ശിവശിവാ.. റെക്കോഡിനും മീതേ റെക്കോഡ്...
text_fieldsകൊച്ചി: ആദ്യം 12 വർഷം മുമ്പത്തെ സംസ്ഥാനത്തെ റെക്കോഡ് തിരുത്തി... അതു മതിയാവാഞ്ഞിട്ട് വീണ്ടും ചാടി മറ്റൊരു റെക്കോഡിട്ടു, അതും ദേശീയ റെക്കോഡിനെ മറികടക്കുന്ന ഉയരത്തിൽ. പിന്നെയും കൂടുതൽ ഉയരം കീഴടക്കി. എന്നിട്ടും പോരാഞ്ഞിട്ട് വീണ്ടും പുതിയ ഉയരം കീഴടക്കി... പോൾവോൾട്ട് സീനിയർ വിഭാഗത്തിൽ എറണാകുളം കോതമംഗലം മാര്‍ബേസില്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ശിവദേവ് രാജീവാണ് റെക്കോഡുകളുടെ രാജകുമാരനായത്. 4.10 മീറ്റർ ഉയരം മുതലായിരുന്നു ശിവദേവിന്റെ പ്രകടനം ആരംഭിച്ചത്. 4.40 മീറ്റർ വരെ എളുപ്പത്തിൽ കീഴടക്കിയ ശിവ ആദ്യം തകർത്തത് 2012ലെ കോതമംഗലം സെന്റ് ജോർജ് എച്ച്.എസ്.എസിലെ വിഷ്ണു ഉണ്ണിയുടെ 4.50 മീറ്റർ ഉയരം എന്ന റെക്കോഡാണ്. പിന്നാലെ 4.62 മീറ്റർ ഉയരത്തിൽ ചാടിയതോടെ 4.61 എന്ന ദേശീയ റെക്കോഡിനും മുകളിലായി. പിന്നാലെ 4.70 എന്ന ഉയരം മൂന്നാം ശ്രമത്തിലും 4.80 എന്ന ഉയരം രണ്ടാം ശ്രമത്തിലും കീഴടക്കി.
തുടർന്ന് അഞ്ച് മീറ്റർ എന്ന സ്വപ്ന ലക്ഷ്യത്തിനായി പരിശ്രമിച്ചെങ്കിലും കീഴടക്കാനായില്ല. എങ്കിലും അവസാനത്തെ സംസ്ഥാന മേളയിൽ റെക്കോഡിനും മീതെ റെക്കോഡിട്ട് മടങ്ങുന്നതിന്റെ അഭിമാനത്തിലും സന്തോഷത്തിലുമാണ് ശിവദേവ്. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ പോള്‍വോള്‍ട്ടിലെ റെക്കോര്‍ഡ് ശിവദേവിന്റെ പേരിലാണ് (4.07 മീറ്റര്‍). കോലഞ്ചേരി വലമ്പൂർ കുപ്രത്തില് വീട്ടില്‍ രാജീവന്-ബീന ദമ്പതികളുടെ മകനായ ശിവദേവ് കഴിഞ്ഞ രണ്ടു തവണ ദേശീയ മീറ്റിൽ വെള്ളി നേടിയിരുന്നു.
ണ്ടാം സ്ഥാനം നേടിയത് സഹപാഠിയും ഉറ്റസുഹൃത്തുമായ ഇ.കെ. മാധവാണ്. 4.40 മീറ്റർ കീഴടക്കിയ ശേഷമാണ് മാധവ് രണ്ടാമതെത്തിയത്. തമ്മനം ഇടക്കച്ചപറമ്പിൽ കുറ്റിക്കാട്ട് പരേതനായ കൃഷ്ണകുമാറിന്റെയും കവിതയുടെയും മകനാണ് മാധവ്. കോവിഡ് ബാധിച്ചു മരിച്ച അച്ഛനു വേണ്ടി പോൾവോൾട്ടിലേക്കിറങ്ങിയതാണ് ഈ മിടുക്കൻ. ശിവദേവിന്റെയും മാധവിന്റെയും പ്രകടനത്തിൽ ഏറെ അഭിമാനമുണ്ടെന്ന് ഇരുവരുടെയും കോച്ചായ സി.ആർ. മധു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.