംപിൽ അബ്ദുല്ല അബൂബക്കറുമുണ്ട്. തമിഴ്നാട്ടുകാരാണെങ്കിലും നേട്ടങ്ങളിൽ ഒരുമിച്ചുണ്ടായിരുന്ന ഉറ്റ സുഹൃത്തുക്കളായ ടി. സന്തോഷ്കുമാർ, രാജേഷ് രമേഷ് എന്നിവരും കൂടെയുണ്ടെന്നതിൽ സന്തോഷമുണ്ട്.
ഒളിമ്പിക്സ് പ്രതീക്ഷകൾ
ആദ്യ ഒളിമ്പിക്സല്ലേ, നല്ല പ്രകടനം കാഴ്ചവെക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുവേണ്ടി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞവർഷത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കരിയറിലെ മികച്ച പ്രകടനം (45.36) ആയിരുന്നു. ബുഡാപെസ്റ്റിലും നന്നായി ചെയ്തു. ഒളിമ്പിക്സിൽ കൂടുതൽ ചെയ്യാനാകുമെന്ന് പ്രതീക്ഷയുണ്ട്.
ഇന്ത്യൻ അത്ലറ്റിക് ടീമിന്റെ പ്രതീക്ഷകൾ
കഴിഞ്ഞ തവണ നീരജ് ചോപ്രയിലൂടെയായിരുന്നല്ലോ മെഡൽ വന്നത്. ഇത്തവണ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ മെഡൽ സാധ്യതകളുണ്ട്. ഹംഗറിയിലെ ബുഡാപെസ്റ്റിൽ കഴിഞ്ഞവർഷം നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഹീറ്റ്സിൽ ഏഷ്യൻ റെക്കോഡ് തകർത്തപ്പോൾ ഇന്ത്യൻ ടീം മികച്ച റാങ്കിങ്ങിലായിരുന്നു. ചാമ്പ്യൻഷിപ്പിൽ അഞ്ചാമതാണ് എത്തിയത്. അതിനേക്കാൾ നന്നായി ചെയ്യാൻ പറ്റുമെന്ന് വിചാരിക്കുന്നു.
കരിയറിലെ വഴിത്തിരിവ് എന്തായിരുന്നു
ഫുട്ബാളായിരുന്നു ആദ്യനാളുകളിലെ താൽപര്യം. പിന്നീടാണ് അത്ലറ്റിക്സിലെത്തിയത്. 2020 -21ൽ നാഷനൽ മീറ്റിൽ പങ്കെടുത്തുവരവേയാണ് 400ലേക്ക് മാറാൻ തീരുമാനിച്ചത്.
വളരെ കാലമായി മാറിയാലോ എന്ന ചിന്ത മനസ്സിലുണ്ടായിരുന്നു. കോച്ചുമാരും അത് ശരിവെച്ചതോടെയായിരുന്നു തീരുമാനം. അതായിരുന്നു വഴിത്തിരിവ്.
ഒളിമ്പിക്സിലേക്കുള്ള യാത്ര തീരുമാനിച്ചോ ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.