അർജുന അവാർഡ് നിഷേധിച്ചതിനെതിരെ രഞ്ജിത് മഹേശ്വരി ഹൈകോടതിയിൽ
text_fieldsകൊച്ചി: അർജുന അവാർഡ് നിഷേധിച്ചതിനെതിരെ ഒളിമ്പ്യനും മലയാളി ട്രിപ്പിൾ ജംബ് താരവുമായ രഞ്ജിത് മഹേശ്വരി ഹൈകോടതിയിൽ ഹരജി നൽകി. ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന പേരിലാണ് അവാർഡ് നിഷേധിച്ചത്. ചടങ്ങിന് മുമ്പ് പിന്മാറാൻ കായിക വകുപ്പ് സെക്രട്ടറി ആവശ്യപ്പെട്ടെന്നും ഹരജിയിൽ പറയുന്നു.
2013ൽ തന്നെ അർജുന അവാർഡിനായി പരിഗണിച്ചിരുന്നു. രാഷ്ട്രപതി ഭവനിൽ അവാർഡ് ദാന ചടങ്ങ് നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പങ്കെടുക്കേണ്ടെന്ന് കേന്ദ്ര കായിക മന്ത്രാലയത്തിൽ നിന്ന് അറിയിപ്പ് കിട്ടിയത്. 2008ൽ നടത്തിയ പരിശോധനയിൽ താൻ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി വ്യക്തമാക്കുന്ന ഫലം കൈവശമുണ്ടെന്നാണ് കേന്ദ്ര കായിക വകുപ്പ് പറഞ്ഞത്.
എന്നാൽ, അതേകുറിച്ച് തനിക്ക് യാതൊരു അറിവുമില്ല. പിന്നീട് അർജുന അവാർഡിനായി തന്നെ പരിഗണിച്ചിട്ടില്ല. കേന്ദ്ര കായിക വകുപ്പ് പുറത്തിറക്കിയ ഉത്തേജ മരുന്ന് ഉപയോഗിച്ചവരുടെ പട്ടികയിലും തന്‍റെ ഉൾപ്പെട്ടിരുന്നില്ല.
കഴിഞ്ഞ വർഷം കായിക ജീവിതത്തിൽ നിന്ന് വിരമിച്ചു. എന്നാൽ, തനിക്ക് അർഹതപ്പെട്ട 2013ലെ അർജുന അവാർഡ് ഇതുവരെ ലഭിച്ചിട്ടില്ല. ഇത് ലഭിക്കാൻ വേണ്ട നടപടികൾ കോടതി സ്വീകരിക്കണം. പൊതുസമൂഹത്തിൽ താൻ ഇപ്പോഴും അപമാനിതനായി നിൽകുകയാണെന്നും ഹരജിയിൽ രഞ്ജിത് മഹേശ്വരി ചൂണ്ടിക്കാട്ടുന്നു.
ഹരജി പരിഗണിച്ച ഹൈകോടതി അർജുന അവാർഡ് നിഷേധിച്ച വിഷയത്തിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.