മത്സരത്തിന് മുമ്പ് പി.ടി. ഉഷ വിളിച്ചു; പി.ടി. സമൃദ്ധ ഉഷാറായി
text_fieldsകുന്നംകുളം: ‘മൂത്ത’യുടെ കീഴിൽ അഭ്യസിച്ച് അവരുടെ ഇഷ്ടഇനം തിരഞ്ഞെടുത്ത് സംസ്ഥാന സ്കൂൾ മീറ്റിലെ ജൂനിയർ പെൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ സ്വർണം നേടി പി.ടി. സമൃദ്ധ. ഒളിമ്പ്യൻ പി.ടി. ഉഷയുടെ സഹോദരി പി.ടി. സുമയുടെ മകളായ കോഴിക്കോട് പൂവമ്പായി എ.എം.എച്ച്.എസ്.എസിന്റെ സമൃദ്ധയെ കഴിഞ്ഞ അഞ്ച് വർഷമായി പരിശീലിപ്പിക്കുന്നത് മൂത്ത എന്ന് അവൾ വിളിക്കുന്ന സാക്ഷാൽ പി.ടി. ഉഷതന്നെ. കാലിലെ പരിക്ക് കാരണം കഴിഞ്ഞ മീറ്റിൽ മത്സരിക്കാൻ കഴിയാതിരുന്ന സമൃദ്ധ ഇത്തവണ കിടുക്കി.
സമൃദ്ധക്ക് പിന്നിലായി സഹപാഠിയും മഹാരാഷ്ട്രക്കാരിയുമായ നന്ദിനി സീതാറാം കസ്കർകൂടി എത്തിയത് കോഴിക്കോടിന് ഇരട്ടി മധുരമായി. പ്ലസ് വൺ വിദ്യാർഥിനികളായ ഇരുവരും ഒരുമിച്ചാണ് പരിശീലനവും പഠനവുമെല്ലാം. ഉഷ സ്കൂളിൽ സെലക്ഷൻ കിട്ടിയതോടെ സമൃദ്ധക്ക് പരിശീലനത്തിലുൾപ്പെടെ നന്ദിനി മികച്ച എതിരാളിയുമായി.
പി.ടി. ഉഷയുടെ ഇഷ്ടഇനമായ 400 മീ. ഹർഡിൽസിലേക്ക് മകളെ തിരിച്ചുവിട്ടതും ഉഷതന്നെ. മത്സരത്തിന് ഇറങ്ങുന്നതിന് മുമ്പ് ‘മൂത്ത’ വിളിച്ചിരുന്നെന്നും മാർഗനിർദേശങ്ങൾ ഇരുവർക്കും നൽകിയിരുന്നെന്നും സമൃദ്ധ പറഞ്ഞു. ശിവശങ്കറാണ് സമൃദ്ധയുടെ പിതാവ്. പി.ടി. അനുഗ്രഹാണ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.