പ്രൈം വോളിയിൽ ഇന്ന്; കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് Vs ചെന്നൈ ബ്ലിറ്റ്സ്
text_fieldsബംഗളൂരു: കഴിഞ്ഞ സീസണിലെ ദുഷ്പേര് മായ്ക്കാൻ പ്രൈം വോളിബാൾ ലീഗിലെ രണ്ടാം സീസണിൽ തങ്ങളുടെ ആദ്യ അങ്കത്തിന് ചെന്നൈ ബ്ലിറ്റ്സും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ഇറങ്ങുന്നു. ചൊവ്വാഴ്ച വൈകീട്ട് ഏഴിന് കോറമംഗല നാഷനൽ ഗെയിംസ് വില്ലേജിലെ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം.
പെറുവിയൻ ദേശീയ ടീം ക്യാപ്റ്റൻ എഡ്വാർഡോ നയിക്കുന്ന ബ്ലൂ സ്പൈക്കേഴ്സിൽ ഇത്തവണ ആരാധകരുടെ പ്രതീക്ഷയേറെയാണ്. ഒത്തിരി മാറ്റങ്ങളോടെയാണ് കൊച്ചി കളത്തിലേക്കിറങ്ങുന്നത്. കഴിഞ്ഞവർഷം പരിശീലകനായിരുന്ന എം.എച്ച്. കുമാരക്ക് പകരം കേരള ടീമിന്റെ മുൻ പരിശീലകൻ എസ്.ടി. ഹരിലാലിനാണ് ഇത്തവണ കോച്ചിന്റെ നിയോഗം.
കഴിഞ്ഞവർഷം അദ്ദേഹം സഹപരിശീലകനായിരുന്നു. ഹിറ്ററായി എഡ്വാർഡ് റൊമേയും മിഡിൽ ബ്ലോക്കറായി ബ്രസീലിയൻ താരം വാഹട്ടർ ഡക്രൂസ് നെറ്റായും അണിനിരക്കുന്ന ടീമിൽ പൊന്നും വിലയുള്ള താരം രോഹിത്കുമാർ അറ്റാക്കർ പൊസിഷനിലുണ്ട്.
ഹരിയാന സ്വദേശിയും ഇന്ത്യൻ ഇന്റർനാഷനലുമായ രോഹിത് കുമാറിനെ ലീഗിലെ ഏറ്റവും കൂടിയ ലേലത്തുകക്കാണ് കൊച്ചി സ്വന്തമാക്കിയത്; 17.5 ലക്ഷം. ഗോൾഡ് കാറ്റഗറിയിൽ 10.75 ലക്ഷം മുടക്കി ടീമിലെത്തിച്ച സെറ്റർ വിപുൽ കുമാറും ടീമിന് മുതൽക്കൂട്ടാവും.
കഴിഞ്ഞ വർഷം ഹൈദരാബാദ് ബ്ലാക്ഹോക്സിന്റെ ക്യാപ്റ്റനായിരുന്നു വിപുൽ. മലയാളി താരങ്ങളായി എറിൻ വർഗീസ്, ജിബിൻ സെബാസ്റ്റ്യൻ, അലൻ ആഷിഖ്, ജോർജ് ആന്റണി, അശ്വിൻ രാഗ്, അഭിനവ്, ഫായിസ് എന്നിവരാണ് ടീമിലെ മലയാളി താരങ്ങൾ. കഴിഞ്ഞ സീസണിൽ പോയന്റ് പട്ടികയിൽ അവസാനക്കാരായിരുന്നു കൊച്ചി.
തൊട്ടുമുന്നിലായാണ് ചെന്നൈയും സീസൺ അവസാനിപ്പിച്ചത്. കഴിഞ്ഞ സീസണിലെ കൊച്ചിയുടെ ഏക ജയവും ചെന്നൈക്കെതിരെയായിരുന്നു. ആ ടീമിൽനിന്ന് ഏറെ മാറ്റങ്ങളോടെ ഇറങ്ങുന്ന ബ്ലൂസ്പൈക്കേഴ്സിന് പുതിയ സീസൺ ജയത്തോടെ തുടങ്ങുകയാണ് ലക്ഷ്യം.
