'സന്തോഷത്തോടെ ഒന്ന് അഭിനന്ദിക്കുക എങ്കിലും ചെയ്യൂ, നിങ്ങളുടെ പണം അവന് ടിക്കറ്റിന് പോലും തികയില്ല'; പാകിസ്താൻ പ്രധാനമന്ത്രിയെ വിമർശിച്ച് കനേരിയ
text_fieldsപാരിസ് ഒളിമ്പിക്സ് ജാവലിൻ ത്രോയിൽ പാകിസ്താൻ താരം അർഷാദ് നദീം സ്വർണം നേടിയിരുന്നു. ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്രയെ മറികടന്നാണ് അദ്ദേഹം സ്വർണം സ്വന്തമാക്കിയത്. ചോപ്ര രണ്ടാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് വെള്ളി നേടി. പതിറ്റാണ്ടുകൾക്ക് ശേഷം പാകിസ്താന് വേണ്ടി ഒളിമ്പിക്സ് സ്വർണം നേടിയതിനാൽ ഒരുപാട് അഭിനന്ദനങ്ങൾ നദീമിനെ തേടിയെത്തിയിരുന്നു. അക്കൂട്ടത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫുമുണ്ടായിരുന്നു. പഴയ ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം നദീമിനെ അഭിനന്ദിക്കുന്നത്.
മുമ്പ് നദീമിന് പത്ത് ലക്ഷം രൂപ സമ്മാനമായി നൽകുന്ന ഫോട്ടോയാണ് അദ്ദേഹം എക്സിൽ പങ്കുവെച്ചത്. എന്നാൽ ഇതിന് പിന്നാലെ ഒരുപാട് വിമർശനങ്ങൾ പ്രധാനമന്ത്രിയെ തേടിയെത്തി. മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയും ശഹ്ബാസിനെ വിമർശിച്ചിരുന്നു. പ്രധാനമന്ത്രിയോട് ഫോട്ടോ ഡിലീറ്റ് ചെയ്യാനാണ് കനേരിയ ആവശ്യപ്പെട്ടത്. ആ പണം കൊണ്ട് നദീമിന് ഫ്ലൈറ്റ് ടിക്കറ്റെടുക്കാൻ പോലും സാധിക്കില്ലെന്നും കനേരിയ പ്രധാനമന്ത്രിയുടെ പോസ്റ്റിന് മറുപടിയായി കമന്‍റ് ചെയ്തു.
' മിസ്റ്റർ പ്രധാനമന്ത്രി, ഒരു സന്തോഷത്തോടെയുള്ള അഭിനന്ദനമെങ്കിലും നൽകു. നിങ്ങൾ പണം നൽകുന്ന ഫോട്ടോ ഡിലീറ്റ് ചെയ്യൂ, അവന്‍റെ ആവശ്യങ്ങൾക്ക് അത് പോരാ. ഈ പണം വളരെ കുറവാണ്, അവന് എയർ ടിക്കറ്റ് വാങ്ങുവാൻ പോലും തികയില്ല. അർഷാദിന്‍റെ കഷ്ടപ്പാടുകൾ പരിഗണിക്കുമ്പോൾ ഇത് അവനും രാജ്യത്തിനും ഒരു അപമാനമാണ്,' കനേരിയ എക്സിൽ കുറിച്ചു.
പാകിസ്താൻ പഞ്ചാബിലെ മുഖ്യമന്ത്രിയായ മറിയം നവാസ് നദീമിന് 10 കോടി രൂപ സമ്മാനത്തുക നൽകുമെന്ന് അറിയിച്ചു. നദീമിന്‍റെ സ്വന്തം നാടായ ഖനേവലിൽ അദ്ദേഹത്തിന്‍റെ പേരിൽ ഒരു സ്പോർട്സ് സിറ്റി തുടങ്ങുമെന്നും മറിയം ഉറപ്പുനൽകി. 92.97 എന്ന ഒളിമ്പിക് റെക്കോഡ് ദൂരം മറികടന്നാണ് നദീം സ്വർണം നേടിയത്. വെള്ളി നേടിയ ചോപ്ര 89.45 മീറ്ററിൽ ജാവലിൻ എറിഞ്ഞു. ഗ്രനാഡയുടെ ആൻഡേഴ്സൺ പിറ്റേഴ്സ് മൂന്നാം സ്ഥാനം നേടി വെങ്കലം സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.