പ്രൈം വോളി: കളമുണർന്നു; കൊൽക്കത്തക്ക് ചാമ്പ്യൻ തുടക്കം
text_fieldsബംഗളൂരു: ഉദ്ഘാടന മത്സരത്തിൽ ചാമ്പ്യന്മാർക്കൊത്ത പ്രകടനവുമായി കൊൽക്കത്ത തണ്ടർബോൾട്ട്സ് മിന്നിയപ്പോൾ പ്രൈം വോളിബാൾ ലീഗിന്റെ രണ്ടാം സീസണിന് ആവേശത്തുടക്കം. തുടക്കത്തിൽ ബംഗളൂരു ടോർപിഡോസിന്റെ മുന്നേറ്റം കണ്ടെങ്കിലും പതിയെ കളിയുടെ താളം വീണ്ടെടുത്ത കൊൽക്കത്ത രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ആധികാരിക ജയം കുറിച്ചു.
സ്കോർ: 15-11, 15-11, 15-14, 10-15, 14-15. വിദേശ താരം സ്വെറ്റനേണാവിന്റെ ഉഗ്രൻ സ്മാഷിലൂടെ ആദ്യ പോയന്റ് നേടിയ ബംഗളൂരുവിനെതിരെ അശ്വിന്റെ പ്രകടനത്തിൽ കൊൽക്കത്ത സമനില പോയന്റ് നേടി. കളിയിൽ ബംഗളൂരു ഒരൽപം മുൻതൂക്കം സ്ഥാപിച്ചതോടെ ആദ്യ സെറ്റ് ആതിഥേയർക്കെന്ന് തോന്നിച്ചു.
എന്നാൽ, കൊൽക്കത്തക്കായി അസാധ്യ ഫോമിലായിരുന്ന കോഡിയും മലയാളി താരം യു. ജൻഷാദും ചേർന്ന് പോയന്റുകൾ വാരി. സൂപ്പർ സ്കോറിൽ ടോർപിഡോസിനെ മറകടന്ന തണ്ടർ ബോൾട്ട്സിന് പിന്നെ സെറ്റ് പിടിച്ചെടുക്കാൻ അധികം വേണ്ടി വന്നില്ല. രണ്ടാം സെറ്റിലും വീണുപോയ ബംഗളൂരു മൂന്നാം സെറ്റിൽ അവസാനം വരെ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.
അവസാന രണ്ട് സെറ്റുകളിൽ തിരിച്ചുവരവ് നടത്തിയ ബംഗളൂരു സ്വന്തം കാണികൾക്കുമുന്നിൽ ആശ്വാസജയം കണ്ടെത്തി. ജൻഷാദാണ് കളിയിലെ താരം. ആദ്യ ജയത്തോടെ കൊൽക്കത്ത വിലപ്പെട്ട രണ്ട് പോയന്റ് നേടി.
ബംഗളൂരുവിലെ കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ വൈകീട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി.വി. സിന്ധു, പിതാവും മുൻ വോളിബാൾ താരവുമായ പി.വി. രമണ എന്നിവർ പങ്കെടുത്തു. സിന്ധുവിന്റെയും രമണയുടെയും നേതൃത്വത്തിൽ അണിനിരന്ന ടീമുകൾ പ്രദർശനമത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ വിജയം പിതാവിനൊപ്പമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.