കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ‘േബ്ലഡ് റണ്ണർ’ക്ക് പരോൾ
text_fieldsപ്രിട്ടോറിയ: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന മുൻ ദക്ഷിണാഫ്രിക്കൻ പാരാലിമ്പിക്സ് താരവും ‘േബ്ലഡ് റണ്ണർ’ എന്ന വിളിപ്പേരുമുള്ള ഓസ്കാർ പിസ്റ്റോറിയസ് 11 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ പരോളിൽ പുറത്തിറങ്ങി. പരോൾ അപേക്ഷ ദക്ഷിണാഫ്രിക്കന്‍ കറക്ഷൻസ് ഡിപ്പാർട്ട്മെന്റ് അംഗീകരിച്ചതോടെ വെള്ളിയാഴ്ച രാവിലെയാണ് പിസ്റ്റോറിയസ് പുറത്തിറങ്ങിയത്. 37കാരന് 13 വർഷവും അഞ്ച് മാസവുമാണ് ജയിലിൽ കഴിയേണ്ടിയിരുന്നത്. പരോള്‍ ബോർഡ് ഇതിൽ ഇളവ് നൽകുകയായിരുന്നു.
2013ലെ വാലൈന്റന്‍ ദിനത്തിലാണ് കാമുകിയും മോഡലുമായ റീവ സ്റ്റീന്‍കാംപ് എന്ന 29കാരിയെ ഓസ്കാർ പിസ്റ്റോറിയസ് കൊലപ്പടുത്തിയത്. നിയമ ബിരുദധാരിയായ റീവക്ക് നേരെ നാലുതവണയാണ് വെടിയുതിർത്തത്. മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് വെടിവെക്കുകയായിരുന്നും കാമുകി ബെഡിൽ ഉറങ്ങുകയാണെന്നാണ് കരുതിയതെന്നുമായിരുന്നു പ്രിട്ടോറിയസിന്റെ മൊഴി. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഹൈകോടതി 2014ൽ നരഹത്യാ കുറ്റം ചുമത്തി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. എന്നാൽ, സുപ്രീം കോടതിയിൽ അപ്പീൽ വന്നതോടെ തടവ് 13 വർഷവും അഞ്ച് മാസവുമായി വർധിപ്പിക്കുകയായിരുന്നു.
2023 മാർച്ചിൽ പരോള്‍ അപേക്ഷ പരിഗണിച്ചപ്പോൾ മിനിമം തടവ് കാലാവധി പൂർത്തിയായില്ലെന്ന് പറഞ്ഞ് തള്ളിയിരുന്നു. പ്രിട്ടോറിയയിലെ ജയിലില്‍ വാദം നടന്നപ്പോൾ റീവ സ്റ്റീന്‍കാംപിന്റെ അമ്മ എതിർത്തിരുന്നില്ല. പിസ്റ്റോറിയസിന്റെ കുറ്റസമ്മതവും തടവുകാലത്തെ പെരുമാറ്റവുമെല്ലാം വിലയിരുത്തിയാണ് പരോള്‍ അനുവദിച്ചത്.
ഒരു വയസ്സാകും മുമ്പ് കാലുകള്‍ മുറിച്ചുമാറ്റേണ്ടി വന്ന പിസ്റ്റോറിയസ് കൃത്രിമകാലുകള്‍ ഉപയോഗിച്ചാണ് കായിക ലോകത്തെ വിസ്മയിപ്പിച്ചത്. പാരാലിമ്പിക്സില്‍ നിരവധി സ്വർണ മെഡലുകൾ നേടിയ പ്രകടനത്തിലൂടെ ‘ബ്ലേഡ് റണ്ണർ’ എന്ന വിളിപ്പേരും ലഭിച്ചു. 2012ലെ ഒളിമ്പിക്സില്‍ അംഗ പരിമിതരല്ലാത്ത കായിക താരങ്ങള്‍ക്കെതിരെയും പിസ്റ്റോറിയസ് മത്സരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.