ഇസ്രായേലിലെ യുദ്ധഭൂമിയിലിരുന്ന് ആ അമ്മ കണ്ടു, സന്തോഷത്തിലേക്കൊരു ലോങ്ജംപ്
text_fieldsകുന്നംകുളം: യുദ്ധംതീർത്ത ആശങ്കകൾക്കിടയിൽ പറഞ്ഞറിയിക്കാനാകാത്ത സമാധാനമായിരുന്നു ബിൻസിക്ക് ആ മധുര കാഴ്ച. ജൂനിയർ ആൺകുട്ടികളുടെ ലോങ്ജംപിൽ മകൻ ഫെമിക് റിജേഷ് സ്വർണം നേടുന്നത് മാതാവ് ബിൻസി കണ്ടത് അങ്ങ് ദൂരെ ഇസ്രായേലിൽനിന്ന്. ഫലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ തുടർന്ന് മേഖലയാകെ പ്രതിലന്ധിയിലാണ്. കലുഷിതമായ ചുറ്റുപാടിലിരുന്ന് മകന്റെ മികച്ച പ്രകടനം കണ്ടപ്പോൾ ബിൻസിക്ക് അക്ഷരാർഥത്തിൽ സന്തോഷം അടക്കാനായില്ല.
ജൂനിയർ ആൺകുട്ടികളുടെ ലോങ്ജംപിൽ മകൻ ഫെമിക് റിജേഷ് സ്വർണം നേടുന്നതാണ് ഇസ്രായേലിലെ ബങ്കറിലിരുന്ന് തത്സമയ സംപ്രേഷണത്തിലൂടെ അവർ കണ്ടത്. ഇസ്രായേലിൽ നഴ്സായി ജോലിചെയ്യുകയാണ് ബിൻസി റിജേഷ്. അഞ്ചുവർഷമായി ഇസ്രായേലിൽ ജോലിചെയ്യുന്ന ബിൻസി കഴിഞ്ഞ ഏപ്രിലിലാണ് നാട്ടിലെത്തി തിരിച്ചുപോയത്. സ്കൂൾ മീറ്റിലെ താരം കൂടിയാണ് ഈ അമ്മ.
തിരുവനന്തപുരം ജി.വി. രാജ എച്ച്.എസിലെ ഫെമിക് റിജേഷ് 6.63 മീറ്റർ ചാടിയാണ് സ്വർണം നേടിയത്. കഴിഞ്ഞ ജൂനിയർ മീറ്റിൽ 300 മീറ്ററിലും എക്സാത്തലണിലും സ്വർണം നേടിയിരുന്നു. കണ്ണൂർ കൂത്തുപറമ്പ് കോളയാട് സ്വദേശിയായ റിജേഷിന്റെ മകനാണ്. തിരൂർ ആലത്തിയൂർ കെ.എച്ച്.എം.എസ്.എസിലെ മുഹമ്മദ് അസിൽ 6.45 മീറ്റർ എറിഞ്ഞ് വെള്ളി നേടി. ആറുമാസം മുമ്പാണ് ആദ്യമായി പരിശീലനത്തിനിറങ്ങിയത്. റിയാസ് ആലത്തിയൂരാണ് പരിശീലകൻ. പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസിലെ ആയുഷ് കൃഷ്ണ 6.43 മീറ്റർ എറിഞ്ഞ് വെങ്കലവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.