ഹീറോസ് ഇന്ന് കളത്തിൽ
text_fieldsബംഗളൂരു: പ്രൈം വോളിബാൾ ലീഗിന്റെ പുതിയ സീസണിൽ തങ്ങളുടെ ആദ്യ അങ്കത്തിന് കാലിക്കറ്റ് ഹീറോസ് ഇന്ന് കച്ചകെട്ടുന്നു. ബംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകീട്ട് നടക്കുന്ന മത്സരത്തിൽ ലീഗിലെ കന്നിക്കാരായ മുംബൈ മീറ്റിയേസാണ് എതിരാളികൾ. കഴിഞ്ഞ സീസണിൽ നാലാമതായി ഫിനിഷ് ചെയ്ത കാലിക്കറ്റ് ഹീറോസ് ഇത്തവണ ആരാധകരുടെ പ്രതീക്ഷക്കൊത്ത് കുതിക്കാനുള്ള ഒരുക്കത്തിലാണ്.
ഇന്നത്തെ പോരാട്ടം രണ്ടു മലയാളി പരിശീലകരുടേത് കൂടിയാണ്. മുൻ ഇന്ത്യൻ താരം കിഷോർ കുമാർ കാലിക്കറ്റിന്റെയും മുൻ ഇന്ത്യൻ പരിശീലകൻ സണ്ണി ജോസഫ് മുംബൈയുടെയും പരിശീലക വേഷത്തിൽ കളത്തിന് പുറത്തുണ്ടാവും. പരിചയസമ്പത്തും നേട്ടങ്ങളും ഏറെ കൈമുതലായുള്ള സണ്ണി ജോസഫ്, കിഷോർ കുമാറിന്റെ മുൻ പരിശീലകൻ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്.
അമേരിക്കൻ വെറ്ററൻ താരമായ മാറ്റ് ഹില്ലിങ്ങാണ് കാലിക്കറ്റ് ഹീറോസ് നായകൻ. പ്രൈം വോളിബാള്‍ ലീഗില്‍ തന്റെ ആദ്യ സീസണ് കളിക്കുന്ന താരം, ടീമിന്റെ തയാറെടുപ്പിലും മൊത്തത്തിലുള്ള അനുഭവത്തിലും പൂര്‍ണ സംതൃപ്തി പങ്കുവെച്ചു. ഇന്ത്യയിലെ വോളി ലീഗ് വിസ്മയിപ്പിക്കുന്ന അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 15 മുതല്‍ ഞങ്ങള്‍ ഒരു ടീമായി കഠിന പരിശീലനത്തിലാണ്. അത് പ്രകടനത്തിലും പ്രതിഫലിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. മുംബൈക്കെതിരെ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നതെന്നും ഹില്ലിങ് വ്യക്തമാക്കി.
പരിചയസമ്പന്നരും യുവത്വവുമടങ്ങുന്ന മിശ്ര ടീമാണ് കാലിക്കറ്റിന്റേതെന്ന് പരിശീലകൻ കിഷോർ കുമാർ പറഞ്ഞു. ഇത്തവണ എല്ലാ ടീമും ഏറക്കുറെ തുല്യരാണ്. അതിനാൽ കടുത്ത പോരാട്ടങ്ങൾ പ്രതീക്ഷിക്കാം. ലീഗിൽ മലയാളി താരങ്ങളുടെയും പരിശീലകരുടെയും എണ്ണം കൂടുന്നത് കേരളത്തിന് ശുഭലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ മത്സരത്തിനായി ടീം ആവേശത്തിലാണെന്ന് മുംബൈ മീറ്റിയേസ് ക്യാപ്റ്റന്‍ കാര്‍ത്തിക് പറഞ്ഞു. നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട്. സ്റ്റേഡിയത്തില്‍ ആരാധകരുടെ സാന്നിധ്യം ടീമിന് കൂടുതല്‍ ഊര്‍ജം പകരുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യപരിശീലകന്‍ സണ്ണി ജോസഫിനെ അഭിനന്ദിച്ച കാര്‍ത്തിക്, ലീഗ് മത്സരങ്ങള്‍ക്കായുള്ള തയാറെടുപ്പില്‍ കോച്ചിന്റെ സാന്നിധ്യം ടീം ക്യാമ്പിന് ഏറെ ഗുണകരമായെന്ന് വ്യക്തമാക്കി. സണ്ണിക്ക് കീഴിലുള്ള പരിശീലനം വ്യത്യസ്തമായ അനുഭവമാണെന്നും തങ്ങളുടെ കഴിവുകളില്‍ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടെന്നും അതുപാലിക്കാൻ ശ്രമിക്കുമെന്നും മുംബൈ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.