സർക്കാർ അവഗണനയെന്ന് താരങ്ങൾ കേരളം വിടുന്നു; ആയുധമാക്കി പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: രാജ്യാന്തര ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയിക്ക് പിന്നാലെ സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കൂടുതൽ താരങ്ങൾ കേരളം വിടുന്നു. ഈ മാസം ഗോവയിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധാനം ചെയ്യില്ലെന്ന് ട്രിപ്ൾ ജംപ് രാജ്യാന്തര താരങ്ങളായ എൽദോസ് പോളും അബ്ദുല്ല അബൂബക്കറും കേരള അത്ലറ്റിക്സ് അസോസിയേഷനെ അറിയിച്ചു. ഒഡീഷക്കുവേണ്ടിയോ തമിഴ്നാടിന് വേണ്ടിയോ ഇറങ്ങാനാണ് ഇവരുടെ തീരുമാനം. ഇനി തമിഴ്നാടിനു വേണ്ടി മത്സരിക്കാനാണ് പ്രണോയിയുടെ തീരുമാനം. ലോകശ്രദ്ധയാകർഷിക്കുന്ന പ്രകടനങ്ങൾ നടത്തിയാലും സർക്കാറിൽനിന്ന് ആദരവും സാമ്പത്തിക പിന്തുണയും ലഭിക്കാത്തതാണ് കേരളം വിടാനുള്ള കാരണമായി താരങ്ങൾ പറയുന്നത്.
വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും കത്തയച്ചു. രാജ്യത്തിനുവേണ്ടി കഷ്ടപ്പെട്ട് മെഡല്‍ നേടിയിട്ടും കേരള സര്‍ക്കാറില്‍നിന്ന് നല്ല വാക്കോ അഭിനന്ദനമോ താരങ്ങള്‍ക്കുണ്ടാകുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാരിതോഷികങ്ങള്‍ പലർക്കും കിട്ടിയിട്ടില്ല. അഞ്ചുവര്‍ഷത്തിലധികമായി ജോലിക്കുവേണ്ടി സര്‍ക്കാര്‍ ഓഫിസ് കയറിയിറങ്ങുന്ന നിരവധി താരങ്ങളുണ്ട്. കേരളത്തിനുവേണ്ടി മത്സരിക്കുന്നതും സ്വന്തം നാട്ടില്‍ ചുവടുറപ്പിച്ച് നില്ക്കുന്നതും അഭിമാനമായി കാണുന്ന താരങ്ങളെ സര്‍ക്കാര്‍ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് സതീശൻ പറഞ്ഞു. കായിക താരങ്ങളോടുള്ള സമീപനത്തിൽ കേരളം കേന്ദ്ര സർക്കാറിനെ കണ്ട് പഠിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
കൂടെ മത്സരിക്കുന്നവർക്ക് മറ്റ് സംസ്ഥാനങ്ങളിൽ സാമ്പത്തിമായും തൊഴിൽപരമായും മെച്ചമുണ്ടാകുമ്പോൾ താരങ്ങൾ ഇത്തരത്തിൽ ചിന്തിക്കുന്നതിൽ തെറ്റുപറയാനാകില്ലെന്ന് ഒളിമ്പ്യൻ രഞ്ജിത്ത് മഹേശ്വരി പറഞ്ഞു.
തോമസ് കപ്പിലും മലേഷ്യ മാസ്റ്റേഴ്സിലും ചാമ്പ്യനായ എച്ച്.എസ്. പ്രണോയിക്ക് സംസ്ഥാന സർക്കാറിന്റെ പരമോന്നത കായിക ബഹുമതിയായ ജി.വി. രാജ പുരസ്കാരം പോലും നൽകിയിട്ടില്ല. ഓരോ വർഷവും അപേക്ഷ നൽകുമെങ്കിലും തള്ളിക്കളയുകയാണ്. ലോക റാങ്കിങ്ങിൽ ഏഴാം സ്ഥാനത്ത് എത്തിയിട്ടും പരിശീലനത്തിനുപോലും കാര്യമായ സഹായം സർക്കാറിൽനിന്ന് ഉണ്ടായില്ലെന്ന് പ്രണോയിയുടെ മാതാപിതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.