പ്രൈം വോളി: കരകയറാനൊരുങ്ങി കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്
text_fieldsകൊച്ചി: വെള്ളിയാഴ്ച ബാംഗ്ലൂരിൽ തുടങ്ങുന്ന പ്രൈം വോളിബാളിന് സജ്ജമായി കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. ആദ്യപതിപ്പിലുണ്ടായ തിരിച്ചടികളിൽനിന്ന് കരകയറാൻ ഇക്കുറി മികച്ച ടീമിനെയാണ് സ്പൈക്കേഴ്സ് അവതരിപ്പിക്കുന്നത്. വിദേശികളടക്കം മികച്ച താരങ്ങൾ ഇക്കുറി ടീമിൽ ഉണ്ട്.
ശനിയാഴ്ചയാണ് ആദ്യപാദ മത്സരങ്ങള്‍ ബംഗളൂരുവിൽ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ടീം ബംഗളൂരുവിൽ എത്തി. പെറു നാഷനല്‍ വോളിബാള്‍ ടീം ക്യാപ്റ്റനായ എഡ്വാര്‍ഡോ റൊമേയാണ് സ്പൈക്കേഴ്സിന്റെ ക്യാപ്റ്റൻ. റൊമേക്ക് പുറമെ ബ്രസീലിൽനിന്നുള്ള വാള്‍ട്ടര്‍ ഡിക്രൂസ് നെറ്റോയാണ് മറ്റൊരു വിദേശതാരം.
മിഡില്‍ ബ്ലോക്കറായാണ് ക്രൂസ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ തവണ ടീമിനുണ്ടായ തിരിച്ചടികളെ മറികടക്കാനും ഇക്കുറി മികച്ച നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടീം അംഗങ്ങൾ. ഹോം ഗ്രൗണ്ടില്‍ കളിക്കാനാകുമെന്നത് ഗുണകരമാകുമെന്നും ടീം അംഗങ്ങൾ വിലയിരുത്തുന്നു.
ജിബിൻ സെബാസ്റ്റ്യൻ (പൊസിഷൻ- യൂനിവേഴ്സൽ), വി.എൽ. അലൻ ആഷിഖ് (ലിബെറോ), എറിൻ വർഗീസ് (അറ്റാക്കർ), സി.വേണു (ലിബെറോ), രോഹിത് കുമാർ (അറ്റാക്കർ), വിപുൽ കുമാർ (വൈസ് ക്യാപ്റ്റൻ -സെറ്റർ), വി.ടി. അശ്വിൻ രാഗ് (അറ്റാക്കർ), ജി.എൻ. ദുഷ്യന്ത് (േബ്ലാക്കർ), ജോർജ് ആന്റണി (അറ്റാക്കർ), ബി.എസ്. അഭിനവ് (മിഡിൽ േബ്ലാക്കർ), പവൻ രമേഷ് (സെറ്റർ), എൻ.കെ. ഫായിസ് (മിഡിൽ േബ്ലാക്കർ) എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ.
ടീമിന്റെ പ്രകടനത്തിൽ പൂർണ തൃപ്തനാണെന്ന് പരിശീലകൻ ഹരിലാൽ ‘മാധ്യമ’ത്തോട് പറഞ്ഞു. മത്സരം ആരംഭിച്ചശേഷം ഓരോ ടീമിന്റെയും ഗെയിം പ്ലാൻ അനുസരിച്ച് അതിനെ നേരിടാൻ പറ്റുന്ന തരത്തിലുള്ള പ്രാക്ടീസുമായി മുന്നോട്ട് പേകാനാണ് തീരുമാനം.
ടീമിന്റെ ഏറ്റവും വലിയ അഡ്വാന്റേജ് പുറത്തിരിക്കുന്ന കളിക്കാരും ഗ്രൗണ്ടിലുള്ള കളിക്കാരെപ്പോലെ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് എന്നതാണ്. അതുകൊണ്ട് സബ്സ്റ്റിറ്റ്യൂഷനും ആവശ്യത്തിനുണ്ട്. മറ്റുള്ള ടീമുകളിലെ കളിക്കാരെ വെച്ച് നോക്കുമ്പോൾ മികച്ച കളിക്കാരാണ് ബ്ലൂ സ്പൈക്കേഴ്സിനൊപ്പമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിനുപുറമെ ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലാണ് ഇത്തവണത്തെ ലീഗ് മത്സരങ്ങള്‍ നടക്കുക.
ഫെബ്രുവരി നാലുമുതല്‍ 12 വരെയുള്ള ആദ്യപാദ മത്സരങ്ങള്‍ ബംഗളൂരുവിലും 15 മുതല്‍ 21 വരെയുള്ള രണ്ടാംപാദം ഹൈദരാബാദിലും ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ആറുവരെ നടക്കുന്ന ഫൈനല്‍ ഉള്‍പ്പെടെയുള്ള മൂന്നാംപാദ മത്സരങ്ങള്‍ കൊച്ചിയിലുമാണ്.
ദേശീയ ടീമിനെ നയിച്ചതിന്റെയും വിവിധ രാജ്യങ്ങളിലെ ലീഗുകളില്‍ കളിച്ച റോമേയുടെ നേതൃത്വവും കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ഗുണം ചെയ്യുമെന്ന് ഉടമ തോമസ് മുത്തൂറ്റ് പറഞ്ഞു. കാലിക്കറ്റ് ഹീറോസാണ് പ്രൈം വോളിയിൽ കേരളത്തിൽ നിന്നുള്ള മറ്റൊരു ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.