കഴിഞ്ഞ വർഷത്തെ രണ്ടു മികച്ച കളിക്കാരായ രോഹിതും വിപുലും കൂടെയുണ്ടെന്നും പരിചയസമ്പന്നരായ വിദേശതാരങ്ങൾക്കൊപ്പം യുവനിരയും ചേരുമ്പോൾ നല്ല റിസൽറ്റ് പ്രതീക്ഷിക്കുന്നതായും കൊച്ചി പരിശീലകൻ ഹരിലാൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
കഴിഞ്ഞ സീസണിൽ ഹൈദരാബാദിനൊപ്പമായിരുന്ന അർജന്റീനക്കാരൻ റൂബൻവൊലോചിനാണ് ചെന്നൈയുടെ കോച്ച്. അറ്റാക്കർ നവീൻരാജ ജേക്കബിനെയും പിനമ്മ പ്രശാന്തിനെയും നിലനിർത്തിയ ചെന്നൈ ചാമ്പ്യൻ ടീമായ കൊൽക്കത്തയിൽനിന്ന് തമിഴ്നാട്ടുകാരൻ മുഹമ്മദ് റിയാസുദ്ദീനെ ടീമിലെത്തിച്ച് അറ്റാക്കിങ് പൊസിഷൻ ശക്തമാക്കിയിട്ടുണ്ട്.
വിദേശ താരങ്ങളായ അബ്ദുൽ മുഗ്നി ചിഷ്തി യൂനിവേഴ്സൽ പ്ലയറായും കെവിൻ ഓഡ്രൻ നൗംബിസ്സി മോയോ ഹിറ്ററായും അണിനിരക്കും. കാലിക്കറ്റ് ഹീറോസ് മുംബൈ മീറ്റിയേസുമായി ഏറ്റുമുട്ടിയപ്പോൾ ഹീറോസിന് പിന്തുണയുമായി മലയാളി ആരാധകർ ഗാലറി നിറഞ്ഞ് ആർപ്പുവിളിച്ചിരുന്നു. ഇടിമുഴക്കം നിറഞ്ഞ സമാന അന്തരീക്ഷം തങ്ങൾക്കും നേരിടേണ്ടി വരുമെന്ന് ബ്ലിറ്റ്സ് ക്യാപ്റ്റൻ നവീൻ രാജ ജേക്കബ് പ്രതീക്ഷിക്കുന്നുണ്ട്.
ഹൈദരാബാദിന് ജയം
ബംഗളൂരു: പ്രൈം വോളി ലീഗിലെ മൂന്നാം മത്സരത്തിൽ ഹൈദരാബാദ് ബ്ലാക്ക്ഹോക്ക്സിന് ജയം. അഹ്മദാബാദ് ഡിഫൻഡേഴ്സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്കോർ: 13-15, 15-9, 15-14, 15-11, 10-15. ആദ്യ സെറ്റ് കൈവിട്ട ഹൈദരാബാദ് മൂന്ന് സെറ്റ് പിടിച്ച് ജയമുറപ്പിക്കുകയായിരുന്നു.
എതിരാളിയെ കുഴപ്പിക്കുന്ന തകർപ്പൻ സെർവുകൾ പായിച്ച് അഷ്മത്തുല്ലയും ഹൈബാൾ അറ്റാക്കിലൂടെ ക്യാപ്റ്റൻ ഗുരു പ്രശാന്തും പടനയിച്ചപ്പോൾ മലയാളി താരങ്ങളായ ജോൺ ജോസഫും ലാൽ സുജനും മികച്ച പ്രകടനം പുറത്തെടുത്തു.
കാർലോസ് ആൻഡ്രെ സമോറയുടെ ഇടൈങ്കയൻ ഔട്ട്സൈഡ് ഹിറ്റുകളും അവസരത്തിനൊത്ത് പിറന്നപ്പോൾ ഹൈദരാബാദ് രണ്ടു പോയന്റുമായി തുടക്കം ഗംഭീരമാക്കി. മറുവശത്ത് ഡാനിയൽ മുഅ്തസെദിയുടെ മിന്നൽ പ്രകടനങ്ങൾക്കും അഹ്മദാബാദിനെ തോൽവിയിൽനിന്ന് രക്ഷിക്കാനായില്ല. ഗുരു പ്രശാന്താണ് കളിയിലെ താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.