പ്രൈം വോളി: കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി
text_fieldsകൊച്ചി: പ്രൈം വോളിയിലെ ‘കേരളോത്സവ’ത്തിൽ അഞ്ചു സെറ്റ് ത്രില്ലറിൽ കാലിക്കറ്റ് ഹീറോസിനെ അട്ടിമറിച്ച് സ്വന്തം നാട്ടിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ജയം. 3-2ന് ജയിച്ചാണ് ഈ സീസണിൽ കൊച്ചി ആദ്യജയം കൈയിലൊതുക്കിയത്. 15-13, 14-15, 12-15, 15-7, 15-11 എന്ന സ്കോറിനാണ് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് കാലിക്കറ്റ് ഹീറോസിനെ തോല്പിച്ചത്. ബ്ലൂ സ്പൈക്കേഴ്സിന്റെ മലയാളി താരം എറിൻ വർഗീസാണ് കളിയിലെ താരം.
ആദ്യ സെറ്റിൽ കാലിക്കറ്റിന് തിളങ്ങാനായില്ല. കാലിക്കറ്റ് ഹീറോസിന് സർവിസുകൾ പലതും പിഴച്ചതോടെ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് പോയന്റുകള്‍ സ്വന്തമാക്കാനായി. അശ്വിന് രാജിന്റെ തകര്‍പ്പന്‍ സര്വിലൂടെയായിരുന്നു കാലിക്കറ്റ് ആദ്യ സെറ്റില്‍ വരവറിയിച്ചത്. കൊച്ചി ഒപ്പത്തിനൊപ്പം മുന്നേറി. സാന്‍ഡോവലിന്റെ സ്പൈക്ക് പുറത്തേക്ക് തെറിച്ചതോടെയായിരുന്നു കൊച്ചിക്ക് ഒപ്പമെത്താനായത്. ഒരു ഘട്ടത്തില്‍ മനോഹരമായ റാലിയിലൂടെ കൊച്ചി കളംപിടിക്കുമെന്ന് തോന്നിച്ചെങ്കിലും എറിന്റെ സ്പൈക്ക് പുറത്തുപോയി. എന്നാല്‍, സൂപ്പര്‍ പോയന്റ് അവസരത്തില്‍ കാലിക്കറ്റിന് പിഴച്ചതോടെ കൊച്ചി ഒപ്പമെത്തി. ശുഭം ചൗധരിയുടെ മികവിലായിരുന്നു കൊച്ചിയുടെ തിരിച്ചുവരവ്. സൂപ്പര്‍ പോയന്റ് അവസരത്തില്‍ അഭിനവിന്റെ ഇടിവെട്ട് ഷോട്ട് കാലിക്കറ്റിനെ ചിതറിച്ചു. അഭിനവ് വീണ്ടും തകര്‍ത്തുകളിച്ചപ്പോള്‍ മിന്നുന്ന ബ്ലോക്കില്‍ കൊച്ചി ആദ്യ സെറ്റ് നേടി.
രണ്ടാം സെറ്റില്‍ തുടക്കം ഒപ്പത്തിനൊപ്പമായിരുന്നു. ഉക്രപാണ്ഡ്യന് കാലിക്കറ്റ് ആക്രമണനിരയെ സജ്ജരാക്കിയപ്പോള്‍ എറിനും ശുഭവുമായിരുന്നു കൊച്ചിക്കായി പോയന്റുകള്‍ നല്‍കിയത്. ജെറോമിന്റെ സൂപ്പര്‍ സര്‍വ് കാലിക്കറ്റിനെ ഒരടി മുന്നിലാക്കി. കൊച്ചി സര്‍വിസ് പിഴവുകളിലൂടെ കാലിക്കറ്റിന് പോയന്റ് സമ്മാനിച്ചു. എറിന് വര്‍ഗീസിന്റെ ആക്രമണം പ്രതിരോധിച്ച് സാന്ഡോവല് കാലിക്കറ്റിന്റെ ലീഡ് ഉയര്‍ത്തി. എന്നാല്‍, സൂപ്പര്‍ പോയന്റ് അവസരത്തില്‍ തകര്‍പ്പന്‍ സ്പൈക്കിലൂടെ വാള്‍ട്ടര്‍ കൊച്ചിയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ശുഭം ചൗധരിയുടെ സൂപ്പര്‍ സര്‍വില്‍ കൊച്ചി ഒപ്പമെത്തുകയും ചെയ്തു. എന്നാല്‍, ജെറോമിന്റെ അടി കൊച്ചി പ്രതിരോധത്തില്‍ തട്ടി പുറത്തുപോയതോടെ ആവേശകരമായ സെറ്റ് 15-14ന് കാലിക്കറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ തുടക്കത്തില്‍ പിടിച്ചുനിന്ന കൊച്ചി പക്ഷേ, ജെറോമിന്റെ തകര്‍പ്പന്‍ സ്പൈക്കുകളില്‍ വിരണ്ടു. എറിന് വര്‍ഗീസും ശുഭം ചൗധരിയും തകര്‍പ്പന്‍ കളിയിലൂടെ കൊച്ചിയെ നാലാം സെറ്റിൽ വിജയത്തിലെത്തിച്ചു. അഞ്ചാം സെറ്റിൽ ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും മികച്ചുനിന്ന കൊച്ചി സെറ്റും മത്സരവും സ്വന്തമാക്കി.
ഇന്ന് രാത്രി ഏഴിന് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സിനെ നേരിടും. .30ന് കഹൈദരാബാദ് ബ്ലാക്ഹോക്സും മുംബൈ മിറ്റിയോർസും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.